ജര്‍മനി-ഫ്രാന്‍സ് സമനില വെയ്ല്‍സിന് തകര്‍പ്പന്‍ ജയം

Saturday 8 September 2018 3:10 am IST

മ്യൂണിക്ക്: പ്രഥമ യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ജര്‍മനി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചപ്പോള്‍ വെയ്ല്‍സ്, നോര്‍വേ, ബള്‍ഗേറിയ, ഉക്രെയിന്‍, ജോര്‍ജിയ തുടങ്ങിയ ടീമുകള്‍ വിജയം കണ്ടു. 

മ്യൂണിക്കില്‍ ഫ്രാന്‍സിനെതിരെ നടന്ന മത്സരത്തില്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് ജര്‍മനിയെ വിജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്.  ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ പ്രകടനം നടത്തിയ ജര്‍മനിയായിരുന്ന ഫ്രാന്‍സിനെതിരെ കളത്തില്‍ കണ്ടത്. പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ ലോക ചാമ്പ്യന്മാരേക്കാള്‍ ഏറെ മുന്നിലായിരുന്നെങ്കിലും ഗോളടിക്കാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല.

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയ ടീമില്‍ ഒരു മാറ്റവുമാണ് ഫ്രാന്‍സ് ജര്‍മനിക്കെതിരെ കളത്തിലെത്തിയത്. നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിനെ പുറത്തിരുത്തിയാണ് കോച്ച് ദിദിയര്‍ ദെഷാംസ് ടീമിനെ വിന്യസിച്ചത്. ലോറിസിനു പകരമെത്തിയ അല്‍ഫോണ്‍സ് അരിയോള മിന്നുന്ന പ്രകടനവുമായി ക്രോസ് ബാറിന് കീഴില്‍ നിലയുറപ്പിച്ചു. ആറ് സേവുകളാണ് അരിയോള കളിയിലുടനീളം നടത്തിയത്. ഫ്രഞ്ച് നിരയില്‍ ഗ്രിസ്മാനും മാറ്റിയൂഡിയും പോഗ്ബയും എംബെപ്പെയും ജിറൗഡും മികച്ച പ്രകടനം നടത്തിയെങ്കിലും ജര്‍മന്‍ ഗോളി മാനുവല്‍ ന്യുയറിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഒന്‍പതിന് നെതര്‍ലന്‍ഡ്‌സിനെതിരായാണ് ഫ്രാന്‍സിന്റെ അടുത്ത കളി. പതിമൂന്നിന് ജര്‍മനി നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഇതിന് മുന്‍പായി 9ന് ജര്‍മനി സൗഹൃദ മത്സരത്തില്‍ പെറുവുമായി കളിക്കും.

ഗ്രൂപ്പ് ബി 4ല്‍ നടന്ന മത്സരത്തില്‍ വെയ്ല്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അയര്‍ലന്‍ഡിനെ തകര്‍ത്തുവിട്ടത്. വെയ്ല്‍സിനായി ടോം ലോറന്‍സ് (6), ഗരത് ബെയ്ല്‍—(18), ആരോണ്‍ റംസി (37), റോബര്‍ട്‌സ് (55) എന്നിവരാണ് ലക്ഷ്യം കണ്ടത്. അയര്‍ലന്‍ഡിനായി ഷോണ്‍ വില്യംസ് ആശ്വാസ ഗോള്‍ നേടി. അയര്‍ലന്‍ഡിനെതിരെ വെയ്ല്‍സിന്റെ ഏറ്റവും മികച്ച വിജയമാണിത്.

ഗ്രൂപ്പ് ബി 1ല്‍ ഉക്രെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി. ഒരുഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ചെക്ക് തോല്‍വി വഴങ്ങിയത്. ഗ്രൂപ്പ് സി 3-ല്‍ നോര്‍വേ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെ തോല്‍പ്പിച്ചു. ജോസഹന്‍സനാണ് രണ്ട് ഗോളുകളും നേടിയത്. മറ്റ് കളികളില്‍ ബള്‍ഗേറിയ 2-1ന് സ്ലോവേനിയയെയും ജോര്‍ജി 2-0ന് കസാക്കിസ്ഥാനെയും അര്‍മേനിയ 2-1ന് ലിച്ചന്‍സ്‌റ്റൈനെയും മാസിഡോണിയ 2-0ന് ജിബ്രാള്‍ട്ടറിനെയും പരാജയപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.