ഈ ബന്ദ് കോണ്‍ഗ്രസ്സിന് എതിരെ

Saturday 8 September 2018 3:00 am IST
യഥാര്‍ഥത്തില്‍ ആയിരക്കണക്കിന് കോടികളുടെ അധിക ബാധ്യത കോണ്‍ഗ്രസുകാര്‍ രാജ്യത്തിന് മേല്‍ ഉണ്ടാക്കിവെച്ചില്ലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ഇന്ത്യന്‍ ജനതയ്ക്ക് കിട്ടുമായിരുന്നു. ഇന്ത്യക്ക് അത് നിഷേധിച്ചത് കോണ്‍ഗ്രസുകാരാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിച്ചു എന്നാക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. ശരിയാണ്, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില സാധാരണയിലേതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ അതിനുള്ള കാരണങ്ങള്‍ എന്താണ്?; ആരാണ് യഥാര്‍ഥത്തില്‍ ഈ രാജ്യത്തെ ജനതക്ക് മേല്‍ ഇത്രവലിയ ഒരു ആഘാതമേല്‍പ്പിച്ചത്; എന്താണ് അതുകൊണ്ട് അവര്‍ ലക്ഷ്യമിട്ടത്... ഇതൊക്കെ ചര്‍ച്ച ചെയ്യാതെ പോകുന്നു. 

ഇന്നിപ്പോള്‍ ഡോളറിന്റെ നിരക്കില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, ക്രൂഡ്ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധന എന്നിവയൊക്കെ ഇന്ത്യയെ ബാധിക്കുന്നുമുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ പ്രതിപക്ഷം സമരത്തിന് തയ്യാറാവുകയാണ്. യഥാര്‍ഥത്തില്‍ പ്രതിപക്ഷം, പ്രത്യേകിച്ചു കോണ്‍ഗ്രസ്, കാണിച്ചുകൂട്ടിയതിന്റെ പരിണിത ഫലമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്. അവര്‍ ആഹ്വാനം ചെയ്ത ബന്ദ് അവര്‍ക്കെതിരെ തന്നെയാണ്; മന്മോഹന്‍ സിംഗിനെതിരെ. 

പെട്രോള്‍ വില മുന്‍പെന്നത്തേക്കാള്‍ കൂടുതലാണ് എന്ന ആക്ഷേപം തന്നെ ആദ്യം നോക്കാം. ആരുടെ കാലത്താണ് ഏറ്റവുമധികം വില വര്‍ധിച്ചത് എന്നതും പരിശോധിക്കണം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2014 മെയ് മാസത്തിലാണ്. അന്ന് കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 79.26 രൂപയായിരുന്നു വില. ഇന്നോ? 82. 31. കഴിഞ്ഞ നാലര വര്‍ഷക്കാലത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധന വെറും മൂന്ന് രൂപ. 

മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് 2004 മെയ് മാസത്തിലാണ്; അന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 35.71 രൂപയായിരുന്നു. അതാണ് പത്ത് വര്‍ഷം കൊണ്ട് 79.26 രൂപയിലെത്തിയത്. എത്രയാണ് വര്‍ദ്ധന? നൂറ് ശതമാനത്തിലേറെ. അങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ചവരാണ് ഇപ്പോള്‍ വര്‍ധനയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.   

ഒരു കണക്ക് കൂടി നോക്കാം. 2004-ല്‍ 35.71 രൂപയായിരുന്ന പെട്രോളിന് 2008 ജൂലൈയില്‍ 50.56 രൂപയായി. അടുത്തവര്‍ഷം ഏപ്രില്‍-മെയ് ആയപ്പോഴേക്ക് 45.46 രൂപയായി ചുരുക്കി. ഇവിടെയാണ് മന്‍മോഹന്‍ സിങ്ങും യുപിഎയും ജനങ്ങളെ വല്ലാതെ കുഴപ്പത്തിലാക്കിയത്. അന്ന് ആഗോള വിപണിയിലെ വില കൂടിയതിനാല്‍ വേണ്ടതിലധികം സബ്സിഡി കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വില താഴേക്ക് കൊണ്ടുവന്നത്. 2010 -13 കാലത്തും ഇത് തന്നെ സംഭവിച്ചു. എന്നാല്‍ അന്ന് സബ്സിഡി കൊടുക്കാനുള്ള പണം ഖജനാവില്‍ ഇല്ലായിരുന്നു. 

സാധാരണ നിലയ്ക്ക് എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി പണമായി നല്‍കണം. അങ്ങനെയേ കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റൂ. അതിന് കഴിയാതെവന്നപ്പോള്‍, പ്രതിസന്ധി മറികടക്കാന്‍, അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് 'ഓയില്‍ ബോണ്ട്'. സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്ന ബോണ്ടുകള്‍. പിന്നീട് പണം കൊടുക്കാമെന്ന വാഗ്ദാനമാണത്. അടുത്ത സര്‍ക്കാരിന്റെ തലയില്‍വെച്ചു കെട്ടുന്ന ബാധ്യത എന്നുവേണം ഇതിനെ വിളിക്കാന്‍. 

ബോണ്ടുകള്‍ പണമാക്കി മാറ്റാന്‍ ഓയില്‍ക്കമ്പനികള്‍ക്ക് കഴിയും. അങ്ങനെ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയത് രണ്ട്  ലക്ഷം കോടിയിലേറെ രൂപയുടെ ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ വെള്ള കടലാസില്‍ എഴുതിക്കൊടുത്തു; അത് ഓയില്‍ കമ്പനികള്‍ ബാങ്കില്‍ നിന്ന് പണമാക്കി. അതായത് ഖജനാവ് കാലിയായിരിക്കെ മന്‍മോഹന്‍ സിങ്ങും സോണിയ പരിവാരവും കൂടി, തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ലക്ഷ്യത്തോടെ, ഏതാണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ കടം വരുത്തിവെച്ചു. രാഷ്ട്രീയ പ്രേരിതമായ തീരുമാനമായിരുന്നു അതെന്ന് വ്യക്തം. ടു- ജി, കല്‍ക്കരി തുടങ്ങിയ വലിയ കുംഭകോണങ്ങള്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് പുറമേയാണിത്.   

ആ രണ്ട് ലക്ഷത്തിലേറെ കോടി രൂപ എടുത്തത് പലിശയ്ക്കാണ്. അല്ലെങ്കില്‍ എണ്ണക്കമ്പനികള്‍ക്ക് അനുവദിച്ച ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ പലിശ നല്‍കണം. നാലും അഞ്ചും വര്‍ഷത്തെ കാലാവധിവച്ചാണ് ബോണ്ട് പുറപ്പെടുവിച്ചത്. കാലാവധി കഴിയുമ്പോള്‍ ആ പണം ബാങ്കുകള്‍ക്ക് നല്‍കണം. ആരു നല്‍കും? ഇന്ത്യ സര്‍ക്കാരിന്റെ പെട്രോളിയം മന്ത്രാലയം. അങ്ങനെ ആ കാശ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കേണ്ടിവന്നു. ഇതിനകം നല്‍കിയത് രണ്ട് ലക്ഷം കോടിയാണ്. ഇപ്പോള്‍ തീര്‍പ്പാക്കിയത് 1. 30 ലക്ഷം കോടിയുടെ ബോണ്ടുകളാണ്. 

അതിന്റെ പലിശ ഏതാണ്ട് 70,000 കോടിയോളം. ഇനിയും നൂറു കണക്കിന് കോടികള്‍ വരുന്ന ബോണ്ടുകള്‍ വഴി പണം ശേഖരിച്ചത് ബാധ്യതയായി നില്‍ക്കുന്നുണ്ട്. അങ്ങനെ 2009, 2014 വര്‍ഷങ്ങളില്‍, തെരഞ്ഞെടുപ്പ് കാലത്ത്, പെട്രോള്‍- ഡീസല്‍ വില കുറച്ച് വോട്ട് സമ്പാദിക്കാന്‍ മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസും ശ്രമിച്ചതിന്റെ ഫലമാണ് ഇന്നിപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നത്.  

കഴിഞ്ഞില്ല യുപിഎ ഉണ്ടാക്കിവെച്ച ബാധ്യതയുടെ കണക്കുകള്‍. ഇറാനില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. ഇന്നും വാങ്ങുന്നുണ്ട്. അവര്‍ക്ക് നമ്മുടെ രൂപയിലാണ് വിലനല്‍കിയിരുന്നത്. ഇടയ്ക്ക് ഇറാന്‍ ഉപരോധത്തിന് വിധേയമായതോടെ പണം കൊടുക്കാതെയായി. പണമില്ലെങ്കിലും കുഴപ്പമില്ല എന്ന് ഇറാന്‍ സമ്മതിച്ച കാലഘട്ടമാണത്. യുപിഎ സര്‍ക്കാര്‍ അക്കാലത്ത് പണം കൊടുക്കാതെ ഇറാനില്‍ നിന്ന് ഏതാണ്ട് 42,000 കോടിയുടെ ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടി. ആ കടവും വീട്ടിയത്  മോദി സര്‍ക്കാരാണ്. ആലോചിച്ചു  നോക്കൂ... 

ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ പണം കൊടുക്കാതെ വാങ്ങി. ഓയില്‍ കമ്പനികള്‍ക്ക് സബ്സിഡി നല്‍കാന്‍ രണ്ടു ലക്ഷം കോടിയിലേറെ രൂപ ബോണ്ട് മുഖേന കടമെടുത്തു. യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ നടുക്കയത്തില്‍ മുക്കുകയായിരുന്നില്ലേ? എല്ലാം 2014 ല്‍ വീണ്ടും അധികാരത്തിലേറാന്‍ വേണ്ടി മാത്രം. 

ഇന്നിപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്നതെന്താണ്? തങ്ങളുടെ കാലത്ത് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില കൂടുതലായിരുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് അത് കുറഞ്ഞു. എന്നിട്ടും എന്താണ് വിപണി വില കൂടിയത്....? ഈ പരാതിക്കുള്ള മറുപടിയാണ് മുകളിലുള്ളത്. 

യഥാര്‍ഥത്തില്‍ നേരത്തെ സൂചിപ്പിച്ച ഏതാണ്ട്  ആയിരക്കണക്കിന് കോടികളുടെ അധിക ബാധ്യത കോണ്‍ഗ്രസുകാര്‍ രാജ്യത്തിന് മേല്‍ ഉണ്ടാക്കിവെച്ചില്ലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ഇന്ത്യന്‍ ജനതയ്ക്ക് കിട്ടുമായിരുന്നു. ഇന്ത്യക്ക് അത് നിഷേധിച്ചത് കോണ്‍ഗ്രസുകാരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉണ്ടായിരുന്നത്; ഒന്നുകില്‍ കടം വീണ്ടുമെടുത്ത് രാജ്യത്തെ കുത്തുപാളയെടുപ്പിക്കുക. അല്ലെങ്കില്‍ സമ്പദ് ഘടനയെ കരകയറ്റി രാജ്യത്തെ രക്ഷിക്കുക. രണ്ടാമത്തേതാണു മോദി സ്വീകരിച്ചത്. ദേശസ്‌നേഹമുള്ള ആരും അതല്ലേ ചെയ്യൂ? 

അന്താരാഷ്ട്ര വിപണിയില്‍ കുറച്ചൊക്കെ വിലയിടിവുണ്ടായപ്പോള്‍ നികുതി വര്‍ധിപ്പിച്ചുകൊണ്ട് ആ പണം ഖജനാവിലേക്ക് കൊണ്ടുവന്നത് അതുകൊണ്ടാണ്. ജനങ്ങള്‍ക്ക് അന്ന് വലിയ വിലവര്‍ധന ഒന്നും ഉണ്ടായില്ല എന്നുമോര്‍ക്കണം. വേറെയൊന്നുകൂടി; യുപിഎ ചെയ്തത് പോലെ ഓരോ തെരഞ്ഞെടുപ്പിന് മുന്‍പും ഖജനാവിന് ബാധ്യതയുണ്ടാക്കിക്കൊണ്ട് വിലകുറക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. വോട്ടായിരുന്നില്ല, മറിച്ച് രാജ്യതാല്‍പ്പര്യമായിരുന്നു മോദിക്ക് പ്രധാനം. 

 ഇതുമായി ചേര്‍ത്ത് വക്കേണ്ടത് ഡോളറിന്റെ വിപണി നിരക്കിലെ വ്യതിയാനമാണ്. ഇന്നിപ്പോള്‍ ഒരു ഡോളര്‍ എന്നാല്‍ 71. 82 രൂപയാണ്. അത് ഇന്ത്യയില്‍ മാത്രമുണ്ടായ സംഭവവികാസത്തിന്റെ ഫലമല്ല. അത് അറിയാത്തവരല്ല വിമര്‍ശിക്കുന്നത്. യുഎസ് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് പ്രധാന കാരണം. ചൈനയുമായും മറ്റുമുള്ള വ്യാപാര മത്സരങ്ങള്‍ അതിന് വഴിവെച്ചിട്ടുണ്ട്. എല്ലാ കറന്‍സികളെയും അത് വല്ലാതെ ബാധിച്ചു. എന്നാലും പൊതുവെ വലിയ ക്ഷീണം സംഭവിക്കാത്ത കറന്‍സികളില്‍ ഒന്ന് രൂപയാണ്. ആദ്യമായാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന മട്ടിലാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും പറഞ്ഞുനടക്കുന്നത്. 

ഇപ്പോള്‍ ഇന്ത്യന്‍ രൂപക്ക് വിലയിടിവുണ്ടായത് ആഗോള സംഭവവികാസങ്ങള്‍ കൊണ്ടാണ്. എന്നാല്‍ യുപിഎയുടെ കാലത്ത്, അതായത് 2013 ഡിസംബറില്‍, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 62.10 എന്ന നിലയിലെത്തിയിരുന്നു. അക്കാലത്താണ് നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അത് സമ്പദ് ഘടനയില്‍ വലിയ മാറ്റമുണ്ടാക്കി, ആവേശമുണ്ടാക്കി. അതുകൊണ്ടാണ് അന്ന് ഇന്ത്യന്‍ രൂപ രക്ഷപ്പെട്ടത്. മറ്റൊന്ന്, 2004 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 45. 31 ആയിരുന്നു. 

ഇവിടെ നാം കാണേണ്ടത്, ഇന്ത്യയുടെ റെക്കോര്‍ഡ് വിദേശ നാണ്യ ശേഖരമാണ്; അത് 405.1434 ബില്യണ്‍ ഡോളറാണ്. എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ വിപണിയില്‍ ഇടപെടാന്‍ ഇത്രമാത്രം കഴിയുന്ന മറ്റൊരു രാജ്യം ലോകത്ത് തന്നെ കുറവാണ്. അത്രമാത്രം സുരക്ഷിതമാണ് ഇന്ത്യന്‍ സമ്പദ് ഘടന. 

ഇനിയെന്തിന് ബന്ദ്? ജിഡിപി നിരക്ക് അടുത്താണല്ലോ പുറത്തുവന്നത്. രാജ്യം അത്യുന്നതിയിലേക്കാണ് എന്നത് ജനങ്ങള്‍ തിരിച്ചറിയുന്നു. അപ്പോള്‍ പിടിച്ചുകയറാന്‍ പ്രതിപക്ഷത്തിനുള്ള ഏക സാധ്യത എണ്ണവില തന്നെയാണ്. അതിലവര്‍ കടിച്ചുതൂങ്ങുന്നു. ആ നിലയ്‌ക്കേ അതിനെ കാണേണ്ടതുള്ളൂ. ഇനി എണ്ണവില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാണ്. അത് ഇപ്പോള്‍ത്തന്നെ ജിഎസ്ടിയുടെ പരിധിയിലുണ്ട്. അക്കാര്യത്തില്‍ ഒരു തീരുമാനമെടുത്താല്‍ മതി. 

ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പ്പനക്കെത്തുമ്പോള്‍ ചെലവ് 47 രൂപയാണ്. കേന്ദ്ര നികുതി 12 രൂപ (സംസ്ഥാന വിഹിതം കഴിച്ചുള്ളത്). സംസ്ഥാനങ്ങള്‍ നേടുന്നത് 24 രൂപ. അപ്പോള്‍ ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ കാര്യങ്ങള്‍ ശരിയാവും. അതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പോകാനുള്ള സാധ്യത കാണുകയും ചെയ്യുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.