പണപ്പിരിവിന്റെ പ്രളയം

Saturday 8 September 2018 2:55 am IST
പ്രളയദുരിതം സുവര്‍ണാവസരമായാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കാണുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രളയത്തിന്റെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് മുന്‍പേ സഹസ്രകോടികളുടെ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ദിവസങ്ങള്‍ ചെല്ലുന്തോറും കണക്കുകള്‍ പെരുകിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഓരോ മന്ത്രിയും ഓരോ കണക്കാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴത് 50000 കോടിയില്‍ എത്തിനില്‍ക്കുകയാണ്.

പ്രളയദുരിതത്തില്‍നിന്ന് എങ്ങനെ കരകയറുമെന്നറിയാതെ കേരളം പകച്ചുനില്‍ക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ പണക്കൊതി ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചുവാങ്ങാനുള്ള സര്‍ക്കാരിന്റെ നീക്കം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന പിണറായി വിജയന്റെ ആഹ്വാനത്തോട് സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുവെ അനുകൂലമായാണ് പ്രതികരിച്ചത്. ആയിരത്തോളം ജീവനക്കാര്‍ ഇതിന് സമ്മതിച്ചുകഴിഞ്ഞു. അപ്പോഴാണ് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം നടത്തുന്നത്. ശമ്പളം നല്‍കാത്തവര്‍ക്കുമേല്‍ 'ഡെമോക്രാറ്റിക് പ്രഷര്‍' ഉണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഭീഷണി കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്.

പ്രളയദുരിതം സുവര്‍ണാവസരമായാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കാണുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രളയത്തിന്റെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് മുന്‍പേ സഹസ്രകോടികളുടെ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ദിവസങ്ങള്‍ ചെല്ലുന്തോറും കണക്കുകള്‍ പെരുകിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഓരോ മന്ത്രിയും ഓരോ കണക്കാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴത് 50000 കോടിയില്‍ എത്തിനില്‍ക്കുകയാണ്. 

യഥാര്‍ത്ഥ നാശനഷ്ടവും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന തുകയും തമ്മിലെ പൊരുത്തക്കേട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്ന് പരമാവധി പണം ഈടാക്കുമ്പോള്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴിചാരാനുള്ള അവസരം സൃഷ്ടിക്കുകയുമാണ്. കേരളത്തിന് പുറത്ത് മോദിയുടെ ചിത്രം വച്ച് പണം പിരിക്കുമ്പോള്‍ സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി തരംതാണ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു.

വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, സ്വകാര്യ ബസ് സര്‍വീസുകള്‍, പ്രത്യേക ലോട്ടറി, വിവിധ സംസ്ഥാനങ്ങള്‍, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, പ്രവാസികള്‍, ലോക കേരള സഭ, വിദേശ രാജ്യങ്ങള്‍ എന്നിങ്ങനെ ഐക്യരാഷ്ട്ര സഭവരെ പണം പിരിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗവും സര്‍ക്കാര്‍ ഉപേക്ഷിക്കുന്നില്ല. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിശ്ചിത വരുമാനം മാത്രം ലഭിക്കുന്ന ഒരു സാധാരണ വ്യക്തിക്ക് താങ്ങാവുന്നതല്ല സര്‍ക്കാരിന്റെ ചൂഷണം. പ്രളയത്തെ അതിജീവിച്ചവരെ ഇങ്ങനെ പീഡിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. 

പ്രളയത്തില്‍ മുങ്ങിയ കടകളുടേയും മറ്റും ഷട്ടറുകള്‍ പൊളിച്ച് സാധനങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയവരുടെ മാനസികാവസ്ഥയില്‍നിന്ന് വ്യത്യസ്തമല്ല സര്‍ക്കാരിന്റെയും സമീപനമെന്ന് പറയേണ്ടിയിരിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കാന്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത് സര്‍ക്കാരല്ല, ജനങ്ങളാണ്. ഇവിടങ്ങളില്‍ വന്നവരുടെ കണക്കെടുക്കല്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ പണി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ പരിധിയില്ലാത്ത പണം പിരിച്ച് ഇനിയുള്ള കാലം ഭരണം ആഘോഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുര്‍ഭരണത്തിന്റെ ഫലമായി കുമിഞ്ഞുകൂടിയ കടം ഇപ്പോഴത്തെ പിരിവുപയോഗിച്ച് കൊടുത്തുതീര്‍ക്കാമെന്നും കരുതുന്നുണ്ടാവും. ഇതിനൊക്കെ പുറമെയാണ് ദുരിതാശ്വാസ ഫണ്ടില്‍ കണ്ണുവച്ചുള്ള സിപിഎമ്മിന്റെ നീക്കങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് പാര്‍ട്ടിയുടെ മസില്‍ പവര്‍ കാണിച്ച് സാധനങ്ങള്‍ കടത്തിയവര്‍ പണത്തിന്റെ കാര്യത്തില്‍ വെറുതെയിരിക്കില്ലല്ലോ. 

രാജ്യത്തെ ഒരേയൊരു സംസ്ഥാനത്തു മാത്രമാണ് അധികാരത്തിലുള്ളതെങ്കിലും രാജ്യത്തെ അതിസമ്പന്നമായ പാര്‍ട്ടിയാണ് സിപിഎം. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും പാര്‍ട്ടി ഖജനാവ് നിറയ്ക്കാനുള്ള വഴികള്‍ നേതാക്കള്‍ക്കറിയാം. പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിരിക്കെ പണപ്പിരിവിന്റെ ചുമതല മന്ത്രിസഭയില്‍ തിരിച്ചെത്തിയ ഇ.പി. ജയരാജനെ ഏല്‍പ്പിച്ചത് ശ്രദ്ധേയമാണ്. കോടികള്‍ പിരിച്ചെടുക്കുന്നതില്‍ ജയരാജനുള്ള മിടുക്ക് ജനങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.