പ്രളയം ലോവര്‍പെരിയാറിന് ഏല്‍പ്പിച്ചത് കനത്ത നഷ്ടം

Saturday 8 September 2018 5:25 am IST

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്ന് ഒഴുകിയെത്തിയ പ്രളയജലം ലോവര്‍പെരിയാര്‍ ജലവൈദ്യുത പദ്ധതിക്ക് വരുത്തിയത് വ്യാപക നഷ്ടം. ഇവിടെ നിന്നുള്ള ഉത്പാദനം പുനരാരംഭിക്കാനായാല്‍ത്തന്നെ ഇപ്പോള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും. 520 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോള്‍ ഓരോ നിമിഷവും വകുപ്പിനുള്ളത്. ഈ സാഹചര്യത്തില്‍ 180 മെഗാവാട്ട് ശേഷിയുള്ള ലോവര്‍പെരിയാറില്‍ നിന്നുള്ള ഉത്പാദനം പുനരാരംഭിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്.

എന്നാല്‍ കൃത്യമായ തകരാര്‍ കണ്ടെത്താനാകാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. അധിക ജലം തുറന്ന് വിട്ട സമയത്ത് ലോവര്‍ പെരിയാറിലും പരമാവധി ഉത്പാദനം നടന്നിരുന്നു. രാത്രിയില്‍ കൂടുതല്‍ വെള്ളം എത്തിയതോടെ കരിമണല്‍ പവര്‍ സ്റ്റേഷനിലേക്ക് പദ്ധതിയില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ അടയ്ക്കാനായില്ല. ഇതിനിടെ ടണലില്‍ മര്‍ദവ്യത്യാസം കണ്ടെത്തിയതോടെ ഉത്പാദനം നിര്‍ത്തുകയും ചെയ്തു.

മരത്തടി പോലുള്ള എന്തോ കയറി ടണല്‍ ഭാഗികമായി അടഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ ഒരു ചെറിയ മരക്കമ്പ് പോലും ടണലില്‍ പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടെങ്കിലും ഇതും തകരാറിലായതായാണ് വിവരം. ടണലിന്റെ ഷട്ടര്‍ പൂര്‍ണമായും അടയ്ക്കാന്‍ ആകാത്തതിനാല്‍ ഉള്ളില്‍ കയറി പരിശോധിക്കാനും ആകുന്നില്ല. ഈ സാഹചര്യത്തില്‍ രണ്ടിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ഇടുക്കി കീരിത്തോടിന് സമീപം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതിയാണ് ലോവര്‍ പെരിയാര്‍. 

സംഭരണ ശേഷി കുറഞ്ഞു

ചെളിയും മണ്ണും അടിഞ്ഞ് സംഭരണിയുടെ ശേഷി 60 ശതമാനമായി കുറഞ്ഞതായാണ് ഔദ്യോഗിക വിവരം. വലുപ്പത്തില്‍ ചെറുതാണെങ്കിലും എല്ലാ സമയത്തും ഉത്പാദനം നടത്താനാവുന്ന പദ്ധതിയാണ് ലോവര്‍ പെരിയാര്‍. നാല് ദശലക്ഷം യൂണിറ്റാണ് പരമാവധി ഉത്പാദന ശേഷി. 2.38 ദശലക്ഷം യൂണിറ്റ് വെള്ളം മാത്രമാണ് ഒരു സമയം ശേഖരിച്ച് വയ്ക്കാനാകുക. 60 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് കരിമണലില്‍ ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനത്തെ തന്നെ ഉത്പാദനത്തില്‍ നാലാമതുള്ള പദ്ധതി.

ഇടുക്കി, ശബരിഗിരി, കുറ്റ്യാടി പദ്ധതികള്‍ക്ക് മാത്രമാണ് ഇതിലും കൂടുതല്‍ ശേഷിയുള്ളത്. പള്ളിവാസല്‍, ചെങ്കുളം, നേര്യമംഗലം, നേര്യമംഗലം വിപുലീകരണ പദ്ധതി എന്നിങ്ങനെയുള്ള പവര്‍ ഹൗസുകളില്‍ നിന്ന് ലോവര്‍ പെരിയാറിലേക്കാണ് വെള്ളമെത്തുക. അതായത് കുണ്ടള, മാട്ടുപ്പെട്ടി, ഹെഡ് വര്‍ക്ക്‌സ്, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി എന്നീ ഡാമുകളില്‍ നിന്നുള്ള വെള്ളമാണ് ഇതുവഴി കടന്നുപോകുന്നത്. അഞ്ച് ഷട്ടറുകളുള്ള ഡാം മഴക്കാലം ശക്തിയായപ്പോള്‍ മുതല്‍ തുറന്നുവച്ചിരിക്കുകയാണ്. 

32 കോടിയുടെ നഷ്ടം

ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ മാത്രം ഡാമിലേക്ക് ഒഴുകിയെത്തിയത് 120 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. 15 മുതലാണ് ഉത്പാദനം നിര്‍ത്തിയത്. മൂന്നില്‍ രണ്ട് ഭാഗം വെള്ളവും ഒഴുക്കി കളയേണ്ടി വന്നു. അതായത് 32 കോടിയുടെ നഷ്ടം.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം കരിമണലില്‍ ഉത്പാദനം ആരംഭിക്കാനായില്ലെങ്കില്‍ അത് വരും നാളുകളില്‍ വൈദ്യുതി മുടക്കത്തിന് കാരണമാകും. അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് തന്നെ അടിഞ്ഞ് കൂടിയ മണ്ണ് നീക്കാനുള്ള നടപടിയും അനിവാര്യമാണ്. എങ്കില്‍ മാത്രമേ ഉത്പാദനം പൂര്‍ണ്ണ സ്ഥിതിയിലെത്തിക്കാനാകൂ. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടയ്ക്കുന്നതിന് പിന്നാലെ പണികള്‍ വേഗത്തിലാക്കാനാണ് നീക്കം. ലോവര്‍ പെരിയാറില്‍ നിന്നുള്ള വെള്ളം എത്തുന്നത് ഭൂതത്താന്‍കെട്ട് ഡാമിലാണ്. ലോവര്‍പെരിയാര്‍ സംഭരണിയ്ക്ക് ശേഷമാണ് പെരിയാര്‍ എന്ന പേരില്‍ നദി ഒഴുകാന്‍ ആരംഭിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.