ദേശീയ നിര്‍വ്വാഹക സമിതിക്ക് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ് റാലികള്‍ക്കൊരുങ്ങി ബിജെപി

Saturday 8 September 2018 7:30 am IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഇന്ന് തുടക്കം. ദല്‍ഹി ജന്‍പഥിലെ ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വൈകിട്ട് നാലിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4ന് സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു ദേശീയ നേതാക്കളുടേയും റാലികള്‍ സപ്തംബര്‍ അവസാനത്തോടെ ആരംഭിക്കുകയാണ്. ഇതിന്റെ മുന്നൊരുക്കങ്ങളും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചയും ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ നടക്കും. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഓര്‍മയ്ക്കായി രാജ്യമെങ്ങും കവി സമ്മേളനങ്ങളും സേവാ പ്രവര്‍ത്തനങ്ങളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.

 ദേശീയ നിര്‍വാഹക സമിതിയോഗശേഷം പ്രധാനമന്ത്രി, ദേശീയ അധ്യക്ഷന്‍, മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, രാജ്‌നാഥ്‌സിങ്, നിതിന്‍ ഗഡ്കരി, മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന മഹാറാലികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കും. ചെറുതും വലുതുമായ ആയിരത്തോളം റാലികളാണ് ഈവര്‍ഷം മാത്രം ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്യും. 

നിര്‍വാഹക സമിതിയോഗത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി കടക്കുകയാണെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചു. 

ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങള്‍ നിര്‍വാഹക സമിതിയോഗത്തില്‍ ദേശീയ അധ്യക്ഷന്‍ വിവരിക്കും. മോദി സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദല്‍ഹിയിലെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായ ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇതാദ്യമായി നടക്കുന്ന ബിജെപി പരിപാടി ദളിത്-പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ ലക്ഷ്യമിടുന്നു. 

കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, ഒ. രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍, എം. ഗണേശന്‍, കെ. സുഭാഷ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.