ദുരിതാശ്വാസത്തിലെ പാളിച്ച; ബിജെപി പ്രതിഷേധം സംഘടിപ്പിക്കും

Friday 7 September 2018 4:04 am IST
പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ 14ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യാഗ്രഹം അനുഷ്ഠിക്കും. 17ന് ജില്ലാതലത്തില്‍ പ്രതിഷേധദിനം ആചരിക്കും. 18 മുതല്‍ 25 വരെ പ്രളയബാധിത മേഖലകളില്‍ പഞ്ചായത്തുതലത്തില്‍ സായാഹ്ന ധര്‍ണകള്‍ നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

കൊച്ചി: പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ പരാജയവും കെടുകാര്യസ്ഥതയും രാഷ്ട്രീയ പക്ഷപാതവും ആരോപിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗംപോലും മുടങ്ങുന്ന നാഥനില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന ഭരണമെന്ന് ബിജെപി ആരോപിച്ചു. 

പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ 14ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യാഗ്രഹം അനുഷ്ഠിക്കും. 17ന് ജില്ലാതലത്തില്‍ പ്രതിഷേധദിനം ആചരിക്കും. 18 മുതല്‍ 25 വരെ പ്രളയബാധിത മേഖലകളില്‍ പഞ്ചായത്തുതലത്തില്‍ സായാഹ്ന ധര്‍ണകള്‍ നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. 

ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങള്‍ പ്രളയബാധിത മേഖലകളും അണക്കെട്ടുകളും സന്ദര്‍ശിക്കും. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംഘങ്ങള്‍ തയാറാക്കും. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദുരന്തത്തെക്കുറിച്ച് അറിയിക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം ലഭിക്കാന്‍ നിവേദനവും സമര്‍പ്പിക്കാന്‍ തീരുമാനമായി. 

ദുരിതാശ്വാസം നല്‍കുന്നതില്‍ തത്വദീക്ഷയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടിയുടെ അടിത്തറ വളര്‍ത്താന്‍ വഴിയാക്കുന്നതിലാണ് പ്രതിഷേധം. ക്യാമ്പുകള്‍ വിട്ടുപോകുമ്പോള്‍ പതിനായിരം രൂപ നല്‍കുമെന്ന വാഗ്ദാനം നടപ്പായില്ല. നീതിപൂര്‍വമല്ല നടപടികള്‍. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ പകരം ചുമതല നല്‍കാത്തതിനാല്‍ നാഥനില്ലാത്ത അവസ്ഥയിലാണ് ഭരണം. മന്ത്രിമാര്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടുന്നു. അഞ്ചു കോടി രൂപയിലേറെ ലാഭമുള്ള കമ്പനികള്‍ രണ്ടു ശതമാനം ലാഭവിഹിതം പ്രളയ ദുരിതാശ്വാസത്തിന് നല്‍കണമെന്ന് കേന്ദ്രം ഉത്തരവിട്ടെങ്കിലും അവ ലഭ്യമാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.