ഭുവനേശ്വര്‍: പൈക അഖാഡ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വിഭാഗത്തില്‍ പെടുന്ന 46,000-ല്‍ അധികം വരുന്ന കലാകാരന്മാര്ക്ക് പ്രതിമാസം പെന്ഷന് നല്കാന് ഓഡിഷ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി കലാകര്‍ സഹായ യോജന പദ്ധതിയില്‍(എംഎംകെഎസ്വൈ) ഉള്‍പ്പെടുത്തിയാണ് കലാകാരന്മാര്ക്ക് സാമ്പത്തിക സാഹയനം നല്‍കുന്നത്. ഉടന്‍തന്ന വിതരണം ആരംഭിക്കും.
ബിജെഡി എംഎല്‍എ രാജേന്ദ്ര കുമാര്‍ സഹുവിന്റെ ചോദ്യത്തിനുള്ള മറുപടിയായി ഒഡീഷ ഭാഷാ സാഹിത്യ, സംസ്കാരിക വകുപ്പ് മന്ത്രി പ്രഫുല്ല സമലാണ് വെള്ളിയാഴ്ച ഇക്കാര്യം നിയമസഭയെ അറിയിച്ചത്. 1976-ലെ പെന്ഷന് ചട്ടപ്രകാരം 4,000 നിര്‍ധനരായ കലാകാരന്മാര്ക്ക് മാസം 1,200 രൂപ പെന്ഷന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കലാകാരന്മാരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മെയ് 26 മുതലാണ് എംഎംകെഎസ്വൈ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയത്. പദ്ധതിയില്‍ അംഗമാകാന്‍ വിവിധ ജില്ലകളില്‍നിന്നായി ഏകദേശം 62,000 പേര് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 46,000 പേര്‍ക്കാണ് ഇപ്പോള്‍ പെന്ഷന് നല്കാന് തീരുമാനിച്ചിരിക്കുന്നത്. ജില്ലാതല കമ്മിറ്റികള്‍ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: