മാവോയിസ്റ്റ് വേട്ട; പലര്‍ക്കും ഇത് ഉറങ്ങാത്ത രാത്രികള്‍

Saturday 8 September 2018 2:53 am IST
മോദി ഭരണത്തെ തകര്‍ക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. അതു ജനാധിപത്യ മാര്‍ഗത്തിലൂടെയല്ല, മറ്റു കുല്‍സിത മാര്‍ഗങ്ങളിലൂടെ. ജനാധിപത്യത്തിലും ഭരണഘടനയിലുമൊന്നും അവര്‍ക്ക് വിശ്വാസമില്ല. ലക്ഷ്യം നേടാന്‍ അവര്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തും. അതിനു രാജ്യത്തെ ചില മുഖ്യധാരാ മാധ്യമങ്ങളും ഇടതു ബുദ്ധിജീവികളും കവചമൊരുക്കും. അക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്. അതു തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ അറസ്റ്റ് പലരുടേയും ഉറക്കം കെടുത്തുന്നുമുണ്ട്.

ഇടതു ചാഞ്ഞു നടക്കുന്ന മാധ്യമ പ്രവര്‍ത്തകരും ഇടതു സഹയാത്രികരും ഈയിടെയായി ഹാലിളകി നടക്കുകയാണല്ലോ. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. നഗര മേഖലകളില്‍ ഒളിഞ്ഞും തെളിഞ്ഞും വിലസിയിരുന്ന അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റിലായല്ലോ. അവരുടെ വീട്ടുതടങ്കല്‍ ഈ മാസം 12 വരെ സുപ്രീം കോടതി നീട്ടിയിരിക്കുകയുമാണ്. കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ നിഗമനം. 

ഒരാഴ്ച മുന്‍പ് പിടിയിലായ ഇവരെ സെപ്റ്റംബര്‍ ആറുവരെ വീട്ടു തടങ്കലിനാക്കാനായിരുന്നല്ലോ ആദ്യ ഉത്തരവ്. അത് തന്നെ വലിയ വിവാദമാക്കാന്‍ ശ്രമം നടന്നിരുന്നു. ഇനി 12ന് അറിയാം കാര്യങ്ങള്‍ എങ്ങനെയെന്ന്. 

എന്തേ ഇവര്‍ പിടിയിലായാല്‍ പലര്‍ക്കും അലോസരം? ഇവരാരും സാദാ കുറ്റവാളികളല്ല എന്നത് ആദ്യകാര്യം. ഇന്ത്യയുടെ തകര്‍ച്ച ലക്ഷ്യമിടുന്ന പ്രസ്ഥാനത്തിന്റെ കണ്ണികളാണ്. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തികളാണ്. എഴുത്തുകാര്‍, നിയമവിദഗ്ധര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നീ നിലകളില്‍ പ്രശസ്തര്‍. ഇവരെ തമ്മില്‍ത്തമ്മില്‍ യോജിപ്പിക്കുന്ന ഘടകം ഒന്നു മാത്രം. നരേന്ദ്ര മോദി വിരോധം.

മോദി ഭരണത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. അതു ജനാധിപത്യ മാര്‍ഗത്തിലൂടെയല്ല, മറ്റു കുല്‍സിത മാര്‍ഗങ്ങളിലൂടെ. ജനാധിപത്യത്തിലും ഭരണഘടനയിലുമൊന്നും അവര്‍ക്ക് വിശ്വാസമില്ല. ലക്ഷ്യം നേടാന്‍ അവര്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തും. അതിനു രാജ്യത്തെ ചില മുഖ്യധാരാ മാധ്യമങ്ങളും ഇടതു ബുദ്ധിജീവികളും കവചമൊരുക്കും. അക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്. അതു തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ അറസ്റ്റ് പലരുടേയും ഉറക്കം കെടുത്തുന്നുമുണ്ട്.  

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ മാവോയിസ്റ്റുകളുടെ വലക്കണ്ണികള്‍ മുറിഞ്ഞുതുടങ്ങി. വരുമാനം തടസ്സപ്പെട്ടു. പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന അവര്‍ക്ക് മോദിയെ ഇല്ലാതാക്കിയേ പറ്റൂ. മോദിയെ വധിക്കാനുള്ള അത്തരമൊരു ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഈ അഞ്ചുപേര്‍ അറസ്റ്റിലായത്. രാജീവ് ഗാന്ധിയെ വധിച്ച രീതി ഇവര്‍ മോദിക്കെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. 

അക്കാര്യത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന വേണ്ടത്ര തെളിവുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. സുധ ഭരദ്വാജ്, ഗൗതം നവ്ലഖ, അരുണ്‍ ഫെരേര, വെര്‍മണ്‍ ഗോണ്‍സാല്‍വസ്, പി.വരവര റാവു എന്നിവരാണ് അറസ്റ്റിലായത്. വെര്‍മണ്‍ ഗോണ്‍സാല്‍വസും വരവര റാവുവും, നിരോധിത മാവോയിറ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന്റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവരും ജയില്‍ ശിക്ഷ അനുഭവിച്ചവരുമാണ്. അതേ വെര്‍മണെ മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നത്രെ. 

വ്യവസ്ഥിതിയോടു പൊരുതണമെങ്കില്‍ കയ്യില്‍ ആയുധം വേണം എന്നു തുറന്നടിച്ച വ്യക്തിയാണ് വരവര റാവു. കശ്മീരില്‍ അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ഗൗതം നവ്ലാഖ. കശ്മീരില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്ക് നേരിടുന്നുമുണ്ട്. വെര്‍മണിന്റെ ഭാര്യ സൂസന്‍ ഏബ്രഹാം അഭിഭാഷകയും മാവോയിസ്റ്റ് ബന്ധമുള്ള ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് പീപ്പിള്‍സിന്റെ പ്രവര്‍ത്തകയുമാണ്. ഭീകരരുടേയും നക്സലുകളുടേയും കേസുകള്‍ മാത്രം വാദിക്കുന്ന അഭിഭാഷകയാണ് സുധ ഭരദ്വാജ്. 

നഗര കേന്ദ്രീകൃതമായ നക്സല്‍ പ്രവര്‍ത്തനം രാജ്യ സുരക്ഷയ്ക്ക് വന്‍ ഭീഷണിയുയര്‍ത്തുന്ന പ്രതിഭാസമാണ്. ഭീകര പ്രവര്‍ത്തകരും വിഘടനവാദികളും ദേശവിരുദ്ധരും അടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട അന്തരീക്ഷവും സൗകര്യവുമൊരുക്കുകയാണിവരുടെ ദൗത്യം. പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടാല്‍ ഇവര്‍ ശബ്ദമുയര്‍ത്തി അതു വലിയ വിവാദമാക്കും. പോലീസ് അംഗങ്ങളോ സുരക്ഷാഭടന്‍മാരോ ആണു കൊല്ലപ്പെടുന്നതെങ്കില്‍ അത് ആഘോഷമാക്കും. 

ഭീകരവാദികളായ യാക്കൂബ് മേമനും അഫ്സല്‍ ഗുരുവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോള്‍ ഇക്കൂട്ടര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ സാമൂഹികമായ ഏറെ അസ്വസ്ഥതകള്‍ നമ്മുടെ രാജ്യം കണ്ടു. എല്ലാത്തിനും പൊതു സ്വഭാവമുണ്ടായിരുന്നു. എല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്.  

യുപിഎ ഭരണകാലത്ത് ജയിലില്‍ കിടന്നവരാണ് ഇതില്‍ പലരും. ചിലര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇവര്‍ക്ക് കവചമൊരുക്കാന്‍ ചില മുഖ്യധാരാ മാധ്യമങ്ങളുണ്ട്. ഇവരെ മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും വിദഗ്ധാധ്യാപകരുമൊക്കെയായി മാധ്യമങ്ങള്‍ ചിത്രീകരിക്കും. പക്ഷേ, ഇവരൊക്കെ എഴുതുന്ന ലേഖനങ്ങള്‍ വായിച്ചാലറിയാം കൂറ് എവിടെയാണെന്ന്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഇവരുടെ ചിന്താഗതിക്ക് വളരാന്‍ മണ്ണൊരുക്കിക്കൊടുത്തു എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. മാധ്യമ രംഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവര്‍ പിടിമുറുക്കിക്കഴിഞ്ഞു. 

അഞ്ചുപതിറ്റാണ്ടു കാലത്തെ കോണ്‍ഗ്രസ് ഭരണത്തിലാണ് ഇവര്‍ സമൂഹത്തിലെയും വ്യവസ്ഥിതിയിലേയും നാനാ മേഖലകളിലേയ്്ക്ക് കടന്നു കയറിയത്. ആ സാമ്രാജ്യം ആദ്യമായി നിരീക്ഷിക്കപ്പെടുകയും പ്രവര്‍ത്തനം തടസ്സപ്പെടുകയും നിയമത്തിനു മുന്നില്‍ വരേണ്ടിവരുകയും ചെയ്യുമ്പോള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം മാത്രം. കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇപ്പോള്‍ പ്രസ്ഥാനം. ഇതുവരെ അണിഞ്ഞിരുന്ന ബുദ്ധിജീവി പട്ടമാണു പലര്‍ക്കും നഷ്ടപ്പെടുന്നത്. വനവാസി മേഖലകള്‍ പലതും അവികസിതമായി കിടക്കാന്‍ കാരണം അവിടുത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യമാണ്. തങ്ങളുടെ താവളങ്ങളില്‍ വികസനം കടന്നു വരാന്‍ മാവോയിസ്റ്റുകള്‍ സമ്മതിക്കില്ല. അതിന് ശ്രമിച്ച ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ അവര്‍ വകവരുത്തിയിട്ടുമുണ്ട്. 

കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും മോദി സര്‍ക്കാരിനെതിരെ പടയൊരുക്കത്തിലാണ്. അറിഞ്ഞും അറിയാതെയും അത് വളമാകുന്നത് ഈ വിഘടന വാദികള്‍ക്കാണ്. മോദി ഭിന്നാഭിപ്രായക്കാരുടെ വായ് മൂടുന്നു എന്നാണ് ആരോപണം. 

കോണ്‍ഗ്രസ് തന്നെ അതു പറയണം. ഏതാനും വര്‍ഷം മുന്‍പ് ഇതേ കോണ്‍ഗ്രസ്സിന്റെ നേതാക്കളെയാണ് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ കൊന്നു വീഴ്ത്തിയത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പി.ചിദംബരം അന്ന് പറയുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ മോദി വിരോധത്തില്‍ അതൊക്കെ മറക്കുന്നു. എല്ലാവരും ഒരുമിക്കുന്നത് ഫലത്തില്‍ മോദിക്കെതിരെയല്ല, ഇന്ത്യയുടെ സുരക്ഷയ്ക്കെതിരെയാണ്. 

(ഇന്‍ഡസ് സ്‌ക്രോള്‍സ് ചീഫ് 

എഡിറ്ററാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.