ദ്യോക്കോവിച്ച്, ഒസാക്ക സെമിയില്‍

Friday 7 September 2018 1:38 am IST

ന്യൂയോര്‍ക്ക്: ആറാം സീഡ് നൊവാക് ദ്യോക്കോവിച്ചും ജപ്പാന്റെ നവോമി ഒസാക്കയും യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.

ലോക രണ്ടാം നമ്പറായ റോജര്‍ ഫെഡററെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് സെമിയിലെത്തിയത്. അമ്പത്തിയഞ്ചാം റാങ്കുകാരനായ മില്‍മാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-4, 6-4.

ദ്യോക്കോവിച്ച് സെമിയില്‍ കീ നിഷികോരിയെ നേരിടും. ജപ്പാനീസ് താരമായ നിഷികോരി അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ മാരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. സ്‌കോര്‍ 2-6,6-4, 7-6 (5), 4-6, 6-4. മത്സരം നാല് മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ടു. നിഷികോരിക്ക് മധുര പ്രതികാരമായി ഈ വിജയം. 2014 ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ മാരിന്‍ സിലിച്ച് , നിഷികോരിയെ തോല്‍പ്പിച്ച് കിരീടം നേടി.

ലെസിയ സുരങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നവോമി ഒസാക്ക സെമിയിലെത്തിയത്. ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ഓപ്പണിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ജപ്പാന്‍ വനിതയാണ് ഒസാക്ക.

ഒസാക്ക സെമിയില്‍ അമേരിക്കയുടെ പതിനാലാം സീഡായ മാഡിസണ്‍ കീസിനെ നേരിടും. സ്പാനിഷ് താരമായ കാര്‍ല സുവാരസ് നവാരോയെ അനായാസം മറികടന്നാണ് മാഡിസണ്‍ കീസ് സെമിയിലെത്തിയത്. സ്‌കോര്‍ : 6-4, 6-3.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.