കേന്ദ്രത്തിന് നിവേദനം നല്‍കാത്തതില്‍ ദുരൂഹത

Saturday 8 September 2018 6:00 am IST
പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കൈയയച്ച് സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പല തവണ പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോള്‍ അതുവരെ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് നിരത്തിയതും വെള്ളമിറങ്ങിയ ശേഷം ചില മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിനുണ്ടായ നഷ്ടക്കണക്ക് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പടുത്തിയതുമാണ് ഇതുവരെ ചെയ്തത്്

തിരുവനന്തപുരം:  പ്രളയദുരിതത്തില്‍നിന്ന് കരകയറാന്‍  സഹായമെല്ലാം ചെയ്യാമെന്ന് കേന്ദ്രം തുടര്‍ച്ചയായി പറഞ്ഞിട്ടും ആവശ്യങ്ങള്‍ അടങ്ങുന്ന സമഗ്രമായ പാക്കേജ് കേന്ദ്രത്തിനു നല്‍കാത്തതിനു പിന്നില്‍ ദുരൂഹത. വെള്ളമിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സഹായം ആവശ്യപ്പെട്ട് നിവേദനം കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കേന്ദ്ര സഹായത്തേക്കാള്‍ പണപ്പിരിവിനും വായ്പ എടുക്കലിനുമാണ് കേരളത്തിനു താല്‍പര്യം.

പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ സഹായങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും  കൈയയച്ച് സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പല തവണ പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോള്‍ അതുവരെ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് നിരത്തിയതും വെള്ളമിറങ്ങിയ ശേഷം ചില മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിനുണ്ടായ നഷ്ടക്കണക്ക് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പടുത്തിയതുമാണ് ഇതുവരെ ചെയ്തത്്.

പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്കായിരുന്നു എന്ന് തെളിഞ്ഞു. മാത്രമല്ല പിന്നീടും പ്രളയമുണ്ടായി വന്‍ നാശം വന്നതില്‍ പുതിയ നിവേദനം നല്‍കുമെന്നും അതേ പരിഗണിക്കാവൂ എന്ന് കേരളം അറിയിക്കുകയും ചെയ്തു. വീടുകളുടെ പുനരുദ്ധാരണത്തിന്‍ തദ്ദേശമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് 499  കോടിയാണ്. കൃഷിവകുപ്പ് ചോദിച്ചിരിക്കുന്നത്് 1300 കോടിയും. ഇങ്ങനെ ചോദിക്കുന്നതിനു പകരം വ്യക്തമായ കണക്കുകളുടെ പിന്‍ബലത്തില്‍ പാക്കേജ് ആവശ്യപ്പെട്ട്് നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്.  കേന്ദ്രസഹായം തോന്നിയതുപോലെ ചെലവഴിക്കുന്നതില്‍ തടസ്സമുണ്ട് എന്നതുതന്നെയാണ് കേരളത്തിന്റെ താല്‍പര്യക്കുറവിനു കാരണം. പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 16,000 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് ധനവകുപ്പ് അവസാനമായി കണക്കാക്കിയിരിക്കുന്നത്്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയ 600 കോടിക്ക് പുറമെ 4000 കോടി കൂടിയേ പ്രതീക്ഷിക്കുന്നുള്ളൂ. യഥാര്‍ത്ഥ കണക്കെടുക്കുമ്പോള്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന തുക 5000 കോടിയ്ക്കടുത്തു മതിയാകും എന്നും സൂചനയുണ്ട്. 

കേന്ദ്രത്തോട് പണം ചേദിക്കുന്നതിനേക്കാള്‍ ധനമന്ത്രിക്ക് താല്‍പര്യം  ലോക ബാങ്ക്, എഡിബി  തുടങ്ങിയ ഏജന്‍സികളില്‍ നിന്നായി 5000 കോടി കടമെടുക്കാനാണ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ 2000 കോടി, അധിക മദ്യനികുതിയിലൂടെ 1000 കോടി, മന്ത്രിമാര്‍ വിദേശത്തു പിരിവു നടത്തി 1000 കോടി, ഒരുമാസ ശമ്പളത്തിലൂടെ 1000 കോടി, ഹഡ്‌കോ, നബാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വായ്പയായി 2000 കോടി എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്്. ഇതില്‍ പലതിനും കേന്ദ്ര സഹായം ആവശ്യമുണ്ടെങ്കിലും ഇങ്ങനെ കിട്ടുന്ന പണം നിയന്ത്രണമില്ലാതെ ചെലവിടാനാകും. സര്‍ക്കാരിന്റെ ആഗ്രഹവും അതുതന്നെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.