ക്രൊയേഷ്യയെ തളച്ച് പറങ്കികള്‍

Saturday 8 September 2018 3:07 am IST

ലിസ്ബണ്‍: രാജ്യാന്തര സൗഹൃദ മത്സരത്തില്‍  ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ പോര്‍ച്ചുഗല്‍ സമനിലയില്‍ പിടിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലെത്തിയത്. ക്രൊയേഷ്യന്‍ നിരയില്‍ ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച്, മരിയോ മാന്‍സുകിച്ച്, ഇവാന്‍ റാക്കിട്ടിച്ച് എന്നിവരും കളിക്കാനിറങ്ങിയില്ല. ക്രൊയേഷ്യക്കായി ഇവാന്‍ പെരിസിച്ചും പോര്‍ച്ചുഗലിനായി പെപ്പെയും ഗോള്‍ നേടി.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും നേടിയ മുന്‍തുക്കം പോര്‍ച്ചുഗലിനായിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോയെ പോലൊരു സ്‌ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചു. കളിയുടെ 18-ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡ് നേടിയത്. ക്ലോസ് റേഞ്ചില്‍ നിന്ന് പെരിസിച്ച് പായിച്ച വലംകാലന്‍ വോളിയാണ് പോര്‍ച്ചുഗീസ് വലയിലെത്തിയത്. എന്നാല്‍ 32-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. പിസി എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ പെപ്പെ ക്രൊയേഷ്യന്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി രണ്ട് ടീമുകളും കളംനിറഞ്ഞെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി സമനിലയില്‍ കലാശിച്ചു.

മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പെറുവിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം. വിജയികള്‍ക്കായി ഡിപേ രണ്ട് ഗോളുകള്‍ നേടി. 13-ാം മിനിറ്റില്‍ അക്വിനോയിലൂടെ പെറു ലീഡ് നേടി. എന്നാല്‍ 60, 83 മിനിറ്റുകളില്‍ ഡിപേ ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ വിജയം ഡച്ചുകാര്‍ക്കൊപ്പമായി. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയ 2-0ന് സ്വീഡനെ അട്ടിമറിച്ചു. 11-ാം മിനിറ്റില്‍ ഹെലാന്‍ഡറിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ആസ്ട്രിയക്കായി അലാബ ഗോള്‍ പട്ടിക തികച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.