കെഎസ്ആര്‍ടിസിയെ സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളില്‍ ലയിപ്പിക്കാന്‍ നീക്കം

Saturday 8 September 2018 6:50 am IST
ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്വകാര്യകമ്പനികളില്‍ നിന്ന് ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിച്ചപ്പോള്‍ കാര്യമായ പ്രതിഷേധം ഉണ്ടാകാതിരുന്നതാണ് സര്‍ക്കാരിനെ ഈ നീക്കത്തിനു പ്രേരിപ്പിച്ചതിനു പിന്നില്‍. ജീവനക്കാരെ കോര്‍പ്പറേഷന് പുതിയതായി നിയമിക്കേണ്ടതായും വരില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ ലോക്കല്‍ സര്‍വീസുകളാണ് സഹകരണസംഘങ്ങള്‍ക്ക് നല്‍കുന്നത്. നിലവില്‍ മലബാര്‍ പ്രദേശങ്ങളില്‍ സിപിഎം നിയന്ത്രണങ്ങളിലുള്ള മോട്ടോര്‍ സഹകരണസംഘങ്ങള്‍ പ്രൈവറ്റ് യാത്രാ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സിപിഎം നിയന്ത്രണങ്ങളിലുള്ള സഹകരണ സംഘങ്ങളിലേക്ക് ലയിപ്പിക്കാന്‍ നീക്കം. ആദ്യ പടിയായി  സഹകരണ സംഘങ്ങള്‍ വഴി  ബസ് വാടകയ്ക്ക് എടുത്ത് ഓടിക്കാനുള്ള ചര്‍ച്ചകളാണ് നടന്നു വരുന്നത്.  സിപിഎമ്മിന്റെ രഹസ്യ അജണ്ടയാണ് ഇതിനു പിന്നില്‍. ദീര്‍ഘദൂര  സര്‍വീസുകള്‍ക്ക് സ്വകാര്യകമ്പനികളില്‍ നിന്ന് ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിച്ചപ്പോള്‍ കാര്യമായ പ്രതിഷേധം ഉണ്ടാകാതിരുന്നതാണ് സര്‍ക്കാരിനെ ഈ നീക്കത്തിനു പ്രേരിപ്പിച്ചതിനു പിന്നില്‍.  ജീവനക്കാരെ കോര്‍പ്പറേഷന് പുതിയതായി നിയമിക്കേണ്ടതായും വരില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ ലോക്കല്‍ സര്‍വീസുകളാണ് സഹകരണസംഘങ്ങള്‍ക്ക് നല്‍കുന്നത്. നിലവില്‍ മലബാര്‍ പ്രദേശങ്ങളില്‍ സിപിഎം നിയന്ത്രണങ്ങളിലുള്ള മോട്ടോര്‍ സഹകരണസംഘങ്ങള്‍ പ്രൈവറ്റ് യാത്രാ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

  പെര്‍മിറ്റുമായി ബന്ധപ്പെട്ട് സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ സംഘങ്ങളുടെ ബസ് സര്‍വീസിനുള്ള അപേക്ഷകള്‍ ഇതിനകം ആര്‍ടിഒ ഓഫീസുകളില്‍ എത്തിയിട്ടുണ്ട്.  പെര്‍മിറ്റ് നേടിയെടുത്ത ശേഷം സഹകരണ സംഘങ്ങള്‍  ബസുകള്‍ വാങ്ങി കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് നല്‍കും.  കണ്ടക്ടറെയും ഡ്രൈവറെയും സഹകരണ സംഘങ്ങള്‍ നിയമിക്കണം. ബസിന്റെ തകരാറുകള്‍ പരിഹരിക്കേണ്ട ചുമതലയും   സംഘങ്ങള്‍ക്ക് തന്നെയാകും.  വരുമാനത്തിന്റെ വിഹിതമാണ് കോര്‍പ്പറേഷന് നല്‍കുക. ഇത് ഓരോ റൂട്ടിനും വ്യത്യസ്തമായിരിക്കും. വിഹിതം എങ്ങനെയായിരിക്കണം എന്നുള്ള ആലോചനയിലാണ് കോര്‍പ്പറേഷന്‍. സഹകരണ സംഘങ്ങളുമായി  കൈ കോര്‍ക്കുന്നതിനാല്‍ കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കരിച്ചില്ലെന്ന പേരു ദോഷത്തില്‍ നിന്നും സര്‍ക്കാരിന് മറികടക്കാനുമാകും.

 പ്രളയദുരന്തത്തെ തുടര്‍ന്ന് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായങ്ങള്‍ക്ക് ഇനി തടസ്സമുണ്ടാകും. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി കിഫ്ബി വഴി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്ന തുകയും ഇനി ലഭിക്കണമെന്നില്ല. ഇതേ തുടര്‍ന്നാണ് സഹകരണ സംഘങ്ങളെ കൂടെ കൂട്ടി ബസ് സര്‍വീസ് നടത്തുന്നതിനെക്കുറിച്ചുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.  

സഹകരണസംഘങ്ങള്‍ വഴി കെഎസ്ആര്‍സിടിയുടെ പെന്‍ഷന്‍ വിതരണത്തിനു പിന്നിലുള്ള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും ഇതായിരുന്നു. പെന്‍ഷന്‍ വിതരണത്തിന് തയാറായ സഹകരണ സംഘങ്ങള്‍ക്കാണ് ബസ് സര്‍വീസ് നടത്തുന്നതിന് മുന്‍ഗണന. കെഎസ്ആര്‍ടിസിയെ വട്ടം കറക്കുന്ന ശമ്പളവും പെന്‍ഷന്‍ വിതരണവും ഇതോടെ നാല്‍പ്പതു ശതമാനമായി ചുരുങ്ങും. പുതിയ നിയമനം നടത്താതെ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസുകളും സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് സര്‍വീസുകളായിരിക്കും ഭാവിയില്‍ കെഎസ്ആര്‍ടിസി നടത്തുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.