ഹഠയോഗ പ്രദീപിക

Saturday 8 September 2018 2:40 am IST

ഗോധൂമ യവ ഷാഷ്ടിക ശോഭനാന്നം

ക്ഷീരാജ്യ ഖണ്ഡ നവനീത സീതാ മധൂനി

ശുണ്ഠീ പടോലകഫലാദിക പഞ്ചശാകം

മുദ്ഗാദി ദിവ്യമുദകം ച യമീന്ദ്രപഥ്യം (1-62)

 

ഗോതമ്പ്, നെല്ല്, യവം, ഞവര, മുതലായ ധാന്യങ്ങളുടെ പവിത്രമായ ചോറും പാല്‍, നെയ്യ്, ശര്‍ക്കര, വെണ്ണ, കല്‍ക്കണ്ടം, തേന്‍, ചുക്ക്, പടവലം മുതലായ അഞ്ചു പച്ചക്കറികള്‍, ചെറുപയര്‍, ശുദ്ധജലം എന്നിവയും യോഗികള്‍ക്ക് പഥ്യമാണ്. തവിടു കളയാത്ത ധാന്യങ്ങള്‍ ശരീരത്തിന് വേണ്ട പോഷകാംശം നല്‍കുന്നു. പാലും നെയ്യും മത്രമല്ല ഗോരസങ്ങളെല്ലാം ലൗകിക ഭക്ഷണമാണ്. നെയ്യ് കൊഴുപ്പാണെന്നു പറയുന്നവരുണ്ട്. ദഹനത്തിന്നു ദോഷമെന്നു പറയുന്നവരും. എന്നാല്‍ നെയ്യ് അകത്തു ചെന്നാല്‍ ദഹനത്തിന് ഗുണമാണെന്നാണ് ആയുര്‍വേദ മതം. യോഗശാസ്ത്രവും അതു തന്നെ പറയുന്നു. പാലും വെണ്ണയും കട്ടു തിന്നുന്ന ശ്രീകൃഷ്ണകഥ യോഗിയുടെ ഭക്ഷണത്തിന്റെയും സൂചനയാണ്. ഷാഷ്ടികമെന്നാല്‍ 60 (ഷഷ്ടി) ദിവസം കൊണ്ട് വിളയുന്ന നെല്ല് എന്നര്‍ഥം. ഒരുതരം ഞവരനെല്ല്. ഖണ്ഡം എന്നാല്‍ അച്ചു ബെല്ലം അഥവാ ശര്‍ക്കര എന്നും സിതാ എന്നാല്‍ വെളുത്ത അതായത് കല്‍ക്കണ്ടം എന്നും എടുക്കണം. അഞ്ചു തരം പച്ചക്കറി ഏതെന്ന് ഇവിടെ പറഞ്ഞിട്ടില്ല. ബാലശാകം, കാലശാകം, പടോലപത്രകം, വാസ്തൂകം, ഹിമലോചിക ഇവയാണ് പഞ്ചശാകം എന്ന് ഘേരണ്ഡ സംഹിത (5- 20) പറയുന്നു. ചക്ഷുഷ്യം ശാകപഞ്ചകം, എന്ന് വൈദ്യശാസ്ത്രം. കണ്ണിന് നല്ലതാണെന്നര്‍ഥം.

ശുദ്ധജലം എന്നതിന് ദിവ്യം ഉദകം എന്നാണ് പറഞ്ഞത്. ആകാശത്തില്‍ (ദിവ്യം) നിന്ന് കിട്ടുന്ന ജലം അതിശുദ്ധമാണ്. തുറന്ന സ്ഥലത്ത് വസ്ത്രം നിവര്‍ത്തിക്കെട്ടി അതിലൂടെ ജലം ശേഖരിക്കുന്ന രീതി പല ഇടങ്ങളിലും നടപ്പുണ്ട്. 

യോഗിയെ യമീന്ദ്രന്‍ എന്നാണ് പറഞ്ഞത്. യമം അനുഷ്ഠിക്കുന്നവരില്‍ മുഖ്യന്‍, സാധക വര്യന്‍, സാധനാ നിരതന്‍.

പുഷ്ടം സുമധുരം സ്‌നിഗ്ധം

ഗവ്യം ധാതുപ്രപോഷണം

മനോഭിലഷിതം യോഗ്യം

യോഗീ ഭോജനമാചരേത്  (1-63)

പോഷകവും, മധുരമുള്ളതും, എണ്ണമയമുള്ളതും, പാല്‍, നെയ്യ് എന്നിവ ചേര്‍ത്തതും, ധാതു പോഷകവും, മനസ്സിനിഷ്ടപ്പെട്ടതും, യോഗ്യവുമായ ഭക്ഷണമാണ് യോഗി കഴിക്കേണ്ടത്. ശരീര പോഷണത്തിനുതകുന്ന ധാന്യങ്ങളും, മധുരവും, പാല് നെയ്യ് (പശുവിന്റേത് ഉത്തമം)മുതലായവയും ചേര്‍ക്കണം. രുചികരമാവണം എന്നാല്‍ യോഗ്യവുമാവണം. രുചിയുള്ളതെല്ലാം യോഗ്യമാവണമെന്നില്ല. 

ത്വക്ക്, മാംസം, രക്തം, അസ്ഥി, മജ്ജ, മേദസ്സ് (കൊഴുപ്പ്), ശുക്ലം എന്നിവയാണ് സപ്തധാതുക്കള്‍. ധാതുക്കളെ പോഷിപ്പിക്കുന്നതാവണം ഭക്ഷണം. ഭോജനം ആചരേത് എന്നാണ് പറഞ്ഞത്. ഭക്ഷണം ആഘോഷമല്ല, ആചരണമാണ്, തപസ്സിന്റെ ഭാഗമാണ്.

യുവാ വൃദ്ധോ ള തിവൃദ്ധോ വാ

വ്യാധിതോ ദുര്‍ബലോ ള പി വാ

അഭ്യാസാത് സിദ്ധിമാപ്‌നോതി

സര്‍വയോഗേഷ്വതന്ദ്രിതഃ (1-64)

യുവാവോ വൃദ്ധനോ അതിവൃദ്ധനോ രോഗിയോ ദുര്‍ബലനോ ആരുമാകട്ടെ മടി കൂടാതെ യോഗാഭ്യാസം ചെയ്താല്‍ സിദ്ധി ലഭിക്കുക തന്നെ ചെയ്യും. 

പ്രായമോ ശാരീരിക സ്ഥിതിയോ അല്ല സ്ഥിര പരിശ്രമമാണ് സിദ്ധി നേടിത്തരുന്നതെന്നര്‍ഥം. രാവിലെ 4.30 ന് എഴുന്നേല്‍ക്കാന്‍ അലാം വെക്കുകയും ഉണര്‍ന്നപ്പോള്‍ കുറച്ചു കൂടിക്കഴിഞ്ഞ് എഴുന്നേല്‍ക്കാമെന്ന് വിചാരിച്ച് കിടക്കുകയും പിന്നെ ഏഴു മണിക്കു മാത്രമറിയുകയും ചെയ്തവരെ എനിക്കറിയാം. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് 4.30 വന്നിട്ടില്ല. മടിയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. അതന്ദ്രിതഃ എന്നാല്‍ മടികൂടാതെ, അനല സഃ എന്നു തന്നെ അര്‍ഥം.

ക്രിയായുക്തസ്യ സിദ്ധിഃ സ്യാത്

അക്രിയസ്യ കഥം ഭവേത്

ന ശാസ്ത്രപാഠമാത്രേണ

യോഗ സിദ്ധിഃ പ്രജായതേ  (1- 65)

അഭ്യാസം ചെയ്യുന്നവനേ സിദ്ധി കിട്ടൂ. അല്ലാത്തവനെങ്ങിനെ കിട്ടും? യോഗശാസ്ത്രം പഠിച്ചതുകൊണ്ട് മാത്രം സിദ്ധി ലഭിക്കില്ല.

ന വേഷധാരണം സിദ്ധേഃ

കാരണം ന ച തത് കഥാ

ക്രിയൈവ കാരണം സിദ്ധേഃ

സത്യമേതന്ന സംശയഃ  (1- 66)

സിദ്ധനെപ്പോലെ വേഷം കെട്ടി നടന്നാലോ സിദ്ധന്റെ കഥകള്‍ പറഞ്ഞു നടന്നാലോ സിദ്ധി കിട്ടില്ല. അഭ്യാസം തന്നെ കാര്യം, സംശയമില്ല.

ബിരുദം നേടിയതു കൊണ്ടു മാത്രം ഒരാള്‍ ഡോക്ടറോ എഞ്ചിനീയറോ ആകുമോ? അയാള്‍ പഠിച്ചത് പ്രയോഗിച്ചു നോക്കണം. സ്വന്തമായ അനുഭവം നേടണം. അങ്ങനെ കാലക്രമത്തില്‍ ജയപരാജയങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമെ ഒരു നല്ല ഡോക്ടറോ എന്‍ജിനീയറോ ആകൂ. തനി പ്രായോഗിക ശാസ്ത്രമായ, മനഃശാസ്ത്രമായ യോഗയുടെ കാര്യം പിന്നെ പറയാനുണ്ടോ? യോഗയുടെ ലോകപ്രശസ്തിയും സ്വീകാര്യതയും കൂടി വരുമ്പോള്‍ വേഷം കെട്ടുകാരുടെ എണ്ണവും കൂടുന്നത് സ്വാഭാവികമാണ്. പക്ഷെ യഥാര്‍ഥ യോഗ ശാസ്ത്രത്തില്‍ സിദ്ധി നേടാന്‍ ഇതു തടസ്സമായേക്കാം. സിദ്ധികള്‍ പോലും യോഗ പാതയില്‍ തടസ്സങ്ങളാണ്.(തേ അന്തരായാഃ എന്ന് പതഞ്ജലി മുന്നറിയിപ്പു തരുന്നുണ്ട്.) അഹങ്കാരം വര്‍ധിപ്പിക്കുന്നവയെല്ലാം ലക്ഷ്യപ്രാപ്തിക്കു വിഘ്‌നങ്ങള്‍ തന്നെ.

പീഠാനി കുംഭകാശ്ചിത്രാഃ

ദിവ്യാനി കരണാനി ച

സര്‍വാണ്യപി ഹഠാഭ്യാസേ

രാജയോഗഫലാവധി. (1 - 67)

ആസനങ്ങള്‍, പലതരം പ്രാണായാമങ്ങള്‍, വിശിഷ്ടമായ മുദ്രാദികള്‍ എന്നീ ഹഠാഭ്യാസങ്ങളെല്ലാം രാജയോഗസിദ്ധിവരെ ചെയ്യണം.ഈ രാജയോഗങ്ങള്‍ പരസ്പര പൂരകങ്ങളാണെന്ന് ഉറപ്പിച്ചു പറയുന്നു ഇവിടെ സ്വാത്മാരാമന്‍. രാജയോഗത്തിനാണ് ഹഠയോഗം എന്ന് അന്യത്ര പറയുന്നുണ്ട്. ഹഠയോഗം രാജയോഗത്തിനുള്ള മുന്നഭ്യാസമാണെന്നു സാരം.

ഇതി ശ്രീ സഹജാനന്ദ സന്താന 

ചിന്താമണി സ്വാത്മാരാമ യോഗീന്ദ്ര

വിരചിതായാം ഹഠപ്രദീപികായാം

ആസനവിധികഥനം നാമ പ്രഥമോപദേശഃ

ഇങ്ങിനെ ശ്രീ സഹജാനന്ദ സന്താന ചിന്താമണിയും യോഗീന്ദ്രനുമായ സ്വാത്മാരാമനാല്‍ വിരചിതമായ ഹഠപ്രദീപികയിലെ ആസനവിധി കഥനം എന്ന ഒന്നാം ഉപദേശം (അധ്യായം) സമാപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.