പരാതി മുക്കിയത് സമ്മതിച്ച് സിപിഎം

Saturday 8 September 2018 7:15 am IST
പരാതി പാര്‍ട്ടി സെക്രട്ടറി നേരിട്ടു കേട്ടുവെന്നും അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നുവെന്നും സിപിഎം തന്നെ സമ്മതിച്ചു. ആഗസ്റ്റ് 14 ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് പി.കെ.ശശിയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണവും കേട്ടു.

തിരുവനന്തപുരം: പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക അതിക്രമത്തിന്  ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നല്‍കിയ പരാതി മുക്കിയത് തുറന്ന് സമ്മതിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പരാതി, പാര്‍ട്ടി തന്നെ മുക്കിയതെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇത്രയും നാളും പരാതിയെക്കുറിച്ച് അറിയില്ലെന്ന നിലപാട് എടുത്ത സിപിഎം തന്നെ ആഗസ്റ്റ് 14 നു സംസ്ഥാനകമ്മിറ്റി മുമ്പാകെ പരാതി ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി. 

പരാതി പാര്‍ട്ടി സെക്രട്ടറി  നേരിട്ടു കേട്ടുവെന്നും അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നുവെന്നും സിപിഎം തന്നെ സമ്മതിച്ചു. ആഗസ്റ്റ് 14 ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് പി.കെ.ശശിയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണവും കേട്ടു.

തുടര്‍ന്ന് ആഗസ്റ്റ് 31ന്  ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചുവെന്നും  പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവരെ പരാതി അന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ് ആഗസ്റ്റ് 31 ന് തന്നെ ചുമതലപ്പെടുത്തിയെന്നും സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

 

 

പാര്‍ട്ടി ജില്ലാസെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതൃത്വവും സിപിഎം സംസ്ഥാനനേതൃത്വവും ഇതുവരെ 'അറിയാതിരുന്ന' പരാതിയാണ് ആഗസ്റ്റ് 14 നു തന്നെ കിട്ടിയിരുന്നുവെന്ന് സിപിഎം സമ്മതിച്ചത്. പാര്‍ട്ടി പിബി ഇക്കാര്യത്തില്‍ ഒരു നിര്‍ദേശവും സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയിട്ടില്ലെന്ന് പിബി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും  ദിവസേന പുതിയ കഥകള്‍ മെനയുന്നവരുടെ താല്‍പര്യം മറ്റെന്തോ ആണെന്നുമാണ് സെക്രട്ടേറിയറ്റിന്റെ വാദം. ഇതോടെ പെണ്‍കുട്ടിയുടെ പരാതി സത്യമാണെന്ന് വ്യക്തമായി. പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് വൃന്ദാ കാരാട്ടിനെ പെണ്‍കുട്ടി സമീപിച്ചിരുന്നു. പിബി അംഗമായ വൃന്ദയും പരാതി ഒതുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിഷയം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചു. പരാതി പരിശോധിക്കാന്‍ യെച്ചൂരി പറഞ്ഞത് ചോര്‍ന്നതാണ് പി.കെ ശശിയെ രക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന് തിരിച്ചടിയായത്. ആദ്യഘട്ടത്തില്‍ ഏതു പരാതിയെന്ന് കൈമലര്‍ത്തിയ നേതൃത്വം സമൂഹമധ്യത്തിലും അണികള്‍ക്കു മുന്നിലും നാണം കെട്ടതോടെയാണ് പരാതി കിട്ടിയ കാര്യം തുറന്നു സമ്മതിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.