വീഴ്ത്തിയ 'ബെല്‍ഗാം' തന്നെ ബിജെപിയെ തുണയ്ക്കുമോ?

Friday 7 September 2018 1:28 pm IST
ബിജെപിക്ക് സര്‍ക്കാര്‍ നഷ്ടമായപ്പോള്‍ ബെല്‍ഗാം ജില്ലയാണ് അതിന് കാരണമായതെന്ന് പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ അതേ ബെല്‍ഗാം ജില്ല തന്നെ അധികാരത്തിലേറാന്‍ ബിജെപിയെ തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരു: എട്ട് സീറ്റുകളുടെ അഭാവത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ നഷ്ടമായപ്പോള്‍ ബെല്‍ഗാം ജില്ലയാണ് അതിന് കാരണമായതെന്ന് പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ അതേ ബെല്‍ഗാം ജില്ല തന്നെ അധികാരത്തിലേറാന്‍ ബിജെപിയെ തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ല തൂത്തുവാരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബെല്‍ഗാമിലെ 18 സീറ്റുകളില്‍ നിന്ന് ഒമ്പത് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ജില്ലയില്‍ നിന്ന് വിജയിച്ച് എംഎല്‍എമാരും മന്ത്രിമാരുമായ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലെ നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞു പോര് തുടങ്ങി കഴിഞ്ഞു.

മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയും എംഎല്‍എയുമായ ലക്ഷ്മി ഹെബാല്‍ക്കര്‍, സഹോദരന്‍മാരും എംഎല്‍എമാരുമായ സതീഷ് ജാര്‍കിഹോളിയും രമേശ് ജാര്‍കിഹോളിയും, ജലസേചന മന്ത്രി ഡികെ സിവകുമാര്‍ എന്നിവര്‍ തമ്മിലുള്ള സ്വരചേര്‍ച്ചയിലായ്മ ബിജെപിക്ക് അനുകൂല ഘടകമാകുമെന്നാണ് പ്രധാന വിലയിരുത്തല്‍. രമേശ് ജാര്‍കിഹോളി കുമാരസ്വാമി സര്‍ക്കാരിലെ മന്ത്രി കൂടിയാണ്. 

സതീഷും രമേശുമായി ലക്ഷ്മിക്കുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പോന്നതാണ്. ഇരുവരും നേരത്തെ ഏറ്റവും അടുത്ത ബന്ധത്തിലായിരുന്നു. എന്നാല്‍ സഹോദരന്‍മാരെ തമ്മിലടിപ്പിക്കുന്നതിന് മുന്‍കൈയ്യെടുത്തതും ലക്ഷ്മിയായിരുന്നു. ഇപ്പോഴും ഈ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. സംസ്ഥാനത്തെ ഏറെ സ്വാധീനിക്കുന്ന മണ്ഡലമാണ് ബെല്‍ഗാം. കൂടാതെ സംസ്ഥാന രാഷ്ട്രീയത്തിലെ ചാണക്യനായ ഡികെ ശിവകുമാറാണ് ഇതിനുള്ളില്‍ കളിക്കുന്ന മറ്റൊരു പ്രധാന വില്ലന്‍. 

ലക്ഷ്മി സംസ്ഥാനത്ത് 50000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച നേതാവാണ്. അവരുമായി വലിയൊരു ബിസിനസ് ബന്ധമുണ്ട് ഡികെ ശിവകുമാറിന്. ഈ ബിസിനസ് എന്താണെന്നതില്‍ അവ്യക്തതയുണ്ട്. രമേഷുമായി ലക്ഷ്മി അടുപ്പം പുലര്‍ത്തുന്നതാണ് സതീഷിന് പ്രശ്നം. ലക്ഷ്മിക്കെതിരെ നടപടി വേണമെന്നാണ് സതീഷ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ പാര്‍ട്ടി തകരുമെന്ന് വരെ ഭീഷണിയുണ്ട്. ഡികെ ശിവകുമാറിന് ലക്ഷ്മിയുമായുള്ള ബന്ധം രണ്ട് സഹോദരന്‍മാരെയും ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം തന്റെ മണ്ഡലത്തില്‍ രമേഷും സതീഷും അനാവശ്യമായി ഇടപെടുന്നുവെന്നാണ് ലക്ഷ്മി ആരോപിക്കുന്നത്. ജയത്തിന് ശേഷം രമേഷുമായുള്ള ബന്ധം ലക്ഷ്മി അവസാനിപ്പിച്ചതും വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇരുവരും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ച് കഴിഞ്ഞു. പ്രശ്നങ്ങള്‍ അവസാനിപ്പിക്കേണ്ട ചുമതല സിദ്ധരാമയ്യക്കാണ്. എന്നാല്‍ അദ്ദേഹം യൂറോപ്പ് സന്ദര്‍ശനത്തിലാണ്. ഈ സമയത്ത് സര്‍ക്കാര്‍ താഴെ വീണാല്‍ കോണ്‍ഗ്രസിന് നാണക്കേടാണ്. അതുകൊണ്ട് ശിവകുമാറിനോട് ബെല്‍ഗാം രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ജില്ലയിലെ മുന്തിയ നേതാക്കന്‍മാരുടെ സ്വരചേര്‍ച്ചയിലായ്മ അനുകൂലമാക്കാനായാല്‍ ബിജെപി കര്‍ണാടക ഭരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.