പ്രളയപഠനം: കേന്ദ്ര ഏജന്‍സികളെ ഒഴിവാക്കുന്നു

Saturday 8 September 2018 9:50 am IST

കോട്ടയം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ കാരണവും ആഘാതവും പഠന വിധേമാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സികളെ ഒഴിവാക്കുന്നു. കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മാറ്റിനിര്‍ത്താനാണ് നീക്കം.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിഗമനങ്ങളും നിരീക്ഷണങ്ങളും ഈ ഏജന്‍സികള്‍ കണ്ടെത്താന്‍ സാധ്യതയുള്ളതിനാലാണിത്. എന്നാല്‍ മഹാപ്രളയത്തിന് ശേഷം  ഈ ഏജന്‍സികള്‍ സ്വന്തം നിലയില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് പ്രകാരം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നീ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെട്ടത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ മേഖലകളെക്കുറിച്ച് പഠിച്ച് പ്രത്യേക ഭൂപടം തയാറാക്കുന്നതിനായി വളരെ മുമ്പുതന്നെ പഠനം തുടങ്ങിയിരുന്നു. പ്രളയത്തിന്റെ കാരണങ്ങളും ഡാമുകളുടെ ശേഷിയും സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷനാണ്് പഠിക്കേണ്ടത്. എന്നാല്‍ വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളും സ്ഥാപനങ്ങളും പ്രളയത്തെക്കുറിച്ച് പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം സ്ഥാപനങ്ങളും ഏജന്‍സികളും നടത്തുന്ന വിവര ശേഖരണം ആശയക്കുഴപ്പമുണ്ടാക്കുമെന്നും പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കില്ലെന്നുമാണ് ദുരന്തനിവരാണ അതോറിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ അതിനിശിതമായ വിമര്‍ശനവുമായി ഭരണപക്ഷത്തെ എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. അനിയന്ത്രിതമായ പ്രകൃതിചൂഷണവും കെട്ടിടങ്ങളുടെ നിര്‍മാണവും ക്വാറികളുടെ പ്രവര്‍ത്തനവും പ്രളയ പഠനത്തിന് വിധേയമാകുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്. കൂടാതെ ഡാമുകള്‍ തുറക്കേണ്ടിവന്നാല്‍ വെള്ളപ്പൊക്കദുരന്തം ഒഴിവാക്കാനുള്ള കേന്ദ്ര ജലകമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരിയില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കഭൂപടം തയാറാക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാകും. ഇതും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.