ഐഎസ് ബന്ധം: രണ്ട് ഭീകരര്‍ ദല്‍ഹിയില്‍ അറസ്റ്റില്‍

Friday 7 September 2018 6:39 pm IST

ന്യൂദല്‍ഹി: ചെങ്കോട്ടയുടെ സമീപത്തു നിന്ന് രണ്ട് കശ്മീര്‍ ഭീകരരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഓഫ് ജമ്മു കശ്മീരിന്റെ ഭീകരരെയാണ് ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ വ്യാഴാഴ്ച വൈകിട്ട് പിടികൂടിയത്. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് അത്യന്താധുനിക ആയുധങ്ങളും പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്. 

ദല്‍ഹിയിലെത്തിയതു മുതല്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും ചെങ്കോട്ടയ്ക്ക് സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍വെച്ച് പോലീസ് പിടികൂടുകയായിരുന്നു. സ്‌പെഷ്യല്‍ സെല്ലിന്റെ രഹസ്യ കേന്ദ്രത്തില്‍ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ ഭീകരര്‍ കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. 

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ പര്‍വേസ്, ജംഷദ് എന്നിവര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്. മറ്റൊരിടത്തേക്ക് പോകാനുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ദല്‍ഹിയില്‍ പിടിയിലാകുന്നതെന്നും ദല്‍ഹിയില്‍ ഇരുവര്‍ക്കും പ്രത്യേക ദൗത്യങ്ങളൊന്നുമില്ലായിരുന്നെന്ന് ഉറപ്പിച്ചതായും ദല്‍ഹി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.