ധൂര്‍ത്ത് വേണ്ട; മേളകള്‍ ഉണര്‍വ്വാകട്ടെ

Friday 7 September 2018 1:11 am IST
''എല്ലാവര്‍ഷവും ചലച്ചിത്രമേളയുടെ നടത്തിപ്പിലെ യഥാര്‍ത്ഥ ചെലവിനേക്കാള്‍ കൂടുതലാണ് ധൂര്‍ത്തായും അധികചെലവായും കളഞ്ഞുകുളിക്കുന്നത്. ഇത്തവണ ധൂര്‍ത്തും അഴിമതിയും ധികച്ചെലവുമൊന്നുമില്ലാതെ ചലച്ചിത്ര മേള നടത്തി മാതൃകയാകണം. കേരളത്തിലെ സിനിമാ സമൂഹവും സിനിമാ സംഘടനകളും സഹകരിച്ചാല്‍ സര്‍ക്കാരിന്റെ ചില്ലിക്കാശ് ചെലവഴിക്കാതെ തന്നെ ചലച്ചിത്രമേള നടത്താവുന്നതേയുള്ളു. കോടികള്‍ ശമ്പളം വാങ്ങുന്ന നമ്മുടെ സിനിമാക്കാരെല്ലാവരും കൂടി ചലച്ചിത്ര അക്കാദമിയെ സഹായിച്ചാല്‍, പ്രളയകാലത്തെ ചലച്ചിത്രോത്സവം നടത്തി നമുക്ക് മാതൃകയാകാം.''

കേരളത്തെ ലോകത്തിനുമുന്നില്‍ അറിയിച്ചിരുന്ന രണ്ട് പ്രധാന പരിപാടികളാണ് രാജ്യാന്തര ചലച്ചിത്രോത്സവവും സംസ്ഥാന സ്‌കൂള്‍ കലോത്സവവും. ലോകോത്തര വേദികളില്‍ കേരളത്തിന്റെ പേര് അടയാളപ്പെടുത്താന്‍ ചലച്ചിത്രോത്സവവും സ്‌കൂള്‍ കലോത്സവവും സഹായിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാരത്തിനും അനുബന്ധ മേഖലകളിലുമെല്ലാം ഉണര്‍വ്വുപകരാനും ഇത് കാരണമായി. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇവരണ്ടും ഇത്തവണ വേണ്ടെന്നു വെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വ്യത്യസ്താഭിപ്രായത്തിന് ഇടയാക്കി. 

മേളകള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന പണച്ചെലവ് നിയന്ത്രിക്കുകയാണ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലുള്ള ലക്ഷ്യം. എന്നാല്‍ ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ കൂടി സര്‍ക്കാര്‍ പഠിക്കേണ്ടതുണ്ട്. 

മഹാപ്രളയം വലിയ ആഘാതമാണ് കേരളത്തിന്റെ സമസ്ത മേഖലകള്‍ക്കും സൃഷ്ടിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ഞൂറോളം പേരുടെ മരണത്തിനും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നാശനഷ്ടങ്ങള്‍ക്കും പ്രളയം കാരണമായി. എല്ലാ മേഖലയിലും മാന്ദ്യം ബാധിക്കുകയും അതില്‍ നിന്ന് കരകയറാന്‍ കഠിന പ്രയത്‌നം അത്യാവശ്യമായി വരികയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ചുരുങ്ങിയത് എട്ടു വര്‍ഷം കൊണ്ടെങ്കിലുമേ പഴയ കേരളത്തെ തിരിച്ചു പിടിക്കാനാകൂ എന്നാണ് വിദഗ്ധാഭിപ്രായം. 

എല്ലാവരും ഒരു മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഭീമമായ പണമാണ് കേരളത്തിന്റെ പുനഃസൃഷ്ടിക്ക് ആവശ്യമായി വരുന്നത്. എല്ലാ മേഖലയില്‍ നിന്നും കേരളത്തിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിനു മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. സഹായമായി ലഭിക്കുന്ന ധനവും മറ്റ് സഹായങ്ങളും സുതാര്യമായി വിനിയോഗിക്കുക എന്നതു തന്നെയാണ് അതില്‍ പ്രധാനം. രാഷ്ട്രീയാതിപ്രസരത്തില്‍ പലതിനും അയിത്തം കല്പിക്കുന്ന കേരളത്തില്‍ അതെത്രത്തോളം സാധ്യമാകുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്ക് മുപ്പതിനായിരം കോടി വേണ്ടിവരുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്ന കണക്ക്. കോടികളുടെ കണക്ക് കൂടികൂടി വരുമ്പോഴും സര്‍ക്കാരിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുന്നു. പ്രളയത്തിനു മുന്നേ തന്നെ കേരളം കടക്കെണിയിലായിരുന്നു. 

ഓണം ആഘോഷിക്കാന്‍ പോലും കടമെടുക്കുന്ന അവസ്ഥയില്‍. പ്രളയം വന്നപ്പോള്‍ ഓണാഘോഷവും വേണ്ടെന്നു വച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അലവന്‍സും കൊടുക്കേണ്ടി വന്നില്ല. ഇപ്പോള്‍ അവരില്‍ നിന്ന് നിര്‍ബന്ധമായി ഒരു മാസത്തെ ശമ്പളം കൂടി വാങ്ങാനുള്ള തീരുമാനത്തിലുമാണ്. പ്രളയം വരുത്തിയ നഷ്ടത്തിന് ഇനം അനുസരിച്ച് പരിഹാരം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  

ഇനം അനുസരിച്ചുള്ള കണക്കെടുപ്പിലാണ് മുപ്പതിനായിരം കോടിയെന്ന തുക സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കല്‍ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സര്‍ക്കാരിലേക്കു വരുന്ന കോടിക്കണക്കിന് രൂപ ഏതു തരത്തില്‍ വിനിയോഗിക്കപ്പെടുമെന്ന ആശങ്കയും അസ്ഥാനത്തല്ല. 

അര്‍ഹതപ്പെട്ടവര്‍ക്ക് ഇതെല്ലാം ലഭിക്കുമോ എന്നതാണ് വലിയ ആശങ്ക. എല്ലാം മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ നമുക്ക് വിലയിരുത്താനാകുക. സുനാമി ദുരിതബാധിതര്‍ക്കായി ലഭിച്ച പണം വകമാറ്റിയതും ധൂര്‍ത്തടിച്ചതും കണ്ടതാണ്. ഏറ്റവും ഒടുവില്‍ ഓഖി ദുരിത ബാധിതരുടെ പണവും വേണ്ടവിധത്തില്‍ വിനിയോഗിക്കപ്പെടാത്തതും വിമര്‍ശനത്തിനു കാരണമായി. 

എല്ലാവരും സഹായിക്കാനായി രംഗത്തിറങ്ങുന്നത് കേരളം ഭാരതഭൂമിയിലെ സവിശേഷമായ ഇടമായതിനാല്‍ തന്നെയാണ്. കേരളം അതിന്റെ പൂര്‍വ്വകാല പ്രൗഢിയോടെ നിലനില്‍ക്കേണ്ടത് മറ്റേതൊരു സംസ്ഥാനവും പോലെ, ഭാരതത്തിന്റെ ആകെ ആവശ്യമാണ്. ആ ഇടം നേടിയെടുക്കാന്‍ നമ്മെ സഹായിച്ചതില്‍ ഒരു പങ്ക് നമ്മുടെ കലകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനത്തിനുമെല്ലാം അവകാശപ്പെട്ടതുമാണ്. 

പ്രളയമുണ്ടായെങ്കിലും അതൊന്നും നമ്മെ ബാധിച്ചിട്ടില്ലെന്നും നമ്മള്‍ ഒറ്റെക്കെട്ടായി മുന്നോട്ട് കുതിക്കുകയാണെന്നും ലോകത്തെ അറിയിക്കുകതന്നെ വേണം. പ്രളയ ബാധിതരുടെ മനസ്സിനും അതിജീവനത്തിനും കരുത്തുപകരാന്‍ അതത്യാവശ്യമാണ്. അതിനായി ആര്‍ഭാടം കുറച്ച്, ധൂര്‍ത്ത് ഒഴിവാക്കി ഇത്തരം മേളകള്‍ നടത്തുകയാണ് വേണ്ടത്. 

1957 മുതല്‍ കേരളത്തില്‍ സ്‌കൂള്‍ കലോത്സവം നടത്തുന്നു. ഏഷ്യയില്‍ ഇത്തരത്തില്‍ മറ്റൊന്നില്ല. 1966, 67, 72,73 വര്‍ഷങ്ങളില്‍ മാത്രമേ കലോത്സവം നടക്കാതിരുന്നിട്ടുള്ളു. അത് രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. 1974നു ശേഷം ഇതുവരെ കലോത്സവം മുടങ്ങിയിട്ടുമില്ല. കലോത്സവം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ഉണര്‍വ്വും മാനസികോല്ലാസവും വിലപ്പെട്ടതാണ്. സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായി ആയിരക്കണക്കിനു കുട്ടികളാണ് ഓരോ വര്‍ഷവും കലോത്സവ വേദികളിലൂടെ തങ്ങളുടെ കലാ-സാഹിത്യ വൈഭവം മാറ്റുരച്ചു പരീക്ഷിക്കുന്നത്. 

കുട്ടികളുടെ കലാ-സാഹിത്യ വൈഭവം പരീക്ഷിക്കപ്പെടാനുള്ള വേദിയെന്നതിനേക്കാളുപരി കേരളത്തിന്റെ സാംസ്‌കാരിക ഭാവങ്ങളെ ഉത്തേജനം നല്‍കി തൊട്ടുണര്‍ത്തുക കൂടിയാണ് കലോത്സവങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍ത്തവ്യം. മലയാളി മറന്നുപോയ പലതരം കലാരൂപങ്ങള്‍, നമ്മുടെ സാംസ്‌കാരിക ഭൂമികയില്‍ നിന്ന് അന്യം നിന്നുപോയ വിവിധങ്ങളായ കലാസൃഷ്ടികള്‍, ഇവയ്‌ക്കെല്ലാം പുനര്‍ജനിക്കാനുള്ള വേദിയാണ് കലോത്സവങ്ങള്‍. 

ഇതുകൂടാതെയാണ് കുട്ടികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക്. കലോത്സവം വേണ്ടെന്നുവച്ചാല്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് എങ്ങനെ നല്‍കുമെന്നത് പ്രധാന പ്രശ്‌നമാണ്. ഏറെ നാളത്തെ  അധ്വാനത്തിന് ശേഷമാണ് ഓരോ വിദ്യാര്‍ത്ഥിയും കലോത്സവത്തിനെത്തുന്നത്. കലാധ്യാപകര്‍, ചമയമിടുന്നവര്‍, ആടയാഭരണങ്ങള്‍ തയ്യാറാക്കുന്നവര്‍ തുടങ്ങി പന്തലുകെട്ടുന്നവരും അലങ്കാരപ്പണികള്‍ ചെയ്യുന്നവരും ഹോട്ടലുകാരും ചായക്കടക്കാരും വരെ കലോത്സവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാണ്.

അവരെയെല്ലാം സര്‍ക്കാര്‍ തീരുമാനം നിരാശയിലാക്കും. ഒന്നരക്കോടിരൂപയാണ് സര്‍ക്കാര്‍ സംസ്ഥാന കലോത്സവത്തിനായി നല്‍കുന്നത്. അതിലേറെ പണം സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തിലും ചെലവഴിക്കുന്നു. ഈ പണമെല്ലാം വിനിയോഗിക്കപ്പെടുന്നതുവഴി പലരിലേക്കും പണമെത്തുകയാണ്. മാന്ദ്യത്തിലായ സമൂഹത്തിന് ഉണര്‍വ്വാകും അത്. ഒരു പക്ഷേ, ഒന്നരക്കോടി സര്‍ക്കാരിലേക്ക് വകകൊള്ളിക്കുന്നതില്‍ കൂടുതല്‍ മൂല്യം കലോത്സവ നടത്തിപ്പിലൂടെ സമൂഹത്തിലേക്കെത്തും. 

എല്ലാ വര്‍ഷവും ഡിസംബര്‍മാസത്തിലാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. പ്രളയത്തിന്റെ കാഠിന്യവും ജനതയുടെ അതിജീവനവും ലോകത്തിനു മുന്നിലവതരിപ്പിക്കാനുള്ള വേദിയായി ചലച്ചിത്രോത്സവത്തെ മാറ്റാന്‍ കഴിയണം. അതിനായി ചലച്ചിത്ര അക്കാദമി തന്നെ പ്രളയകേരളത്തെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കി എല്ലാ വേദിയിലും അവതരിപ്പിക്കട്ടെ. എല്ലാവര്‍ഷവും ചലച്ചിത്രമേളയുടെ നടത്തിപ്പിലെ യഥാര്‍ത്ഥ ചെലവിനേക്കാള്‍ കൂടുതലാണ് ധൂര്‍ത്തായും അധികചെലവായും കളഞ്ഞുകുളിക്കുന്നത്. 

ഇത്തവണ ധൂര്‍ത്തും അഴിമതിയും അധികച്ചെലവുമൊന്നുമില്ലാതെ ചലച്ചിത്ര മേള നടത്തി മാതൃകയാകണം. കേരളത്തിലെ സിനിമാ സമൂഹവും സിനിമാ സംഘടനകളും സഹകരിച്ചാല്‍ സര്‍ക്കാരിന്റെ ചില്ലിക്കാശ് ചെലവഴിക്കാതെ തന്നെ ചലച്ചിത്രമേള നടത്താവുന്നതേയുള്ളു. കോടികള്‍ ശമ്പളം വാങ്ങുന്ന നമ്മുടെ സിനിമാക്കാരെല്ലാവരും കൂടി ചലച്ചിത്ര അക്കാദമിയെ സഹായിച്ചാല്‍, പ്രളയകാലത്തെ ചലച്ചിത്രോത്സവം നടത്തി നമുക്ക് മാതൃകയാകാം. 

ആഘോഷങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയാല്‍ കേരളം ശ്മശാനഭൂമിയാകും. തങ്ങള്‍ എല്ലാം തകര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത സമൂഹമാണെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുക. പ്രളയം സൃഷ്ടിച്ച  ആഘാതത്തേക്കാള്‍ വലിയ വേദനയാകും അത്. അങ്ങനെയുള്ള സമീപനം വിനോദ സഞ്ചാരമുള്‍പ്പടെയുള്ളവയെ തകര്‍ക്കും. സര്‍ക്കാര്‍ തലത്തിലുള്ള അനാവശ്യ യാത്രകളും ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കുകയാണ് വേണ്ടത്. കര്‍ശന സാമ്പത്തിക അച്ചടക്കത്തിലൂടെ വേണം ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പണം കണ്ടെത്തേണ്ടത്. സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയുമെല്ലാം നടത്തുന്നതിലൂടെ ഉന്മേഷവും സംതൃപ്തിയും ആത്മവിശ്വാസവുമുള്ള ജനതയുടെ വീണ്ടെടുപ്പാണ് സാധ്യമാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.