ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍: പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി

Saturday 8 September 2018 2:21 am IST

കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ പി.ജി പ്രവേശനത്തിനായി കേരളത്തിലെ സെന്ററുകളില്‍ നടത്തിയ പരീക്ഷ ഹൈക്കോടതി റദ്ദാക്കി. കൂടാതെ കേരളത്തിലെ അപേക്ഷകര്‍ക്കു മാത്രമായി വീണ്ടും പരീക്ഷ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. 

കേരളം പ്രളയക്കെടുതിയില്‍പ്പെട്ട സമയത്ത് പി.ജി പ്രവേശന പരീക്ഷ നടത്തിയത് ചോദ്യം ചെയ്ത് അപേക്ഷകരായ ചേര്‍ത്തല പട്ടണക്കാട് സ്വദേശി സി.ടി. അമല്‍, കണ്ണൂര്‍ സ്വദേശി ആദര്‍ശ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം.

പി.ജി പ്രവേശനത്തിനു മാത്രമാണ് പുന:പരീക്ഷ നിര്‍ദേശിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ബിരുദ, പിഎച്ച്ഡി പ്രവേശന പരീക്ഷകള്‍ക്കെതിരെ ഹര്‍ജി ആരും നല്‍കാത്ത സാഹചര്യത്തില്‍ ഈ പരീക്ഷകള്‍ വീണ്ടും നടത്തേണ്ടതില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കാര്‍ഷിക സര്‍വകലാശാലകളിലെ 25 ശതമാനം സീറ്റുകള്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനുള്ളതാണെന്നും പലയിടത്തും പി.ജി ക്ലാസുകള്‍ തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പുന:പരീക്ഷ നടത്തുന്നതിനെ എതിര്‍ത്തു. എന്നാല്‍ പ്രളയം കണക്കിലെടുത്ത് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഉചിതമായ നടപടി എടുക്കണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ആഗസ്റ്റ് 18 നാണ് കേരളത്തില്‍ പ്രവേശന പരീക്ഷ നടത്തിയത്. നേരത്തെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ജൂണ്‍ 22 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തിയിരുന്നു. 

എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ പരീക്ഷ റദ്ദാക്കിയ ചെന്നൈ ഹൈക്കോടതി ഓഫ് ലൈനായി പരീക്ഷ നടത്താന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ആഗസ്റ്റ് 18 ന് നിശ്ചയിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പരീക്ഷ സെന്റര്‍ അനുവദിച്ചത്. പ്രളയത്തെത്തുടര്‍ന്ന് കൊച്ചിയിലും സെന്റര്‍ അനുവദിച്ചെങ്കിലും കേരളത്തില്‍ നിന്ന് അപേക്ഷിച്ചവരില്‍ 57 ശതമാനം പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.