വനിതാ കമ്മീഷന്റെ നിലപാട് ശരിയായില്ല

Friday 7 September 2018 1:14 am IST

സിപിഎം നേതാവ് പി.കെ.ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ വിഷയത്തില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഈ നിലപാട് തെറ്റായി പോയി... എല്ലാവര്‍ക്കും മനുഷ്യ സഹജമായ തെറ്റ് തന്നെയല്ലെ സംഭവിക്കുന്നതെന്ന വിലയിരുത്തലില്‍ എന്ത് ന്യായീകരണമാണുള്ളത്. .

ഇത് വനിതാ കമ്മീഷന്റെ നിലപാട് തന്നെയാണോ... തെറ്റ് ആര് ചെയ്തിട്ടുണ്ടെങ്കിലും അവരെ ശിക്ഷിക്കണം അതിനു പരിശ്രമിക്കേണ്ട കമ്മീഷന്റെ നിരുത്തരവാദപരമായ പെരുമാറ്റം ശരിയല്ല... എന്തിനാണ് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ അന്വേഷണം നടത്താന്‍ ശ്രമിക്കാത്ത രീതിയില്‍ സംസാരിക്കുന്നത്. 

വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും എല്ലാക്കാര്യത്തിലും ഇടപെടുന്ന വനിതാ കമ്മീഷന് സഖാക്കളുടെ കാര്യത്തില്‍ മുട്ടിടിക്കുകയാണോ?. പൊതുജനത്തെ വിഡ്ഢികളാക്കുന്ന കമ്മീഷന്റെ നിലപാട് ശരിയല്ല.

അരുണ്‍, ചങ്ങനാശ്ശേരി

എന്തേ അറസ്റ്റ് വൈകുന്നു?

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിന് കാരണം പൊലീസിലും രാഷ്ട്രീയത്തിലും ബിഷപ്പിനുള്ള പിടിപാട് തന്നെയാണ് എന്നകാര്യം വ്യക്തമാണ്. 

അന്വേഷണ പുരോഗതികള്‍ ബിഷപ്പിനെ അപ്പോള്‍ അറിയ്ക്കുവാന്‍ ഇവരിലുള്ള ഉദ്യോഗസ്ഥതലത്തിലുള്ള ചില ചാരന്മാര്‍ ശ്രമിക്കുന്നുമുണ്ട്. ഇത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തില്‍ പഴുതുകള്‍ ഉണ്ടാക്കും. ഇക്കാര്യങ്ങള്‍ ഏത് കൊച്ചു കുഞ്ഞിനുപോലും അറിയാം. 

സാധാരണക്കാരന്‍ ചെറിയൊരു തെറ്റിനുപോലും കൂടുതല്‍ നടപടികള്‍ നേരിടുമ്പോള്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഇവരെയെല്ലാം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്.

സാം എബ്രഹാം, കൊല്ലം

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം

കേരള ഹൈക്കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നിരവധി സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇത്തരത്തില്‍ കെട്ടികിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്. സര്‍ക്കാര്‍ ഇതേ കുറിച്ച് കൂടുതല്‍ ഗൗരവമായി കാണണം. കൂടുതല്‍ കോടതികള്‍ അനുവദിക്കുകയും ഒഴിവുള്ള തസ്തികകള്‍ നികത്തുകയും വേണം.

വാദം പൂര്‍ത്തിയായ കേസുകളില്‍ പോലും കാലതാമസം ഉണ്ടാകുന്നുണ്ട്. ഇതിനായി കൂടുതല്‍ അതിവേഗ കോടതികള്‍ വേണം. വേഗത്തില്‍ നീതി നടപ്പാക്കി കിട്ടുക എന്നുള്ളതും ജനങ്ങളുടെ അവകാശമാണ്. കേരളത്തിലെ മജിസ്ട്രേറ്റ് കോടതികളിലും കേസുകള്‍ സമാനമായ രീതിയില്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവിലൂടെ കേസുകള്‍ വേഗത്തിലാക്കാണമെന്നും ലോക് അദാലത്തുകള്‍ സജീവമാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ അവ ക്യത്യമായി നടപ്പാക്കപ്പെട്ടില്ല. 

ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് കൂനിന്‍മേല്‍ കുരു എന്ന പോലാണ് തസ്തികകള്‍ നികത്തുവാന്‍ കഴിയാത്ത പ്രശ്‌നം. പരാതിക്കാരന് നീതി ലഭിക്കുന്നതിലെ കാലതാമസം മാത്രമല്ല ഇവിടെ പ്രശ്‌നം. ഫലപ്രദമായും കാര്യക്ഷമമായും നീതി നടപ്പാക്കാനുള്ള നീതിന്യായ വ്യവസ്ഥിതിയുടെ കാര്യക്ഷമതയെയാണ് ഇത്തരം കാര്യങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. പലപ്പോഴും കേസുകളുടെ എണ്ണം കൂടുന്നതോടെ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലതാമസവും കൂടുകയാണ്. 

അബ്ദുള്‍ റഷീദ്, തിരുവനന്തപുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.