ആരോഗ്യനയത്തിലെ വെല്ലുവിളികള്‍

Friday 7 September 2018 1:12 am IST
മനുഷ്യവികസന സൂചിക കേരളത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ വികസന സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലകളില്‍ നാം നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. എന്തുകൊണ്ട്? ഇതിന് എന്താണ് പരിഹാരം? ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റാണ് കേരളത്തില്‍

പ്രളയം വരുത്തി വച്ച ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണ് കേരളം. പലയിടത്തും വെള്ളം ഇറങ്ങിയതോടെ പ്രശ്നം കുറേ തീര്‍ന്നുവെങ്കിലും അടുത്തിടെ നാം നേരിടുന്ന വലിയൊരു വെല്ലുവിളിയുണ്ട്, ദുരന്തത്തിന്റെ ബാക്കിപത്രമായി വരുന്ന രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും. ഇതിന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നുണ്ട്. 

ആധുനിക കാലഘട്ടത്തിന്റെ അടിസ്ഥാന ശില പൊതുജന ആരോഗ്യത്തില്‍ അധിഷ്ഠിതമാണ്. മനുഷ്യസമ്പത്ത് വളര്‍ന്ന് വികാസപരിണാമം പ്രാപിക്കണമെങ്കില്‍ വ്യക്തമായതും സുതാര്യമായതുമായ ഒരു ആരോഗ്യനയം അനിവാര്യമാണ്. ഇന്നത്തെ അവസ്ഥയില്‍ ആരോഗ്യരംഗം വിവിധ വെല്ലുവിളികളെയാണ് നേരിടുന്നത്. നയരൂപീകരണത്തിലെ പാളിച്ച, ആരോഗ്യരംഗത്തെ നിക്ഷേപത്തിന്റെ പ്രശ്‌നം, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അലംഭാവം എന്നിവ അതില്‍ ചിലതാണ്.

അടുത്തകാലത്തായി വിവിധ അന്തര്‍ദേശീയ ഏജന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ പ്രശംസിച്ചിരുന്നു. എന്നാല്‍ പൊതുജനാരോഗ്യ സൂചിക പിന്നാക്കം പോയാല്‍ അത് മനുഷ്യസമ്പത്തിനെതന്നെ അതായത് മനുഷ്യന്റെ ജോലിചെയ്യാനുളള ശേഷിയെ തന്നെ തകര്‍ക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ആരോഗ്യ രംഗത്ത് സുപ്രധാനമായ ഒട്ടനവധി നേട്ടങ്ങള്‍ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. മെച്ചപ്പെട്ട ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശു-മരണ നിരക്ക്, കുറഞ്ഞ മാതൃ മരണ നിരക്ക് എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. കേരളം ഉണ്ടാക്കിയ ഈ നേട്ടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന ഘടകങ്ങളും അനവധിയാണ്. സാക്ഷരത, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത പൊതു അവബോധം, മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, വിപുലമായ പൊതുജനാരോഗ്യ സംവിധാനം, അധികാര വികേന്ദ്രീകരണം എന്നിവ ഇവയില്‍ പ്രധാനമാണ്. 

എന്നാല്‍ ഇത്രയെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യരംഗത്ത്, വലിയ തകര്‍ച്ചയെയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. പഴയ രോഗങ്ങളുടെ തിരിച്ചുവരവ്, പുതിയ രോഗങ്ങളുടെ ആധിക്യം, ജീവിത ശൈലീരോഗങ്ങളുടെ വര്‍ദ്ധനവ്, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍, ഔഷധങ്ങളുടെ അമിതമായ ഉപയോഗം, വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചിലവ് എന്നിവ ഇവയില്‍ ചിലതാണ്. വര്‍ഷങ്ങളുടെ ശ്രമഫലമായി പൊതുജനാരോഗ്യരംഗത്ത് നാം കൈവരിച്ച നേട്ടങ്ങളത്രയും തകിടം മറിഞ്ഞു പോവുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലെ ആരോഗ്യരംഗത്ത് കാണാന്‍ കഴിയുന്നത്. 

മനുഷ്യവികസന സൂചിക കേരളത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ വികസന സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലകളില്‍ നാം നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. എന്തുകൊണ്ട്? ഇതിന് എന്താണ് പരിഹാരം? ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റാണ് കേരളത്തില്‍. ഏതാണ്ട് 50000ത്തില്‍പ്പരം മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിലവിലുണ്ട്. ഇവയെല്ലാം വിവിധതരത്തില്‍ പ്രതികരണശേഷിയുളളതാണ്. 

ഇതിന്റെ ഫലമാണ് നിരവധി മാരകമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ട് നമ്മുടെ നാടന്‍ ചികിത്സാരിതികള്‍ നമുക്ക് സ്വീകരിച്ചുകൂടാ. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനം എന്തുകൊണ്ട് ഔഷധങ്ങളുടെ ഏറ്റവും വലിയ വിപണിയായി മാറുന്നു? ഇത് പരിശോധിക്കണം. എത്ര കോടിരൂപക്കുളള ഔഷധങ്ങള്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വാങ്ങുന്നു? അതിന്റെ ഗുണനിലവാരം എവിടെ നില്‍ക്കുന്നു. ഔഷധനിയന്ത്രണ വകുപ്പ് ഇക്കാര്യങ്ങളില്‍ എന്ത് സമീപനങ്ങളാണ് കൈക്കൊള്ളുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. 

പല രാജ്യങ്ങള്‍ക്കും അവരുടെ പൗരാണികമായ ചികിത്സാരീതികള്‍ നിലനില്‍ക്കുന്നു. ലോകാരോഗ്യസംഘടന ഹേഗില്‍ ചേര്‍ന്ന കോണ്‍ഫറന്‍സില്‍ ചില വസ്തുതകള്‍ അക്കമിട്ട് നിരത്തുകയുണ്ടായി. അതായത് അലോപ്പതി, ഹോമിയോ, ആയുവ്വേദം ഇതിന്റെയെല്ലാം ഒരു മിശ്രിതമാണ് ചികിത്സാരംഗത്ത് അഭികാമ്യമെന്ന്. ദേശീയ ആരോഗ്യനയം 1983 ലും 2002 ലും തയ്യാറാക്കിയിരുന്നു.  2015 ലെ ആരോഗ്യനയം വ്യക്തമായി ചില ലക്ഷ്യത്തോടെ രൂപപ്പെടുത്തിയതാണ്. 

ഇതില്‍ പ്രധാനം ആരോഗ്യരംഗത്തെ മൗലിക അവകാശമാക്കി മാറ്റിയെന്നതാണ്. കൂടാതെ ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യമരുന്നുവിതരണവും രോഗികളെ പരിശോധിക്കലും ഇതിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തില്‍ ഊന്നിയുളള നയമായിരുന്നു പിന്നീടുണ്ടായത്. സ്വകാര്യ ആശുപത്രികളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനുളള അവകാശവും ഇത്തരം നയരൂപീകരണത്തിലൂടെ സ്വീകരിച്ചിരുന്നു.

എന്നാല്‍ അതുപോലെ തന്നെ എന്തേ കേരളം അലോപ്പതിക്ക് ഇത്രയും പ്രാധാന്യം നല്‍കുന്നു? ഇതിന്റെ പിന്നിലെ വാണിജ്യവത്ക്കരണം കേരളം കണ്ടില്ലെന്നു നടിക്കുകണോ? 2003 ല്‍ കേരള ആസൂത്രണബോര്‍ഡ് ആയുര്‍വ്വേദം സ്റ്റാന്റേര്‍ഡൈസ് ചെയ്യുന്ന ഒരു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. 

നിര്‍ഭാഗ്യവശാല്‍ അത് വെളിച്ചം കണ്ടില്ല. ഹോമിയോ മരുന്നുകള്‍ ഒരു പ്രിവന്റീവ് എന്നനിലയില്‍ പ്രസിദ്ധമാണ്. എന്നാല്‍ അലോപ്പതി ലോബി ഇതിന് തടസ്സം നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആയുവ്വേദം, ഹോമിയോ, അലോപ്പതി ഇതിന്റെയെല്ലാം ഒരു മിക്‌സ്ച്ചര്‍ ആണ് സത്യത്തില്‍ വേണ്ടത്. ഈ വിഷയം നമ്മുടെ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്. 

ഇവിടെ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങള്‍ ആരോഗ്യരംഗം വളരെ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് ഔഷധങ്ങളുടെ ഉപഭോഗം ഗണ്യമായി ഉയരുന്നു? ഇത്തരത്തില്‍ ഉപയോഗിക്കുന്ന പല മരുന്നുകളും പാര്‍ശ്വഫലങ്ങള്‍ ഉളളതാണ്. ഇതുവഴി നിരവധി രോഗങ്ങള്‍ക്ക് അടിമപ്പെടുകയാണ് നാം വീണ്ടും. ഇവിടെ പ്രസക്തമാകുന്ന ഒരു വിഷയം രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം പ്രതിരോധിക്കുക എന്നത് തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.