ലൈംഗിക പീഡന പരാതി ആയുധമാക്കി യെച്ചൂരി

Friday 7 September 2018 1:21 am IST
സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ മൂന്നാഴ്ചയായി മൂടിവെച്ച ലൈംഗിക പീഡന പരാതിയാണ് യെച്ചൂരി ഇടപെട്ട് പുറത്തുകൊണ്ടുവന്നത്. സംസ്ഥാന ഘടകത്തോട് ചോദിക്കാതെ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി ഇടപെട്ടതും പരാതി ലഭിച്ചെന്ന് സ്ഥിരീകരണം നടത്തിയതും കേരളാ ഘടകത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്ന കേരളാ ഘടകത്തിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലഭിച്ച അപ്രതീക്ഷിത ആയുധമായി പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതി. പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ മുതല്‍ പോളിറ്റ് ബ്യൂറോയിലെ വൃന്ദാ കാരാട്ട് വരെ മൂടിവെയ്ക്കാന്‍ ശ്രമിച്ച സംഭവത്തിന് ജീവന്‍ വെച്ചത് യെച്ചൂരിയുടെ ഇടപെടലോടെയാണ്. പരാതി പൂഴ്ത്താന്‍ ശ്രമിച്ച വൃന്ദയ്‌ക്കെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ട്.  യെച്ചൂരിയുടെ  ഇടപെടലില്‍ കേരളാ ഘടകത്തിനും അതൃപ്തിയാണ്.

സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ മൂന്നാഴ്ചയായി മൂടിവെച്ച ലൈംഗിക പീഡന പരാതിയാണ് യെച്ചൂരി ഇടപെട്ട് പുറത്തുകൊണ്ടുവന്നത്. സംസ്ഥാന ഘടകത്തോട് ചോദിക്കാതെ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി ഇടപെട്ടതും പരാതി ലഭിച്ചെന്ന് സ്ഥിരീകരണം നടത്തിയതും കേരളാ ഘടകത്തെ ചൊടിപ്പിച്ചിട്ടുണ്ട്. യെച്ചൂരിയുടെ നടപടിക്കെതിരെ കേരളഘടകം അതൃപ്തി അറിയിച്ചിട്ടുമുണ്ട്. ലൈംഗികപീഡന പരാതി സംബന്ധിച്ച് പിബി പ്രസ്താവന ഇറക്കേണ്ടിയിരുന്നില്ലെന്ന നിലപാടാണ് കേരള നേതൃത്വത്തിനുള്ളത്. ഇതേ തുടര്‍ന്നാണ് പരാതിയുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കേണ്ടിവന്നത്. പെണ്‍കുട്ടിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ നീക്കം.

ആഗസ്റ്റ് 14ന് നല്‍കിയ പരാതി സപ്തംബര്‍ മൂന്നാം തീയതി വരെ വൃന്ദ മൂടിവെച്ചു. ഒടുവില്‍ പെണ്‍കുട്ടി യെച്ചൂരിക്ക് ഇമെയിലില്‍ പരാതി അയച്ചതോടെ പിറ്റേന്നു ചേര്‍ന്ന പിബി യോഗത്തില്‍ യെച്ചൂരി വിഷയം അവതരിപ്പിച്ചു. വൃന്ദയും പ്രകാശ് കാരാട്ടും പരാതിക്കാരിക്കെതിരായ നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിക്കേണ്ട അവസ്ഥ കേന്ദ്ര നേതൃത്വത്തിന് വന്നു ചേരുകയായിരുന്നു. 

ഇത്രയധികം സമ്മര്‍ദമുണ്ടായിട്ടും  പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതാണ് സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ ശശിയെ രക്ഷിച്ചെടുക്കുക എളുപ്പമല്ല. പെണ്‍കുട്ടിക്കെതിരെ വധഭീഷണി പോലും ചില സിപിഎം നേതാക്കള്‍ നടത്തിയെങ്കിലും സ്ഥലം എംപി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ പെണ്‍കുട്ടിയെ സംരക്ഷിക്കുന്നുണ്ട്. യെച്ചൂരിയും പാലക്കാട്ട് നിന്നുള്ള എംഎല്‍എ കൂടിയായ വി.എസ്. അച്യുതാനന്ദനും വിഷയത്തില്‍ നടത്തുന്ന ഇടപെടലുകളാണ് സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും പാര്‍ട്ടിയിലെ ഭിന്നത ശക്തിപ്പെടാന്‍ കാരണമാകുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.