ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ടു

Saturday 8 September 2018 4:13 am IST

തിരുവനന്തപുരം:  മാലെയിലെ വെലേന വിമാനത്താവളത്തിലെ റണ്‍വെ മാറിയിറങ്ങിയ വിമാനത്തിന്റെ ടയറുകള്‍ പഞ്ചറായി. ഒഴിവായത് വന്‍ ദുരന്തം. റണ്‍വേയില്‍ നിന്ന്  തെന്നിമാറിയ വിമാനം സമീപത്ത്  നിര്‍മാണത്തിലിരുന്ന റണ്‍വെയിലേക്ക് ഓടിക്കയറി. വിമാനത്തിന് കുലുക്കം അനുഭവപ്പെട്ടെങ്കിലും മറ്റ് അപകടങ്ങള്‍ ഉണ്ടായില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

 എയര്‍ ഇന്ത്യയുടെ എഐ 263-320–നിയോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കാബിന്‍ക്രൂ ഉള്‍പ്പെടെ 110 പേര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ  അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചവിമാനം 3.45 ന് മാലെയില്‍ എത്തി. ലാന്‍ഡിങ്ങിനിടെ  റണ്‍വെ മാറി ഇറങ്ങിയ വിമാനത്തിന്റെ  രണ്ട് ടയറുകളും പഞ്ചറാകുകയായിരുന്നു. ഗതി തെറ്റിയ വിമാനം റണ്‍വേയില്‍ നിന്ന് മാറി സമീപത്ത് നിര്‍മ്മാണത്തിലിരുന്ന മറ്റൊരു റണ്‍വെയിലേക്ക് വഴുതി മാറി. റണ്‍വെ മാറി ഇറങ്ങിയതറിഞ്ഞ പൈലറ്റ് പെട്ടെന്ന് വിമാനം നിര്‍ത്താന്‍ ശ്രമിച്ചതാണ് ടയറുകള്‍ പഞ്ചാറാകാന്‍ കാരണമെന്ന് അറിയുന്നു. 

വിമാനത്താവളത്തിലെ  സുരക്ഷ സേനയും ഫയര്‍ഫോഴ്‌സും എത്തി യാത്രക്കാരെ വിമാനത്തില്‍ നിന്ന് മാറ്റി. പിന്നീട് വിമാനം കെട്ടി വലിച്ച് ബേയിലേക്ക് മാറ്റി. ഈ വിമാനമാണ് തിരികെ തിരുവനന്തപുരത്തെത്തി എഴ് മണിക്ക് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തേണ്ടത്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തെ   തിരുവനന്തപുരം  ഡല്‍ഹി സര്‍വ്വീസ് റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.