ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്

Saturday 8 September 2018 3:03 am IST

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങുന്നു. ആദ്യദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 66 റണ്‍സുമായി അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്കും 23 റണ്‍സുമായി മോയിന്‍ അലിയുമാണ് ക്രീസില്‍. 23 റണ്‍സെടുത്ത ജെന്നിങ്‌സാണ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ രാഹുല്‍ പിടികൂടിയാണ് ജെന്നിങ്‌സ് മടങ്ങിയത്.

കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഹനുമ വിഹാരി അരങ്ങേറ്റം കുറിച്ചപ്പോള്‍ അശ്വിന് പകരം ജഡേജയും എത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ അലിസ്റ്റര്‍ കുക്കും ജെന്നിങ്‌സും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 

സ്‌കോര്‍ 60 റണ്‍സിലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്കായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കുക്കിനൊപ്പം മോയിന്‍ അലി ചേര്‍ന്നതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ തിരിച്ചെത്തി. 63 റണ്‍സ് ഇരുവരും ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കുക്കിന് ഇന്ത്യന്‍ താരങ്ങളുടെ ആദരം

ഓവല്‍: കരിയറിലെ അവസാന ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ഇന്ത്യന്‍ താരങ്ങളുടെ ആദരം. ഓപ്പണറായി ആദ്യ ഇന്നിങ്ങ്‌സിന് മൈതാനത്തേക്ക് ഇറങ്ങിയ കുക്കിന് ഇന്ത്യന്‍ താരങ്ങള്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കാണികളും നിറകൈയടികളോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ കുക്കിനെ ക്രീസിലേക്ക് പറഞ്ഞയച്ചത്. 

ഓവല്‍ ടെസ്‌റ്റോടെ വിരമിക്കുമെന്ന് കുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇംഗ്ലീഷ് താരത്തിന് അര്‍ഹമായ യാത്രയപ്പ് ക്രിക്കറ്റ് ലോകം നല്‍കുമെന്ന് ഉറപ്പായിരുന്നു. 12 വര്‍ഷം നീണ്ട കരിയറിനാണ് കുക്ക് ഓവലില്‍ വിരാമമിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളെന്ന പേരെടുത്താണ് കുക്ക് പടിയിറങ്ങുന്നത് എന്നായിരുന്നു ടോസിനിടെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ പ്രതികരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.