കേരളത്തിലെ മെഡിക്കല്‍ പ്രവേശന സ്റ്റേ തുടരും

Friday 7 September 2018 6:43 pm IST

ന്യൂദല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച സ്റ്റേ തുടരും. കേസില്‍ ഇന്നലെ അന്തിമ വിധി പറയുമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചെങ്കിലും സാവധാനം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്ന് കോടതി കേസ് പരിഗണിക്കവെ പറഞ്ഞു. 

വരുന്ന ബുധനാഴ്ച കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. വിദ്യാര്‍ഥി പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ നാല് കോളേജുകള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്താം തീയതിക്കകം പ്രവേശന നടപടികള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അതിനാല്‍ കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഓരോ കോളേജുകളിലെയും സാഹചര്യങ്ങള്‍ പ്രത്യേകമായി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് കോടതി വ്യക്തമാക്കി. 

തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്ആര്‍ എന്നീ നാല് കോളേജുകളിലെ പ്രവേശന നടപടികളാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി അനുമതി തേടി വിദ്യാര്‍ഥി പ്രവേശനം നടത്തിയ നാലു മെഡിക്കല്‍ കോളേജുകളിലുമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം അംഗീകരിക്കാനാവില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.