ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തട്ടിപ്പ്: തോട്ടമുടമ രഹസ്യമൊഴി നല്‍കി

Saturday 8 September 2018 9:25 am IST

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പില്‍ കൂട്ടുപ്രതിയായ തോട്ടമുടമ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നല്‍കി. കേസിലെ മൂന്നാം പ്രതിയായ അടൂര്‍ സ്വദേശി സുനീഷാണ് രഹസ്യമൊഴി നല്‍കിയത്. കേസില്‍ മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട്  സി ബി ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ തോട്ടമുടമ 15 ന് ഹാജരാകാന്‍  മജിസ്‌ട്രേട്ട് എ.എസ്. മല്ലിക ഉത്തരവിട്ടു. 

 ഇന്ത്യന്‍ ഓവര്‍സീസ്  ബാങ്കിന്റെ പന്തളം ബ്രാഞ്ചിലാണ്  വസ്തു വാങ്ങല്‍ വായ്പാ തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജര്‍, വസ്തുവിന്റെ മൂല്യ നിര്‍ണയം നടത്തിയ വാല്യുവര്‍ തുടങ്ങിയുള്ള ബാങ്കിലെ മറ്റ്   ജീവനക്കാര്‍ , തോട്ടമുടമകള്‍ എന്നിവര്‍ക്കെതിരെയാണ്  അന്വേഷണം.

 ഒന്നര ഏക്കര്‍  വിസ്തൃതിയുള്ള തോട്ടത്തിന് വിപണി വിലയേക്കാള്‍ അമിതമായ തുക വില നിര്‍ണയിച്ച ശേഷം വാങ്ങിയ ആള്‍ക്ക് ലോണ്‍ നല്‍കിയതായി വ്യാജ ലോണ്‍ രേഖകള്‍ തയാറാക്കി ഏഴു ലക്ഷം രൂപയുടെ തട്ടിപ്പു നടത്തി എന്നാണ് കേസ്. ലോണ്‍ കുടിശ്ശിക വന്നപ്പോള്‍ നിയമ നടപടികളിലേക്ക് ബാങ്കിന്റെ മേലധികാരികള്‍ നീങ്ങിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബാങ്കില്‍ നടന്ന മറ്റു വായ്പ്പാ തട്ടിപ്പുകള്‍ സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തുകയാണ്. 

ലോണ്‍ രജിസ്റ്റര്‍, വാലുവേഷന്‍ രജിസ്റ്റര്‍, ഫയലുകള്‍, ഫോട്ടോ രജിസ്റ്റര്‍  തുടങ്ങിയവയില്‍ കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ഇനിയും കൂടുമെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.