വനിതാകമ്മീഷന്റെ രാഷ്ട്രീയ ഒളിച്ചുകളികള്‍ വിവാദത്തിലേക്ക്

Saturday 8 September 2018 9:15 am IST
പല വിവാദവിഷയങ്ങളിലും മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിക്കുകയും കേസെടുക്കുകയും ചെയ്ത ജോസഫൈന്‍ പി.കെ. ശശിയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞു. ഇര പൊതുഇടത്തിലോ പൊതുജനങ്ങളുടെ മുന്നിലോ പരാതിയുമായി വരുമ്പോഴാണ് സ്വമേധയാ കേസെടുക്കുന്നതെന്ന നിലപാടിലാണ് ജോസഫൈന്‍.

തിരുവന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ സിപിഎം കേന്ദ്ര കമ്മറ്റിസ്ഥാനം രാജിവയ്ക്കാത്തതും പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ നടപടിയെടുക്കാതെ 'പാര്‍ട്ടിയില്‍ ഇതൊരു പുതുമയല്ല'എന്ന നിലപാടുമാണ് വീണ്ടും വിവാദമാകുന്നത്. സിപിഎമ്മിനെതിരെയുള്ള പരാതികളില്‍ ജോസഫൈന്‍ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യം ജന്മഭൂമി  നേരത്തെ ഉയര്‍ത്തിയിരുന്നു.

പല വിവാദവിഷയങ്ങളിലും മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിക്കുകയും കേസെടുക്കുകയും ചെയ്ത ജോസഫൈന്‍ പി.കെ. ശശിയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞു. ഇര പൊതുഇടത്തിലോ പൊതുജനങ്ങളുടെ മുന്നിലോ പരാതിയുമായി വരുമ്പോഴാണ് സ്വമേധയാ കേസെടുക്കുന്നതെന്ന നിലപാടിലാണ് ജോസഫൈന്‍. എന്നാല്‍ മതം മാറ്റത്തിന് വിധേയയായ അഖില വീട്ടുതടങ്കലിലായെന്ന് പറഞ്ഞത് അഖിലയെ കാണാതെയും സംസാരിക്കാതെയുമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ പ്രതികരിച്ചതും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്.

നടിയുടെ പീഡന കാര്യത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതിപോലും ഇല്ലാതെ രംഗത്തെത്തി. അതേസമയം പോലീസുകാര്‍ ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ ഭാര്യയുടെ ദീനരോദനം കമ്മീഷന്‍ ചെവിക്കൊണ്ടില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വാതോരാതെ വാദിച്ചപ്പോള്‍ കോഴിക്കോട് സിപിഎം ഗുണ്ടകളുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട  ജ്യോത്സനയുടെ കണ്ണീരും കണ്ടില്ല. എം. വിന്‍സന്റ് എംഎല്‍എയ്‌ക്കെതിരായ പീഡന പരാതിയില്‍ രംഗത്തെത്തിയത് ഇരകള്‍ പരാതി നല്‍കിയ ശേഷമായിരുന്നില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

സീരിയല്‍താരം നിഷാ സാംരംഗിന് ചാനലില്‍ തൊഴില്‍ പീഡനം നേരിട്ടെന്ന് പറഞ്ഞ് സ്വമേധയാ കേസെടുത്തത് മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു. മലപ്പുറത്ത് ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അപമാനിച്ചപ്പോള്‍ കേസെടുത്തതും പഠനത്തിനിടെ മീന്‍ വില്‍പന നടത്തിയ ഹനാന്‍ സൈബര്‍ ആക്രമണത്തിന് വിധേയയായപ്പോള്‍ കേസെടുത്തെതും ആരും പരാതി നല്‍കിയിട്ടില്ല. അതേസമയം ഫറോഖ് കോളേജിലെ അധ്യാപകന്‍ വത്തക്കാ പരമാര്‍ശത്തിലൂടെ വിദ്യാര്‍ഥികളെ ഒന്നടങ്കം അപമാനിച്ചപ്പോള്‍ പരാതി കിട്ടി ദിവസങ്ങള്‍ വേണ്ടിവന്നു കമ്മീഷന് കേസെടുക്കാന്‍.

രാഷ്ട്രീയനേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി ഒരേ പരാതികളില്‍ വനിതാ കമ്മീഷന്‍ എടുക്കുന്ന വ്യത്യസ്ത നിലപാടുകളാണ് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന്റെ വിശ്വാസ്യത  ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നീതി ഉറപ്പാക്കേണ്ടതിനാല്‍ വനിതാ കമ്മീഷന്‍ രൂപം കൊണ്ട കാലം മുതല്‍ അധ്യക്ഷയായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവരുടെ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച ശേഷമാണ് സ്ഥാനം ഏറ്റിട്ടുള്ളത്.

കവയത്രി സുഗതകുമാരിയും ജസ്റ്റിസ് ശ്രീദേവിയും മാത്രമാണ് രാഷ്ട്രീയ രംഗത്ത് നിന്നല്ലാതെ അധ്യക്ഷയായിരുന്നത്. മുന്‍ മന്ത്രി കമലം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ റോസിക്കുട്ടി എന്നിവര്‍ കോണ്‍ഗ്രസ്സ് പ്രാഥമിക അംഗത്വം വരെ രാജിവച്ചാണ് അധ്യക്ഷയായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അധ്യക്ഷയാകട്ടെ ഇക്കഴിഞ്ഞ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു, കേന്ദ്രകമ്മറ്റി സ്ഥാനം ഇപ്പോഴും തുടരുകയുമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.