മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് വീടു കൊള്ളയടിച്ചു

Friday 7 September 2018 1:20 am IST
30 പവന്‍ ആഭരണങ്ങളും 15,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡും കവര്‍ച്ച ചെയ്തു. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. തളിപ്പറമ്പ് എല്‍ഐസി ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായ ഭാര്യ സരിതയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് വീടു കൊള്ളയടിച്ചു. 30 പവനും 15,000 രൂപയും  കവര്‍ന്നു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് ആയുധധാരികളായ മുഖംമൂടി സംഘം അതിക്രമം നടത്തിയത്. 

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് അടുത്ത് തെഴുക്കിലെപീടിക ഉരുവച്ചാലില്‍, വിനോദ് ചന്ദ്രന്‍ താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ച് കയറി നാലംഗ സംഘം ഇരുവരേയും മര്‍ദിക്കുകയും കെട്ടിയിട്ട ശേഷം മോഷണം നടത്തുകയും ചെയ്തത്. 30 പവന്‍ ആഭരണങ്ങളും 15,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡും കവര്‍ച്ച ചെയ്തു. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. തളിപ്പറമ്പ് എല്‍ഐസി ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായ ഭാര്യ സരിതയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു.

പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് പുറത്ത് പോയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പുമുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മോഷ്ടാക്കള്‍ ഇവരെ ആക്രമിച്ച് കൈകാലുകള്‍ കെട്ടിയിട്ടു. 

വായും മൂടിക്കെട്ടി. മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ 4 മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും പരിക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ് ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും മംഗളൂരുവിലും ബംഗളൂരുവിലുമായി പഠിക്കുകയാണ്. പോലീസിന്റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.