പ്രളയാനന്തര കൗതുകമായി ഈ മണല്‍പ്പുറം

Saturday 8 September 2018 3:14 am IST

കൊച്ചി: പ്രളയത്തിനു ശേഷം കാണുന്നതത്രയും നോവുണര്‍ത്തുന്ന കാഴ്ചകളാണ്. എന്നാല്‍ മനസ്സു തണുക്കാന്‍ പ്രകൃതി ചില കൗതുകക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് പെരിയാറിന്റെ തീരത്തുള്ള ശ്രീഭൂതപുരം പ്രദേശത്ത് രൂപപ്പെട്ട മണല്‍പ്പുറം. 

നേരത്തെ ആരാലും അറിയപ്പെടാത്ത സ്ഥലമായിരുന്നു ശ്രീമൂലനഗരത്തുനടുത്തുള്ള ശ്രീഭൂതപുരം. ഇവിടെയാണ് പ്രാചീന കവിതകളായ വെണ്‍മണി അച്ഛനും മകനും പിറന്ന ഇല്ലം. കഴിഞ്ഞ 20 വര്‍ഷമായി നടന്നുകൊണ്ടിരുന്ന മണല്‍വാരല്‍ പുഴയെ ഇല്ലാതാക്കി. പുഴത്തീരം കാടുപിടിച്ചു, പുല്ല് നിറഞ്ഞു, കുളിക്കടവുകള്‍ ഇല്ലാതായി.

എന്നാല്‍ കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ മലനിരകളില്‍ നിന്നും മണലും എക്കലും ഒഴുകിയെത്തിയതോടെ 100 ഏക്കറിനടുത്തുള്ള മണല്‍പ്പുറം ഇവിടെ രൂപപ്പെട്ടു. ഇത്രനാള്‍ ചുരുക്കം ചില യാത്രക്കാര്‍ക്കുമാത്രമായാണ് കടത്തുവഞ്ചി ഉണ്ടായിരുന്നത്. എന്നാലിന്ന് ശ്രീഭൂതപുരത്തെ മണല്‍പ്പുറത്തേക്ക് സായാഹ്നം ആസ്വദിക്കാനെത്തുന്നവര്‍ ധാരാളം. ഇവര്‍ക്കെല്ലാം വഞ്ചിയാത്ര കൗതുകവുമാണെന്നു കടത്തുകാരന്‍ മുഹമ്മദ് പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഈ മണല്‍പ്പുറം ഹിറ്റായതോടെ ചെറുകച്ചടക്കാരും സ്ഥലത്ത് ഇടംപിടിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരം കര കവര്‍ന്നതോടെ വേനല്‍ക്കാലത്ത് ജലസമൃദ്ധി കുറയുവാന്‍ ഇടയാക്കും. 

ശ്രീഭൂതപുരത്തു നിന്നും രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറു മാറിയുള്ള ചൊവ്വരയിലെ ബാലസംരക്ഷണ കേന്ദ്രമായ മാതൃച്ഛായയുടെ കടവിലും മണല്‍, എക്കല്‍ നിക്ഷേപം വന്നടിഞ്ഞ് കര രൂപപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് മാതൃച്ഛായയിലെ ഗോശാലയിലേക്കുള്ള പുല്ലും പച്ചക്കറികളുമെല്ലാം പെരിയാറിനു നടുവിലെ തുരുത്തില്‍ കൃഷി ചെയ്തിരുന്നു. മണല്‍വാരല്‍ ഇത് നഷ്ടപ്പെടുത്തിയെങ്കിലും പ്രകൃതി ആ മണല്‍ത്തിട്ടയെ വീണ്ടും വീണ്ടെടുത്തു തന്നതില്‍ സന്തോഷത്തിലാണ് നാട്ടുകാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.