കുട്ടനാട് വെള്ളത്തില്‍ത്തന്നെ കരകയറാതെ കൈനകരി

Saturday 8 September 2018 7:40 am IST

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായില്ല. കൈനകരിക്കാര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍. പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെല്ലാം കരകയറി തുടങ്ങിയെങ്കിലും കൈനകരിയിലെ അയ്യായിരത്തോളം ആളുകള്‍ക്ക് ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ഇവിടെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

  കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും വാടകവീടുകളിലും അഭയം തേടിയിരിക്കുകയാണ് ഇവര്‍. വെള്ളം വറ്റിക്കല്‍ വൈകുന്നതിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആക്ഷേപം ഉണ്ട്. ഇതിന്റെ പേരില്‍ മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥയും ഉണ്ടായി.

ഇപ്പോഴത്തെ സാഹചര്യത്തില്‍  കൈനകരിയെ വെള്ളത്തില്‍ നിന്ന് കരകയറ്റാന്‍ ആഴ്ചകള്‍ വേണ്ടി വരും. പുറംബണ്ടുകളിലെയും, പാടശേഖരങ്ങളുടെ തുരുത്തുകളിലെയും വീടുകള്‍ക്കുള്ളില്‍ അരയാള്‍ പൊക്കത്തില്‍ വെള്ളം ഇപ്പോഴും ഉണ്ട്.   മടവീണ പുറംബണ്ടുകള്‍ പുനര്‍നിര്‍മ്മിച്ചതാണ് ഏക പുരോഗതി. 

  വെള്ളം പമ്പ് ചെയ്ത് കായലിലേയ്ക്ക് ഒഴുക്കുന്നതിന് കരാറുകാരെ നിയമിച്ചിട്ടുണ്ട്. മുന്‍കൂറായി അവര്‍ക്ക് 20,000 രൂപയും നല്‍കി. എന്നാല്‍ പ്രളയത്തില്‍ മുങ്ങിപ്പോയ മോട്ടോറുകള്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയില്ല. രണ്ടായിരത്തോളം പമ്പുകള്‍ പ്രവര്‍ത്തനക്ഷമാക്കിയാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കൂട്ടനാട് പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയും. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയതാണ് തോമസ് ഐസക്കിനെതിരെ  ജി. സുധാകരന്‍ പ്രതികരിക്കാന്‍ ഇടയാക്കിയത്.

കൈനകരി പഞ്ചായത്തില്‍ വിശാലമായ 25 പാടശേഖരങ്ങളാണുള്ളത്. ഇവിടുത്തെ 45 പമ്പുകളില്‍ 14 എണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. വെള്ളക്കെട്ട് കുറയ്ക്കാന്‍ രണ്ട് ബാര്‍ജുകളിലായി 52 എച്ച്പിയുടെ 12 പമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഇതിനു പുറമേ 20 എച്ച്പിയുടെ 8 ഡീസല്‍ പമ്പുകള്‍ കരയില്‍ സ്ഥാപിച്ചു. ഇറിഗേഷന്റെ ഡ്രജ്ജറും എത്തിച്ചു. ഇവയ്‌ക്കൊപ്പം പരമ്പരാഗത പെട്ടിയും പറയും ഉള്‍പ്പെടെ രാവും പകലും പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ കൈനകരിയിലെ വെള്ളക്കെട്ട് കുറയ്ക്കാനാകു. പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി വെള്ളത്തില്‍ നിന്ന് കരകയറാനാകാതെ അഭയാര്‍ത്ഥികളായി കഴിയേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.