ഷട്ടര്‍ അടച്ചു; ചെറുതോണി നിലച്ചു

Saturday 8 September 2018 2:28 am IST

ഇടുക്കി: സംഹാരതാണ്ഡവമാടി ആര്‍ത്തലച്ച്, ഇരുകരകളേയും കവര്‍ന്നെടുത്ത് ഒഴുകിയ ചെറുതോണിപ്പുഴയില്‍ ഒഴുക്കു നിലച്ചു. കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തിന്റെ ആദ്യ അടയാളമായിരുന്നു ചെറുതോണിപ്പുഴയിലെ ശക്തമായ ഒഴുക്ക്.  ആഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12.32ന്  ചെറുതോണി അണക്കെട്ടിന്റെ ആദ്യ ഷട്ടര്‍ തുറന്നപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അപൂര്‍വ കാഴ്ച എന്നായിരുന്നു വിശേഷണം. പാല്‍പ്പുഴ ഒഴുകുന്നു തുടങ്ങിയ വിശേഷണങ്ങളില്‍ നിന്ന് ഭയാനകമായ കാഴ്ചയിലേക്ക് ചെറുതോണിപ്പുഴയിലെ ഒഴുക്കു മാറി അടുത്ത ദിവസങ്ങളില്‍.

എന്നാല്‍ ഇടുക്കി സംഭരണിയുടെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചതിന് പിന്നാലെ ചെറുതോണി പുഴയിലൂടെയുള്ള ഒഴുക്ക് നിലച്ചു. ജലശേഖരം 2391 അടിയിലും താഴെയെത്തിയതോടെ ഇന്നലെ ഉച്ചയ്ക്ക് 1.02ന് ആണ് ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന മൂന്നാം നമ്പര്‍ ഷട്ടര്‍ അടച്ചത്. അതുവരെ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നത്.

ഇതിന് പിന്നാലെ ചെറുതോണി അണക്കെട്ടിന് മുകളില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമും അടച്ചു. മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ സംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ മഴ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഷട്ടര്‍ അടയ്ക്കുന്നത് വൈകിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ മന്ത്രിതല തീരുമാനം വരികയും ഇതിന് പിന്നാലെ ഡാം സേഫ്ടി വിഭാഗം കളക്ടറുടെ അനുമതി വാങ്ങി ഷട്ടര്‍ താഴ്ത്തുകയുമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.