അന്വേഷണ സംഘം ഉരുണ്ടുകളിക്കുന്നു; ബിഷപ് രാജ്യം വിടാന്‍ സാധ്യത

Saturday 8 September 2018 6:46 am IST

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ബിഷപ്പിന്റെ അറസ്റ്റ് കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു. ബിഷപ്പിനെതിരെ ദിനംപ്രതി കൂടുതല്‍ കന്യാസ്ത്രീകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇനിയും തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞദിവസം സഭവിട്ട കന്യാസ്ത്രീകളില്‍ ചിലര്‍ ബിഷപ്പിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയിരുന്നു. അറസ്റ്റിന് പര്യാപ്തമായ മൊഴികളും തെളിവുകളും ലഭിച്ചിട്ടും അന്വേഷണ സംഘത്തിന് അറസ്റ്റ് കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കാനായിട്ടില്ല. 

ഇതിനിടയില്‍ പോലീസിന്റെ അന്വേഷണം രണ്ടുമാസമായിട്ടും അവസാനിക്കാത്തതിനാല്‍ ബിഷപ് രാജ്യം വിട്ടേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇനിയും പുതിയ പരാതികള്‍ വരുന്നതും കന്യാസ്ത്രീ കോടതിയെ സമീപിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ബിഷപ്് ഇന്ത്യ വിടാന്‍ ഒരുങ്ങുന്നതത്രെ. സഭയുടെ സമ്മര്‍ദത്തില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘവും ബിഷപ്പിന് ഇന്ത്യവിടാന്‍ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്.  

ഇന്ത്യയിലെ ഒട്ടുമിക്ക ബിഷപ്പുമാരും ഫ്രാങ്കോയുടെ വിദേശയാത്രയെ അനുകൂലിക്കുകയാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തുവാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. കന്യാസ്ത്രീ തന്നെ ബിഷപ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട്  നല്‍കിയ മൊഴിയും തന്നെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുപിടിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

ബിഷപ്പിന്റെ അറസ്റ്റ് വൈകും തോറും സഭാവിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയാണ്. കത്തോലിക്കാ സഭയ്ക്കും സന്ന്യാസിനി സമൂഹത്തിനും മൊത്തത്തില്‍ മാനക്കേട് ഉണ്ടാക്കുന്നതാണ് ബിഷപ്പിന്റെ പീഡനവും അതിനോട് സഭാനേതൃത്വം കൈക്കൊള്ളുന്ന നിലപാടുകളെന്നും ഒരുവിഭാഗം വാദിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.