സ്വകാര്യ സ്‌കൂള്‍ ഫീസ് മാനേജ്‌മെന്റ് തീരുമാനിക്കും: ഹൈക്കോടതി

Friday 7 September 2018 3:55 am IST

കൊച്ചി: സ്വകാര്യ സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഫീസ് നിര്‍ണയം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ചുമതലയാണെന്നും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇതില്‍ അഭിപ്രായം പറയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിനായി നിലവില്‍ ചട്ടമില്ല. ഇക്കാര്യത്തില്‍ സി.ബി.എസ്.ഇയുടെ മാര്‍ഗനിര്‍ദേശവുമില്ല. ആ നിലയ്ക്ക് സ്‌കൂളിലെ ഫീസ് എത്രയാണെന്ന് അധികാരികള്‍ക്ക് നിര്‍ണയിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാ മന്ദിര്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 

സ്‌കൂളിലെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ രക്ഷിതാക്കളില്‍ ചിലര്‍ നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് പ്രതിഷേധക്കാരുടെ കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയത്. 

സ്‌കൂളില്‍ നിന്ന് പുറത്താക്കിയ അഞ്ച് കുട്ടികളെ തിരിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പുറത്താക്കിയ മറ്റു കുട്ടികളെ വീണ്ടും പ്രവേശിപ്പിക്കുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നു ഹൈക്കോടതി വിലയിരുത്തി.

ഇവരില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മാത്രം തിരിച്ചെടുക്കാനും കോടതി  നിര്‍ദേശം നല്‍കി. കുട്ടി പത്താം ക്ലാസിലാണെന്ന പരിഗണനയിലാണ് ഈ നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.