കേരളാരോഗ്യത്തിന് കേന്ദ്രം നല്‍കിയത് വന്‍ സഹായം

Friday 7 September 2018 8:30 pm IST

കൊച്ചി: പ്രളയം ബാധിച്ച കേരളത്തില്‍ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് വന്‍ സഹായം. മാനദണ്ഡങ്ങളില്‍ ഇളവുചെയ്ത് 18 കോടി രൂപ സഹായം നല്‍കിയതുള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും ലഭ്യമായിട്ടില്ലാത്ത സഹായങ്ങള്‍. എന്നാല്‍, ഇവയൊക്കെ എത്തേണ്ടവരില്‍ എത്തിയോ എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. 

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ, സംസ്ഥാനം സന്ദര്‍ശിച്ച് വിലയിരുത്തി. ഉയര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുമുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച അദ്ദേഹം സംസ്ഥാനത്തിന് എല്ലാ പിന്‍തുണയും, സഹകരണവും ഉറപ്പ് നല്‍കി.

സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം 48 അവശ്യ മരുന്നുകളുടെ 73 മെട്രിക് ടണ്‍ അടങ്ങുന്ന ആദ്യ ഭാഗം ഇന്ത്യന്‍ വ്യോമസേന വഴി ലഭ്യമാക്കി.  രണ്ടേകാല്‍ കോടി ക്ലോറിന്‍ ഗുളകകള്‍, 80 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡര്‍ എന്നിവയും എത്തിച്ചു.  നാല് ലക്ഷം സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കി, 40 ഫോഗിങ് യന്ത്രങ്ങളും നല്‍കി.പകര്‍ച്ച വ്യാധികള്‍ അല്ലാത്ത രോഗങ്ങളുള്‍പ്പെടെ തടയാന്‍ 120 മെട്രിക് ടണ്‍ വരുന്ന 58 അവശ്യ മരുന്നുകളാണ് ലഭ്യമാക്കിയിട്ടുണ്ട്.എലിപ്പനി വ്യാപകമായ സാഹചര്യത്തില്‍ അതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഡോക്‌സിസൈക്ലിന്‍ മരുന്നിന്റെ 18,00,000 ക്യാപ്‌സ്യൂളുകളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായം നല്‍കുന്നതിന് ബംഗളൂരൂവിലെ നിംഹാന്‍സില്‍ നിന്നുള്ള 40 അംഗ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ഇതുവരെ 5,353 വളന്റിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട 65,155 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്. 17,140 വ്യക്തിഗത കൂടിക്കാഴ്ചകളും 2335 ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. 396 പേരെ കൂടുതല്‍ പരിചരണത്തിന് അയച്ചിട്ടുണ്ട്. 

വെള്ളപ്പൊക്ക ബാധിത ജില്ലകളില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 30 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, 20 ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍, മലയാളം സംസാരിക്കാന്‍ അറിയാവുന്ന 40 നേഴ്‌സുമാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജില്ലാ- താലൂക്ക് ആശുപത്രികളിലാണ് വിന്യസിച്ചിട്ടുള്ളത്.ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ഘടകവും സംസ്ഥാനത്തിന് സഹായം നല്‍കിവരുന്നു.  

രോഗബാധകള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യങ്ങള്‍  ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) നിരന്തരം നിരീക്ഷിച്ച് വരികയാണ് കഴിഞ്ഞ മാസം 21 മുതല്‍ പടരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ സംബന്ധിച്ച് ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരുന്നുണ്ട്. സ്ട്രാറ്റജിക് ഓപ്പറേഷന്‍ സെന്ററുകളും പ്രവര്‍ത്തന ക്ഷമമാക്കി. സംസ്ഥാനത്തെ എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവ സംബന്ധിച്ച് സ്ഥിതിഗതികള്‍ ഡല്‍ഹിയിലെ ഇലക്ട്രോണിക് മെഡിക്കല്‍ റിക്കോര്‍ഡ് വിഭാഗം (ഇ.എം.ആര്‍) ദിനം പ്രതി നിരീക്ഷിച്ച് വരികയാണ്.

സ്ഥിതിഗതികള്‍ നേരിടുന്നതിന്, ദുരിതബാധിത മേഖലകളില്‍ എത്രയും വേഗം എത്തിക്കുന്നതിനായി 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു സംഘത്തെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയാണ്. 12 പൊതുജനാരോഗ്യ സംഘങ്ങളെയും ഉടന്‍ എത്തിക്കുന്നതിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഓരോ സംഘത്തിലും ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഒരു മൈക്രോബയോളജിസ്റ്റ്, ഒരു എന്റമോളജിസ്റ്റ് എന്നിവരുള്‍പ്പെടും. അടിയന്തിര ഘട്ടങ്ങളില്‍ ലഭ്യമാക്കേണ്ട 48 അവശ്യ മരുന്നുകളും കരുതിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.