വീട്ടമ്മയുടെ ആത്മഹത്യ: ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കെതിരെ ഭര്‍ത്താവ്

Saturday 8 September 2018 3:56 am IST

കോട്ടയം:  വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കെതിരെ വീട്ടമ്മയുടെ ഭര്‍ത്താവ്. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിന് സമീപം പുലിപ്രയില്‍ റെജി പി. വര്‍ഗീസിന്റെ ഭാര്യ ഷൈനി (47) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

 മരിച്ച ഷൈനിയും ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിയും തമ്മിലുള്ള അടുപ്പമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റെജി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എട്ട് മാസം മുമ്പ് ഷൈനി വികാരിക്ക് രണ്ടു ലക്ഷം രൂപ നല്‍കിയതായും ഈ പണം ഉപയോഗിച്ച് വികാരി കാര്‍ വാങ്ങിയതായും മൊഴിയിലുണ്ട്. സംഭവം പുറത്തായതോടെ പണം വികാരി തിരികെ നല്‍കി. വികാരിയുമായുള്ള ബന്ധത്തെ ചൊല്ലി റെജിയും ഷൈനിയുമായി വഴക്കിടാറുള്ളതായും ഇവര്‍ പലതവണ ആത്മഹത്യാശ്രമം നടത്തിയതായും പോലീസ് പറയുന്നു.  

കുമ്പസാര രഹസ്യം പുറത്തറിയിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ലൈംഗിക ചൂഷണം ചെയ്ത സംഭവത്തില്‍ വികാരിമാര്‍ അറസ്റ്റിലായതിന് പിന്നാലെയുണ്ടായ ഈ സംഭവം ഓര്‍ത്തഡോക്‌സ് സഭയെ വീണ്ടും പ്രതിസന്ധിയിലാക്കി. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസിനുമേല്‍ ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവ് ഇടപെടുന്നതായി ആക്ഷേപമുണ്ട്. സഭയുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ചിങ്ങവനം പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.