ഞങ്ങള്‍ക്ക് അഭയയുടെ ഗതിവരും; ഭയന്നുവിറച്ച് കന്യാസ്ത്രീകള്‍

Saturday 8 September 2018 11:55 am IST
സിസ്റ്റര്‍ അമല ആത്മഹത്യ ചെയ്തതല്ല, കൊന്നതാണ്. അഭയക്കേസ് മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട തെളിവും രേഖകളും കത്തിച്ചു കളഞ്ഞു. കോടതിയെ, സുപ്രീം കോടതിയെ പോലും പുല്ലായിക്കാണുന്ന ഒരു കൂട്ടം സഭാ നേതാക്കളില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഞങ്ങളുടെ സമരം, കന്യാസ്ത്രീകള്‍ പറഞ്ഞു.

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും അതുപോലെ ഞങ്ങളും കൊല്ലപ്പെടാമെന്നും ഉത്കണ്ഠ പങ്കുവെച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനും സഭയ്ക്കുമെതിരേ ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹസമരം നടത്തുകയായിരുന്നു കന്യാസ്ത്രീകള്‍. 

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണ്. അഭയക്കേസ് മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട തെളിവും രേഖകളും കത്തിച്ചു കളഞ്ഞു. കോടതിയെ, സുപ്രീം കോടതിയെ പോലും പുല്ലായിക്കാണുന്ന ഒരു കൂട്ടം സഭാ നേതാക്കളില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഞങ്ങളുടെ സമരം, കന്യാസ്ത്രീകള്‍ പറഞ്ഞു.

സഭ പറ്റിയ തെറ്റ് തിരുത്താന്‍ തയാറാവണം. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം നടപടികള്‍ക്ക് സന്നദ്ധരാകണം. സഭയുടെ നടപടി ക്രമങ്ങള്‍ നടക്കട്ടെ. കുറ്റക്കാര്‍ രാജ്യത്തെ നിയമപ്രകാരം ശിക്ഷിക്കപ്പെടണം. അത് തെറ്റുകാരുടെ എണ്ണം കുറയ്ക്കും. സഭയോട് സാധാരണ ജനങ്ങള്‍ക്ക് ആദരവ് കൂടും, കന്യാസ്ത്രീകള്‍ പറഞ്ഞു.

സഭയില്‍ പണ്ടുമുതലേ ഇത്തരം സംഭവങ്ങളുണ്ട്. സിസ്റ്റര്‍ അഭയയുടെ സംഭവം മാത്രമാണ് ജനങ്ങള്‍ അറിഞ്ഞത്. പലതും അറിഞ്ഞിട്ടും അനുഭവവുമുണ്ടായിട്ടും മിണ്ടാതിരുന്നത്. സഭയില്‍ എത്തി, അവിടെ ജീവിച്ച് മരിക്കുംവരെ ഒത്തുപോകാനാണ് ശ്രമിച്ചത്. സാധിക്കില്ലെന്നു വന്നപ്പോഴാണ് ഇങ്ങനെ തുറന്നു പറയാന്‍ ഇടവന്നത്. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. സത്യത്തിന് വേണ്ടി നില്‍ക്കുമ്പോള്‍ അഭയമാര്‍ ഇനിയും ഏറെ ഉണ്ടാകാം, അവര്‍ പറഞ്ഞു.

സഭയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഏറെയാണ്. ലൈംഗിക അരാജകത്വം നടക്കുകയാണ്. എന്നുകരുതി സഭയില്‍ എല്ലാവരും അത്തരക്കാരാണെന്നല്ല. പക്ഷേ, ഒരു പറ്റം ഉണ്ട്. അവരുടെ അധീശത്വം ഇല്ലാതാക്കണം. സഭയുടെ ഘടന ഉടച്ചുവാര്‍ക്കണം. അതാണ് ലക്ഷ്യം, കന്യാസ്ത്രീകള്‍ പറഞ്ഞു.

'''ഞങ്ങളുടെ ജീവന്‍ അപകടത്തില്‍,' 'പോലീസ് നീതി പാലിക്കുക,' 'ഫ്രാങ്കോയെ സംരക്ഷിക്കുന്നതെന്തിന്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലേക്കാര്‍ഡുമായാണ് കന്യാസ്ത്രീകള്‍ സമരത്തിനിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.