നിര്‍ബന്ധമായി ശമ്പളം പിടിക്കാന്‍ നീക്കം; ജീവനക്കാര്‍ നിയമനടപടിക്ക്

Friday 7 September 2018 4:08 am IST

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. ശമ്പളം പിടിക്കരുത് എന്നുള്ളവര്‍ എഴുതിനല്‍കണമെന്നാണ് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ സമ്മതം അറിയിക്കുന്നവരുടെ മാത്രം ശമ്പളം പിടിക്കാനേ നിയമപരമായി കഴിയൂ എന്ന നിലപാടിലാണ് ജീവനക്കാര്‍.

ഓണക്കാലത്ത് നല്‍കുന്ന ഫെസ്റ്റിവല്‍ അലവന്‍സ് ഇത്തവണ ജീവനക്കാര്‍ക്ക് പ്രളയത്തിന്റെ പേരില്‍ നല്‍കിയിരുന്നില്ല. അതുവഴി സര്‍ക്കാരിന് ലഭിച്ചത് 102 കോടി രൂപയാണ്. ഇതിനുപുറമേയാണ് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം. പ്രളയദുരന്തമനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ എട്ട് ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരിതാശ്വാസക്യാമ്പുകളിലായിരുന്നു. ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ പ്രതിസന്ധിയിലാകുമെന്നാണ് ജീവനക്കാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ലോണ്‍, ചിട്ടി അടവുകള്‍ മുടങ്ങും. വീട്ടുചെലവുകളും കുട്ടികളുടെ പഠനച്ചെലവുകളും നിര്‍വഹിക്കാന്‍ കഴിയാതെയാകും. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ നീക്കം. 

ഫെസ്റ്റിവല്‍ അലവന്‍സ് കൂടാതെ രണ്ട് ദിവസത്തെ ശമ്പളം കൂടി നല്‍കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ തയാറായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ധനവകുപ്പ് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ഇടതുപക്ഷ യൂണിയന്‍ പ്രത്യേകമായി യോഗം ചേര്‍ന്ന് ദേശാഭിമാനിക്ക് ജീവനക്കാരെ വരി ചേര്‍ത്ത രീതിയില്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. സ്ഥാപനമേധാവികളും ജീവനക്കാരുടെ യോഗം വിളിച്ച് ശമ്പളം നല്‍കണമെന്ന് പറയുന്നുണ്ട്. നല്‍കില്ലെന്ന് പറയുന്നവരെ സ്ഥലം മാറ്റുമെന്നാണ് ഭീഷണി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ആയിരം കോടിയിലധികം രൂപയുടെ സംഭാവന ലഭിച്ചിട്ടുണ്ട്. ഇതൊന്നും ആരുടേയും പ്രേരണയാലല്ല ലഭിച്ചത്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിവുള്ള ജീവനക്കാര്‍ അതിനു തയാറായിട്ടുമുണ്ട്. ബുദ്ധിമുട്ടുള്ളവരെ നിര്‍ബന്ധിക്കരുതെന്നും കഴിയുന്നത് നല്‍കാന്‍ അനുവദിക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. 

ഓഖി ദുരന്തം ഉണ്ടായപ്പോള്‍ ജീവനക്കാര്‍ 32 കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കി. എന്നാല്‍ ആകെ ലഭിച്ച 218 കോടിയില്‍ 65 കോടി മാത്രമാണ് ചെലവഴിച്ചത്. ദുരന്തങ്ങളെ പണം പിരിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കാണുന്നത്. പ്രളയദുരന്തത്തിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങളും തടയാനാണ് നീക്കം. പേ റിവിഷന്റെ നാലാം ഗഡു ഒക്‌ടോബര്‍ മാസത്തില്‍ നല്‍കേണ്ടത് നല്‍കാതിരിക്കാനാണ് നീക്കം. അഞ്ച് ശതമാനം ക്ഷാമബത്ത കുടിശിക നല്‍കാനുള്ളതും ഉടന്‍ നല്‍കില്ല. ലീവ് സറണ്ടര്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് വകകൊള്ളിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.