വീര്യം ചോരുന്ന രണം

Saturday 8 September 2018 9:45 am IST
സാധാരണക്കാരും വലിയവരുമായ അമേരിക്കന്‍ മലയാളികളുടെ ചില ജീവിതപ്രശ്‌നങ്ങള്‍. സാമ്പത്തീക പരാധീനതകൊണ്ട് പിടിച്ചു നില്‍ക്കാനാവാതെ വേദനിക്കുന്ന ഭാസ്‌ക്കരന്‍ എന്ന നന്ദുവിന്റെ കുടുംബം. സമ്പത്തിന്റെ അഹന്തയും തിരക്കുംകൊണ്ട് പരസ്പ്പരം മനസിലാകാതെ ഒരു കുടുംബത്തില്‍ കഴിയുന്ന റിയല്‍ എസ്റ്റേറ്റ് രാജാവായ രാജനും ഭാര്യയും. അവര്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മകള്‍. ഇതിനിടയില്‍ എല്ലാവരുമായി കണ്ണികോര്‍ക്കുന്ന ലഹരിമാഫിയ. പണത്തിനായി ലഹരിവില്‍ക്കുന്ന ചെറുപ്പം. മാഫിയ തലവനും ശ്രീലങ്കന്‍ തമിഴനുമായ ദാമോദറിന്റെ സംഘത്തില്‍ പെട്ടുപോകുകയും അതില്‍നിന്നു ഊരിപ്പോകാനും മറ്റുള്ളവരുടെ രക്ഷയെകരുതിയും അയാളെ വധിക്കുന്ന പൃഥ്വിയുടെ ആദിയെന്ന നായകനുമാകുമ്പോള്‍ കഥയുടെ ചുറ്റുവട്ടവുമായി.

പുതിയ കഥ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നുവെന്ന വ്യാജേനെ പഴയകഥ അതിലും പഴയ രീതിയില്‍ അവതരിപ്പിച്ചാല്‍ എന്താകും അവസ്ഥ. അതാണ് രണം എന്ന പുതിയ പൃഥ്വിരാജ് സിനിമയ്ക്കും സംഭവിച്ചത്. അമേരിക്കന്‍ പശ്ചാത്തലത്തില്‍ സിനിമയെടുത്താല്‍ പ്രേക്ഷകന്‍ കണ്ടിരിക്കുമെന്ന തരികിട ചിന്തകള്‍ക്കൊക്കെ അപ്പുറമാണ് മലയാളി എന്നു വിചാരിക്കാത്തതാണ് നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത രണത്തിന് വീര്യമൊന്നും ഇല്ലാതെപോയതിനു കാരണം.

റഹ്മാന്റെ ഗംഭീര പെര്‍ഫോമന്‍സും ഇഷ തല്‍വാറിന്റെ മികച്ച ഭാവങ്ങളും ഹോളിവുഡിനെ അനുസ്മരിപ്പിക്കുന്ന ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഉള്ളതുകൊണ്ടുമാത്രം ചലനമുണ്ടാക്കാന്‍ രണത്തിനാവില്ലെന്നതിന്റെ തെളിവാണ് പടംപോര എന്നു പറഞ്ഞുകൊണ്ടുതന്നെ തിയറ്റര്‍ വിടുന്ന പൃഥ്വിരാജിന്റെ ഫാന്‍സുകാരുടെ നിരാശ.

സാധാരണക്കാരും വലിയവരുമായ അമേരിക്കന്‍ മലയാളികളുടെ ചില ജീവിതപ്രശ്‌നങ്ങള്‍. സാമ്പത്തീക പരാധീനതകൊണ്ട് പിടിച്ചു നില്‍ക്കാനാവാതെ വേദനിക്കുന്ന ഭാസ്‌ക്കരന്‍ എന്ന നന്ദുവിന്റെ കുടുംബം. സമ്പത്തിന്റെ അഹന്തയും  തിരക്കുംകൊണ്ട് പരസ്പ്പരം മനസിലാകാതെ ഒരു കുടുംബത്തില്‍ കഴിയുന്ന റിയല്‍ എസ്റ്റേറ്റ് രാജാവായ രാജനും ഭാര്യയും. അവര്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മകള്‍. ഇതിനിടയില്‍ എല്ലാവരുമായി കണ്ണികോര്‍ക്കുന്ന ലഹരിമാഫിയ. പണത്തിനായി ലഹരിവില്‍ക്കുന്ന ചെറുപ്പം. മാഫിയ തലവനും ശ്രീലങ്കന്‍ തമിഴനുമായ ദാമോദറിന്റെ സംഘത്തില്‍ പെട്ടുപോകുകയും അതില്‍നിന്നു ഊരിപ്പോകാനും മറ്റുള്ളവരുടെ രക്ഷയെകരുതിയും അയാളെ വധിക്കുന്ന പൃഥ്വിയുടെ ആദിയെന്ന നായകനുമാകുമ്പോള്‍ കഥയുടെ ചുറ്റുവട്ടവുമായി.

പ്രണയത്തിന്റെ ജാഡകളൊന്നും രണത്തിലില്ല. പതിനാറുകാരി പെണ്‍കുട്ടിയുടെ മാതാവായ സീമയും ആദിയും വ്യത്യസ്തമായ സാഹചര്യത്തില്‍പരസ്പരം ഇഷ്ടപ്പെട്ടുപോകുന്നത് ഈ ചിത്രത്തിലെ ഹൈലൈറ്റാണ്. ഇവരുടെ സംഭാഷണങ്ങളും അതീവഹൃദ്യം. ഇതിലെ മലയാളികളായ കഥാപാത്രങ്ങള്‍ തന്നെ മുട്ടിനു മുട്ടിന് ഇംഗ്ലീഷ് പറയുന്നത് ആരോടാണെന്നു മനസിലാകുന്നില്ല. മലയാള സിനിമയില്‍ മലയാളിയോടു തന്നെയാണോ ഇവരിതു പറയുന്നത്!

ഭാവാഭിനയംകൊണ്ട് മലയാള സിനിമ അത്രയ്ക്കു സമ്പന്നമല്ലെന്നിരിക്കെ റഹ്മാന്‍ മലയാളത്തിന് അനിവാര്യമാണ് എന്നുതന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും തോന്നുക. ആദ്യാവസാനം ഭാവഭദ്രതകൊണ്ട് ദാമോദര്‍ എന്ന മാഫിയതലവന്‍ നൂറു ശതമാനവും റഹ്മാനില്‍ ഫിറ്റാണ്. ഈ നടന്‍ എവിടെയായിരുന്നു ഇത്രയുംകാലമെന്ന് ചോദിച്ചുപോകുന്നു. പൃഥ്വിക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

നായകന്‍ എന്ന നിലയില്‍ നല്ല വേഷഭൂഷാദികള്‍ വേണം എന്ന അബദ്ധധാരണ പൃഥ്വിരാജിന്റെ നായകനില്ലാത്തത് ഉചിതം തന്നെ.  വെറും നായികയായി മാത്രം കണ്ട ഇഷയെ കാണികള്‍ രണത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടും. മനോവ്യഥ അനുഭവിക്കുന്ന യുവതിയായ അമ്മയുടെ വേഷത്തില്‍ ഇഷ കസറിയിട്ടുണ്ട്. ഇവരുടെ മുഖത്ത് സാന്ദര്‍ഭികമായി നിറയുന്ന ഭാവങ്ങള്‍ ശ്രദ്ധാര്‍ഹം തന്നെ. 

പതിറ്റാണ്ടുകള്‍ക്കു മുന്‍പു കണ്ടുമടുത്ത പ്രമേയം  ചടുലമായ ആവിഷ്‌ക്കരണത്തോടെ കുറെയൊക്കെ പുതുമ വരുത്താമായിരുന്നു. തിരക്കഥ എഴുതിയ സംവിധായകന് ഇതൊന്നും ശ്രദ്ധിക്കാനായില്ലെന്നു തോന്നുന്നു. കഥയ്ക്കനുസരിച്ച് ചിത്രം ഒരിക്കല്‍പ്പോലും വേഗത കൈവരിക്കുന്നില്ല. ആദ്യ ചില മിനിറ്റുകള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചത് തുടരാനായില്ല. കാണികള്‍ വിചാരിക്കുന്ന തരത്തില്‍ തന്നെ കഥപോയത് വല്ലാതെ മുഷിപ്പിക്കുന്നു. ആകാംക്ഷയുടെ ഒരു ട്വിസ്റ്റുപോലും ഇല്ലാതെ പോയി. വില്ലന്റേയും നായകന്റേയും സംഭവങ്ങള്‍ പതിവുക്‌ളീഷേകള്‍ മാത്രം.                                     

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.