സ്വവര്‍ഗരതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞത്

Friday 7 September 2018 1:28 am IST

ന്യൂദല്‍ഹി: പരസ്പര സമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതിന് നിരവധി ന്യായീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

1  സ്വവര്‍ഗരതി കുറ്റകരമാക്കുന്ന 377-ാം വകുപ്പ് യുക്തിരഹിതമാണ്. താല്‍ക്കാലികമാണ്, സ്വവര്‍ഗരതിക്കാര്‍ക്ക് തുല്യത ലഭിക്കുന്നതിനെ തടയുന്ന ഒന്നാണ്.

2  എതിര്‍ക്കാനുള്ള അവകാശം സുരക്ഷാവാല്‍വായാണ് ഭരണഘടന കാണുന്നത്. നമുക്ക് ചരിത്രം മാറ്റാനാവില്ല. എന്നാല്‍ നല്ല ഭാവിക്ക് വഴി തുറക്കാം.

3  സ്വവര്‍ഗരതിക്കാരോടുള്ള അയിത്തം ഇല്ലാതാക്കാന്‍ കേന്ദ്രം സുപ്രീംകോടതി വിധിക്ക് നല്ല പ്രചാരം നല്‍കണം.

4  സ്വവര്‍ഗരതിക്കുള്ള ആഗ്രഹം മനോരോഗമല്ല. പാര്‍ലമെന്റും ഈ സത്യം അംഗീകരിച്ചിട്ടുണ്ട്.

5 സമൂഹത്തിലെ മറ്റുള്ളവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്വവര്‍ഗരതിക്കാര്‍ക്കുമുണ്ട്.

6 മൃഗങ്ങളോടുള്ള ലൈംഗികാതിക്രമം 377-ാം വകുപ്പുപ്രകാരം കുറ്റകരമായി തന്നെ തുടരും.

7 സ്വവര്‍ഗരതി കുറ്റകരമായതിനാല്‍ ഇത്തരക്കാര്‍ ഒറ്റപ്പെട്ടു. അവരുടെ അന്തസ്സ് നശിപ്പിച്ചു. ജീവിക്കാനുള്ള അവകാശം ഇല്ലാതായി.

8  സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ രക്ഷയ്ക്ക് പുരോഗമനാത്മകവും പ്രായോഗികവുമായ കാഴ്ചപ്പാട് കോടതിക്ക് കൈക്കൊള്ളേണ്ടതുണ്ട്. കാലം മാറുന്നതനുസരിച്ച് നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതുണ്ട്.

9 കോടതിക്ക്, സ്വവര്‍ഗരതിക്കാര്‍ അടക്കം സമൂഹത്തിലെ മുഴുവന്‍ പേരുടെയും അന്തസ്സ് കാത്തുരക്ഷിക്കേണ്ടതുണ്ട്. ലൈംഗികചോദന സ്വഭാവികമാണ്. ആള്‍ക്കാര്‍ക്ക് അതില്‍ ഒരു നിയന്ത്രണവുമില്ല.

10  സാമൂഹ്യധാര്‍മികത വ്യക്തികളുടെ അവകാശങ്ങള്‍ ലംഘിക്കരുത്.

11 സ്വവര്‍ഗരതിയെ കുറ്റകരമായി കാണുന്ന വിധി അംഗീകരിക്കുന്നത് പിന്തിരിപ്പന്‍ നടപടിയാണ്.

12  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപദ്രവകരമല്ലെങ്കില്‍, പരസ്പര സമ്മതത്തോടെ, പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍, സ്വകാര്യയിടങ്ങളിലുള്ള ലൈംഗികബന്ധം നിഷേധിക്കാനാവില്ല. അത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളാണ്.

13  377-ാം വകുപ്പ് കോളനിവല്‍ക്കരണത്തിന്റെ അവശേഷിപ്പാണ്. അത് സ്വാതന്ത്ര്യാനന്തരവും തുടരുകയായിരുന്നു.

14  പരസ്പരം സ്‌നേഹിക്കാനുള്ള  സ്വവര്‍ഗരതിക്കാരുടെ ആഗ്രഹങ്ങളെ 158 വര്‍ഷം പഴക്കമുള്ള നിയമം വഴി കൂട്ടിലിട്ടിരിക്കുകയാണ്.

15 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും സ്വവര്‍ഗരതിക്കാര്‍ക്ക് ലൈംഗിക ബന്ധങ്ങള്‍ക്ക് തുല്യ അവകാശം നല്‍കാനുള്ള നടപടികള്‍ പാര്‍ലമെന്റ് കൈക്കൊണ്ടില്ല.

സ്വകാര്യതയുടെ ലംഘനം: ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂദല്‍ഹി: സ്വവര്‍ഗരതി വിലക്കുന്നത് വഴി വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുകയാണ്. വിധിയില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് അവരുടെ സ്വകാര്യജീവിതം നിയന്ത്രിക്കാനാവില്ല. കോളോണിയല്‍ വാഴ്ചക്കാലത്തെ പ്രേതങ്ങളെ ആട്ടിയകറ്റാനുള്ള നടപടികളില്‍ ഒന്നു മാ്രതമാണ് സ്വവര്‍ഗരതിയെ കുറ്റകരമല്ലാതാക്കിയത്.

യുഎന്‍ സ്വാഗതം ചെയ്തു

ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. ഇത് സ്വവര്‍ഗരതിക്കാര്‍ക്ക് മുഴുവന്‍ മൗലികാവകാശങ്ങളും ലഭ്യമാക്കാനുള്ള നടപടികളിലേക്ക് നയിക്കുമെന്ന് കരുതുന്നു, യുഎന്‍ പ്രതികരിച്ചു.

ചരിത്രം മാപ്പു പറയണം: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ന്യൂദല്‍ഹി: സ്വവര്‍ഗരതിക്കാരോട് ചരിത്രം മാപ്പു പറയണമെന്ന് ചരിത്രവിധി കുറിച്ച ശേഷം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. സ്വവര്‍ഗരതിക്കുള്ള ആഗ്രഹം സ്വാഭാവികമാണെന്ന് സമൂഹത്തിന് അറിയാത്തതിനാല്‍, അവര്‍ നേരിട്ട പീഡനങ്ങള്‍ ഭയനകമാണ്. അത് അവരുടെ മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.