പ്രളയം; കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കും: ജെ.പി നദ്ദ

Friday 7 September 2018 11:27 am IST
സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും. കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നല്‍കുമെന്നും ജെ.പി നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ. കേരളത്തിലുണ്ടായത് വലിയ ദുരന്തമാണെന്നും പ്രകൃതിക്ഷോഭത്തില്‍ വലിയ നാശങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം നെടുമ്പാശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും. കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നല്‍കുമെന്നും ജെ.പി നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പ്രളയത്തില്‍ പ്രവര്‍ത്തനം നിലച്ച ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാനം നടത്തിയത് നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനുമാണ് തന്‍റെ സന്ദര്‍ശനം. സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് നിലവിലുണ്ട്. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു. തൃശൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കിക്കാണുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രിയും അദ്ദേഹത്തിനൊപ്പം അനുഗമിക്കുന്നുണ്ട്. ചാലക്കുടിയിലെ ക്യാമ്പുകളില്‍ തുടരുന്നവരെയും മന്ത്രി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം എറണാകുളത്തെ സിയാല്‍ ഉള്‍പ്പെടെ പ്രളയബാധിത പ്രദേശങ്ങളും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജയുമായി നെടുമ്പാശേരിയിലെ സാജ് ഹോട്ടലില്‍ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ നടക്കുന്ന വാര്‍ത്താസമ്മേളനത്തിന് ശേഷം നെടുമ്പാശേരിക്ക് സമീപത്തെ മള്ളുശേരി ക്യാമ്പും സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.