കെഎസ്ആര്‍ടിസി: മാനേജ്‌മെന്റ് തീരുമാനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ തുടക്കമെന്ന് ആരോപണം

Friday 7 September 2018 1:08 am IST

കോഴിക്കോട്: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ തുടക്കമാണെന്ന് ആരോപണമുയരുന്നു. ഇതിനെതിരെ  ഭരണ കക്ഷി യൂണിയനുകള്‍ അടക്കം പ്രക്ഷോഭത്തിലേക്ക്. ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിരന്തരമായി വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഭരണകക്ഷി യൂണിയനുകളടക്കം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഡീസലിന്റെ അമിത ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാവിലെ 11 നും ഉച്ചകഴിഞ്ഞ് രണ്ടു മണിക്കുമിടയിലുള്ള ട്രിപ്പുകള്‍ കുറയ്ക്കണമെന്ന്  ആഗസ്റ്റ് 29ന് കെഎസ്ആര്‍ടിസി എം.ഡി ഉത്തരവിട്ടിരുന്നു. ഓപ്പറേഷന്‍ 20 ശതമാനം കുറവ് വരുത്തണമെന്നാണ് നിര്‍ദേശമെങ്കിലും പ്രധാന ഷെഡ്യൂളുകളടക്കം  റദ്ദാക്കുകയാണ് ഫലത്തിലുണ്ടായത്.  ഡീസല്‍  ലാഭിക്കാനെന്ന പേരില്‍  നടത്തിയ പരിഷ്‌കരണങ്ങളാണ് ജനദ്രോഹമായി മാറിയത്. 

കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനത്തിന്റെ ഏകദേശം 50 ശതമാനം തുക ഡീസലിനു വേണ്ടിയാണ് ചെലവാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഡിയുടെ  വിശദീകരണമുണ്ടെങ്കിലും നിരവധി ഷെഡ്യൂളുകളാണ് ഓരോ ഡിപ്പോയിലും മുടങ്ങുന്നത്.  ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നീക്കിവെക്കുന്ന പണം മാറ്റിവെച്ചാണ് ഡീസല്‍ വാങ്ങാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനിടയില്‍ നിലക്കയ്ല്‍, പമ്പ സര്‍വീസുകള്‍ക്കായി 250 ബസ് വാടകയ്‌ക്കെടുത്തതും വിവാദമായിട്ടുണ്ട്.

ആവശ്യമായ ബസ്സുകള്‍ ഉണ്ടായിട്ടും വാടകയ്‌ക്കെടുത്തത് എന്തിനാണെന്ന് വിശദീകരിക്കണമെന്നാണ് യൂണിയന്‍ നേതാക്കളുടെ ആവശ്യം. വാടക ബസ്സില്‍ കണ്ടക്ടര്‍ ഇല്ല. ഡ്രൈവറും ബസ്സും സ്വകാര്യ വ്യക്തികളില്‍ നിന്നാണ്. നിലയ്ക്കലും പമ്പയിലും കൂപ്പണ്‍ കൗണ്ടറുകള്‍ ആരംഭിച്ചാണ് കണ്ടക്ടറുടെ സേവനം ഒഴിവാക്കിയിരിക്കുന്നത്.  സര്‍വീസ് വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  തൊഴിലാളി യൂണിയനുകള്‍ തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട്  ഭവനു മുന്നില്‍ സത്യഗ്രഹസമരം ആരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതും  ബസ്സുകള്‍ വാടകയ്‌ക്കെടുക്കുന്നതും കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള തീരുമാനങ്ങളാണെന്നും സ്വകാര്യവല്‍ക്കരണത്തിന്റെ തുടക്കമാണെന്നുമാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.