പ്രളയത്തില്‍ മുങ്ങിയ ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കാന്‍ വൈകും

Saturday 8 September 2018 9:20 am IST

പത്തനംതിട്ട: മഹാപ്രളയത്തില്‍ മുങ്ങിയ നാലുചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ വൈകും. പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനപൂളിന് 29 മെഗാവാട്ട് വൈദ്യുതിയാണ് നഷ്ടമായത്. പവര്‍ഹൗസ് മുങ്ങിപ്പോകുകയും ജനറേറ്ററുകളില്‍ വെള്ളം കയറുകയും ചെയ്ത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ പദ്ധതിക്കും ഉണ്ടായിട്ടുള്ളത്. 

പമ്പയുടെ പോഷകനദിയായ കക്കാട്ടാറ്റിലുള്ള മൂന്ന് പദ്ധതികളും പമ്പയില്‍ തന്നെയുള്ള പെരുന്തേനരുവി പദ്ധതിയുമാണ് പ്രളയത്തെ തുടര്‍ന്ന് നിലച്ചത്. കെഎസ്ഇബിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള റാന്നി-പെരുനാട്, പെരുന്തേനരുവി, സ്വകാര്യ മേഖലയിലെ മണിയാര്‍, അള്ളുങ്കല്‍ പദ്ധതികളാണ് നിലച്ചത്. പെരുനാട്, അള്ളുങ്കല്‍ പദ്ധതികള്‍ ഏതാണ്ട് പൂര്‍ണമായി പുനര്‍നിര്‍മിക്കേണ്ട സാഹചര്യമാണുള്ളത്. ഇത്രയുംകാലം ഉണ്ടാകുന്ന ഉത്പാദനനഷ്ടം വേറെയും. 

ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളില്‍നിന്നും മൂഴിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം നടത്തി പുറത്തേക്കുവിടുന്ന വെള്ളം ഉപയോഗിക്കുന്ന താഴെയുള്ള ചെറുകിട പദ്ധതികളില്‍ ആറെണ്ണത്തില്‍ നാലെണ്ണമാണ് തകരാറിലായത്. ജലസേചനവകുപ്പിന്റെ മണിയാര്‍ സംഭരണിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചു സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ കാര്‍ബോറാണ്ടത്തിന്റെ രണ്ടു ജനററേറ്ററുകളാണ് ചെളിയും വെള്ളവും കയറി തകരാറിലായത്. 12 മെഗാവാട്ട് വൈദ്യുതിയാണ് ഇതുമൂലം നഷ്ടമായത്. 

മണിയാര്‍ ഡാമില്‍നിന്ന് ടണല്‍ വഴിയാണ് പവര്‍ഹൗസിലേക്ക് വെളളം എത്തിക്കുന്നത്. ഇവിടെ വൈദ്യുതി ഉത്പാദിപ്പിച്ചശേഷം കക്കാട്ടാറിലേക്ക് പുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രളയത്തില്‍ കുത്തിയൊഴുകിവന്ന ചെളിയും കല്ലും 15ന് ഉച്ചയോടെ ജനറേറ്ററുകളിലക്ക് തിരിച്ചുകയറിതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്. മണിയാര്‍ ഡാം കവിഞ്ഞൊഴുകിയ ജലമാണ് താഴെയുള്ള പവര്‍ഹൗസുകളെ മുക്കികളഞ്ഞത്. സ്വകാര്യ വൈദ്യുതിനിലയമായ അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്കല്‍സിന്റെ ഭാഗമായ അള്ളുങ്കല്‍ ഡാമിനും പവര്‍ഹൗസിനും പ്രളയം വന്‍നഷ്ടമാണുണ്ടാക്കിയത്. 

വൃഷ്ടി പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലുകളില്‍ നിന്നുളള ചെളിയും വലിയ കല്ലുകളും തടികളും ഡാം കവിഞ്ഞ് പവര്‍ഹൗസിലേക്ക് ഇരച്ചുകയറുകയായിരുന്നു. രണ്ടു വലിയ ജനറേറ്ററുകളും കണ്‍ട്രോള്‍ പാനലുകളും നശിച്ചു. പവര്‍ ഹൗസില്‍നിന്ന് ഡാമിലേക്കുള്ള വഴി ഒലിച്ചു പോയി. 25 കോടിയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏഴ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി 2008ലാണ് കമ്മിഷന്‍ ചെയ്തത്.

ഇതേ കമ്പനിയുടെ കാരിക്കയത്തെ 15 മെഗാവാട്ട് പദ്ധതിക്ക് പ്രളയത്തില്‍ തകരാറുണ്ടായില്ല. കെഎസ്ഇബിയുടെ റാന്നി പെരുനാട് പദ്ധതിക്കും നാശനഷ്ടം ഉണ്ടായി. വെള്ളം പവര്‍ഹൗസ് കെട്ടിടത്തിന്റെ രണ്ടാംനില വരെകയറി. മൂന്നുദിവസം കെട്ടിനിന്ന വെള്ളം നീങ്ങിയപ്പോള്‍ മെഷിനുകളും ജനറേറ്ററുകളും ചെളിയിലായി. അഞ്ച് കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2012ല്‍ കമ്മിഷന്‍ ചെയ്ത പദ്ധതിയില്‍ രണ്ട് ജനറേറ്ററുകളില്‍ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയാണ് ഉത്്പാദിപ്പിച്ചിരുന്നത്. 

റാന്നി പെരുന്തേനരുവിയില്‍ കഴിഞ്ഞ വര്‍ഷം കെഎസ്ഇബി കമ്മിഷന്‍ ചെയ്ത ആറ് മെഗാവാട്ട് പദ്ധതിയുടെ പ്രവര്‍ത്തനവും നിലച്ചു. സ്വിച്ച്യാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ല. ഡാമില്‍ ചെളി നിറഞ്ഞതിനെ തുടര്‍ന്ന് സംഭരണശേഷി കുറഞ്ഞതോടെ ഉത്പാദനം നിര്‍ത്തി. ഡാമിനു പുറത്തുകൂടിയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്. എല്ലാ പദ്ധതികളിലും ചെളിയും കല്ലുകളും നീക്കം ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ആറുമുതല്‍ എട്ടുമാസം വരെ വേണ്ടിവരുമെന്നാണ് കരുതുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.