രാജീവ്ഗാന്ധി വധം: പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കണമെന്ന് സുപ്രീംകോടതി

Friday 7 September 2018 1:31 am IST

ന്യൂദല്‍ഹി: ജീവപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ അപേക്ഷ തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 2015 ഡിസംബര്‍ 30 ന് നല്‍കിയ അപേക്ഷയില്‍ ഗവര്‍ണര്‍ ഇതുവരെയും തീരുമാനം എടുത്തിരുന്നില്ല. അതുകൊണ്ട് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

 പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാലും ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നിയമപ്രകാരം ഇത് പ്രയോഗിക്കാന്‍ അവസരം നല്‍കണമെന്നും ആയിരുന്നു പ്രതികളുടെ ആവശ്യം. ഇക്കാര്യം ഗവര്‍ണര്‍ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.

പ്രതികളുടെ വധശിക്ഷ നേരത്തെ ജീവപര്യന്തമായി സുപ്രീംകോടതി കുറച്ചിരുന്നു. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഉചിതമായ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി ഗവര്‍ണറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.