മെഡിക്കല്‍ കോളേജുകളിലെ പ്രവേശന വിവാദം: അന്തിമ വാദം ഇന്ന്

Friday 7 September 2018 1:29 am IST

ന്യൂദല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന വിവാദത്തില്‍ സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം. കേസ് ഇന്നലെ പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 

തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്ആര്‍ എന്നീ നാല് കോളേജുകളിലെ പ്രവേശന നടപടികള്‍ നിലവില്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസില്‍ അന്തിമ വിധി ഇന്നുണ്ടാകുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്നലെ കോടതി ചേര്‍ന്നപ്പോള്‍ അറിയിച്ചു. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശന അനുമതി നിഷേധിച്ച നാലു കോളേജുകളും ഹൈക്കോടതിയെ സമീപിച്ച് അനുമതി വാങ്ങി എടുക്കുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പോലും നടത്താതെ അനുമതി നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി വരുന്നത്.

ഹൈക്കോടതി വിധിയുടെ ബലത്തില്‍ നാലു കോളേജുകളും പ്രവേശന നടപടികള്‍ ആരംഭിച്ചെങ്കിലും സുപ്രീംകോടതി ഇടപെടലുണ്ടായതോടെ പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തെ അംഗീകരിക്കില്ലെന്നും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുറത്തു പോകേണ്ടിവരുമെന്നുമുള്ള സൂചനകള്‍ സുപ്രീംകോടതി കഴിഞ്ഞദിവസം നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.