വാണിജ്യ ആവശ്യങ്ങള്‍ക്കായി നേപ്പാളിന് തുറമുഖങ്ങള്‍ തുറന്നുകൊടുത്ത് ചൈന

Saturday 8 September 2018 1:06 pm IST

കാഠ്മണ്ഡു: വാണിജ്യ ആവശ്യങ്ങള്‍ക്കായി നേപ്പാളിന് നാലു തുറമുഖങ്ങള്‍ തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി ചൈന. ടിയാന്‍ജിന്‍, ഷെന്‍സെന്‍, ലിയാന്‍ഗാംഗ്, സാന്‍സിയാംഗ് എന്നി തുറമുഖങ്ങളിലൂടെ കയറ്റിറക്കുമതി നടത്താനുള്ള അനുമതിയാണ് ചൈന നല്‍കിയിരിക്കുന്നത്. ചൈനയിലെയും നേപ്പാളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കാഠ്മണ്ഡുവില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. 

നിലവില്‍ ഇന്ധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യന്‍ തുറമുഖങ്ങളെയായിരുന്നു നേപ്പാള്‍ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത്. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.

ഇന്ത്യയുടെ രണ്ട് തുറമുഖങ്ങള്‍ക്ക് പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാന്‍ ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.