ജക്കാര്‍ത്തയിലെ ജേതാക്കള്‍

Sunday 9 September 2018 2:44 am IST
പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ സമാപിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമായിരുന്നു. വിവിധയിനങ്ങളില്‍ പതിനഞ്ച് സ്വര്‍ണ്ണ മെഡലുകളാണ് അവര്‍ വാരിക്കൂട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്പാദ്യം.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് ഭാരതത്തിന്റെ കായികചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ആകെ നേടിയ മെഡലുകളുടെ എണ്ണത്തില്‍(69), 2010 ഗാങ്ഷു ഗെയിംസ് പ്രകടനത്തെ മറികടന്നതോടൊപ്പം, വ്യക്തിഗതനേട്ടങ്ങളില്‍ പുലര്‍ന്നുകണ്ട ഉയര്‍ന്ന നിലവാരം, ജക്കാര്‍ത്തയിലെ കായിക ശ്രമങ്ങളെ അവിസ്മരണീയമാക്കി. പരമ്പരാഗതമായി ഭാരതം കരുത്തുകാട്ടാറുള്ള കബഡിയിലും ഹോക്കിയിലും നേരിട്ട തിരിച്ചടികള്‍ നല്‍കിയ നിരാശ മറികടക്കാന്‍ അത്‌ലറ്റിക്‌സിലും ഷൂട്ടിങ്ങിലും കൈവന്ന മുന്നേറ്റംകൊണ്ട് സാധ്യമായി. ഭാരതം ടീമിനത്തിലും വ്യക്തിഗതവിഭാഗത്തിലുമായി മത്സരിച്ച ആകെ 36 ഇനങ്ങളില്‍ 19-ലും മെഡല്‍ നേടുകയെന്ന അപൂര്‍വ ബഹുമതിക്കും ജക്കാര്‍ത്ത സാക്ഷിയായി. ഖുറാഷ്, സെപക്തക്ര, വുഷു, ടിക്വോന്‍ഡോ തുടങ്ങി താരതമ്യേന പ്രചാരം കുറഞ്ഞ ഇനങ്ങളില്‍ ഭാരതത്തിന്റെ താരങ്ങള്‍ ആദ്യമായി മെഡലണിഞ്ഞു. 

'ഖേലോ ഇന്ത്യ'യുടെ ഉണര്‍വുകള്‍

2016 റിയോ ഒളിമ്പിക്‌സിലെ മങ്ങിയ പ്രകടനങ്ങള്‍ക്കുശേഷം കായികരംഗത്ത് പുതിയ ഉണര്‍വുകള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര കായികവകുപ്പ് മന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച 'ഖേലോ ഇന്ത്യ' എന്ന ബൃഹത്കായികപദ്ധതിയുടെ വിജയമാണ് ജക്കാര്‍ത്തയില്‍ ഉജ്ജ്വല പ്രകടനങ്ങളായി രൂപംപൂണ്ടത്. ഇതിന്റെ ഭാഗമായി ഓരോ ഇനത്തിലും മെഡല്‍സാധ്യതയുള്ള കായികപ്രതിഭകള്‍ക്ക് വിദേശരാജ്യങ്ങളില്‍ നല്‍കിയ ദീര്‍ഘകാല പരിശീലനവും മത്സരപരിചയവുമാണ് അത്‌ലറ്റിക്‌സിലും ഷൂട്ടിങ്ങിലുമെല്ലാം പുതിയ ഉയരങ്ങളിലെത്താന്‍ മത്സരാര്‍ത്ഥികളെ സഹായിച്ചത്.

ജക്കാര്‍ത്തയില്‍ ഇത്തവണ വിജയത്തുടക്കം ഷൂട്ടര്‍മാരിലൂടെയായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ പതിനാറുകാരനായ സൗരഭ് ചൗധരി ഈ ബഹുമതിക്ക് അര്‍ഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭാരതീയനായി. പിന്നാലെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്ത രാഖി സര്‍ണോബാത് ഷൂട്ടിങ്ങില്‍ ഭാരതത്തിനുവേണ്ടി സ്വര്‍ണം നേടുന്ന ആദ്യവനിതയെന്ന ഖ്യാതിയും സ്വന്തമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി ആറ് വെള്ളിയും ഒരു വെങ്കലവും നേടിയ ഭാരതീയ ഷൂട്ടര്‍മാര്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച സമ്പാദ്യമാണ് നേടിയത്. 

സൗവര്‍ണകാന്തിയാല്‍ പ്രശോഭിതമായിരുന്നു ഭാരതത്തിന്റെ മൂന്നാം ദിവസം. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌രംഗ് പൂനിയയും 50 കിലോഗ്രാം വനിതാ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും തങ്ങളുടെ ജാപ്പനീസ് എതിരാളികളെ മലര്‍ത്തിയടിച്ച് ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി. വിനേഷ് ആകട്ടെ ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഭാരതീയ വനിതയുമായി. 1978 ക്വലാലംപൂര്‍ ഗയിംസിനുശേഷം ഗുസ്തിയില്‍ രണ്ട് പൊന്‍പതക്കങ്ങളും ഒപ്പം വന്നു.

മെഡല്‍കൊയ്ത്തിന്റെ  അശ്വവേഗം

പിന്നീട് സ്വര്‍ണത്തിന്റെ വരവിന് ഇടവേളകളുണ്ടായിരുന്നില്ല. വഞ്ചിതുഴയല്‍ ടീം ഇനത്തില്‍ ഭാരത സൈനികരായ സ്വരണ്‍സിങ്, ദത്തുദൊക്കനാല്‍, ഓംപ്രകാശ്, സുഖ്മീത് സിങ് സഖ്യം പരമ്പരാഗത ശക്തികളായ കൊറിയയെ പിന്‍തള്ളി സ്വര്‍ണം തുഴഞ്ഞെടുത്തു. ടെന്നിസ് ടീമിനത്തില്‍ മെഡല്‍ നേടാനായില്ലെങ്കിലും റോഹന്‍ ബൊപ്പണ്ണ-ഡിവിജ് ശരണ്‍ ശഖ്യം ഡബിള്‍സില്‍ സ്വര്‍ണത്തിളക്കത്തിലേക്ക് സെര്‍വ് ചെയ്ത് കയറി. 

എന്നാല്‍ ഭാരതത്തിന്റെ മെഡല്‍ക്കൊയ്ത്തിന് അശ്വവേഗം ലഭിക്കുന്നത് അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ആരംഭത്തോടെയാണ്. ത്രസിപ്പിക്കുന്നതും മനോഹരവുമായ ഒരു ഹൈ ആക്ഷനിലൂടെ 88.06 മീറ്റര്‍ എന്ന അത്ഭുത ദൂരത്തിലേക്ക് ജാവലിന്‍ പായിച്ച നീരജ് ചോപ്ര എന്ന നീളന്‍ മുടിക്കാരന്‍ പയ്യന്‍ ഭാരതത്തിന് നേടിത്തന്നത് സ്വര്‍ണസ്പര്‍ശം മാത്രമല്ല, വരാനിരിക്കുന്ന ഒളിമ്പിക്‌സിലേക്കുള്ള സുവര്‍ണസ്വപ്‌നം കൂടിയാണ്. ജാവലിന്‍ത്രോയില്‍ നടപ്പുവര്‍ഷത്തെ ലോക ഒന്നാം നമ്പറുകാരന്‍ ചാവോ ചെന്‍സെങ്ങിനെ ബഹുദൂരം പിന്നില്‍ നിര്‍ത്തിയാണ് നീരജ് മുന്നേറിയത്. തൊട്ടടുത്ത കളത്തില്‍നിന്ന് പിന്നാലെ വന്നൂ തേജീന്ദര്‍പാല്‍സിങ് ടൂറിന്റെ ഏഷ്യന്‍ ഗെയിംസ് റെക്കോഡ് തകര്‍ത്ത ഷോട്ട്പുട്ട് സ്വര്‍ണം. 20.75 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് തള്ളിയെറിഞ്ഞ തേജീന്ദറിന്റെ കരുത്തില്‍ സ്തബ്ധനായ മുന്‍ചാമ്പ്യന്‍ സുല്‍ത്താന്‍ അബ്ദുള്‍ മജീദ് അല്‍ ഹെബ്ഷി എന്ന സൗദി അറേബ്യക്കാരന്റെ ഏറുകളെല്ലാം ഫൗളായി, മെഡല്‍ കിട്ടാതെ പുറത്തായി.

വനിതാവിഭാഗം ഹെപ്റ്റാത്തലണില്‍ കടുത്ത പല്ലുവേദന സഹിച്ച് ഇച്ഛാശക്തിയോടെ പൊരുതിയ സ്വപ്‌ന ബര്‍മന്‍ നേടിയെടുത്ത സ്വര്‍ണപ്പതക്കം സ്വപ്‌നസമാനമായിരുന്നു. ഈയിനത്തില്‍ റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ മത്സരിച്ച കസാഖിസ്ഥാന്‍ അത്‌ലറ്റിന് സ്വര്‍ണ സാധ്യത കല്‍പിച്ചിരുന്നവര്‍ സ്വപ്‌നയെ ഗൗരവത്തിലെടുത്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഏഴിനങ്ങളിലും മികച്ച സമയവും ദൂരവും കുറിച്ച ഈ ഇരുപത്തൊന്നുകാരി ബംഗാളി പെണ്‍കുട്ടി 6064 പോയിന്റ് നേടിയപ്പോള്‍ അത് ഏഷ്യാ വന്‍കരയ്ക്കുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമായി. തൊട്ടുപിന്നാലെ ട്രിപ്പിള്‍ ജമ്പില്‍ 16.77 മീറ്റര്‍ ദൂരത്തേക്ക് കുതിച്ച് നിലവിലുള്ള ഏഷ്യന്‍ ചാമ്പ്യനായ ചൈനക്കാരനെ പിന്നിലാക്കി ഭാരതത്തിന്റെ അര്‍പീന്ദര്‍സിങ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. അര്‍പീന്ദറിന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണമാണിത്.

തീപാറുന്ന പോരാട്ടങ്ങള്‍

ജക്കാര്‍ത്തയില്‍ നടന്ന ചില മത്സരങ്ങള്‍ ഭാരതീയ അത്‌ലറ്റുകളും അറബ് രാജ്യങ്ങളായ ഖത്തറും ബഹറിനും ആഫ്രിക്കയില്‍നിന്ന് കടം കൊണ്ടിറക്കിയ ലോകോത്തര ഓട്ടക്കാരും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങളായിരുന്നു. ഭാരതത്തിന്റെ അത്‌ലറ്റിക് രംഗത്തെ പുതുനക്ഷത്രപ്പിറവിയായ അസം പെണ്‍കുട്ടി ഹിമാദാസ് 400 മീറ്റര്‍ ഓട്ടത്തില്‍ പുതിയ ദേശീയ റെക്കോഡും ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഏഷ്യന്‍ സമയവും(50.70) കുറിച്ചെങ്കിലും ബഹറിന്റെ ആഫ്രിക്കന്‍ ഇറക്കുമതി താരമായ സല്‍വാ നാസറിന്(50.09) പിന്നില്‍  വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

പുരുഷവിഭാഗം നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം(48.96) രേഖപ്പെടുത്തിയ ഭാരതത്തിന്റെ ധരുണ്‍ അയ്യാസ്വാമി ബഹറിന്‍ അവതരിപ്പിച്ച നൈജീരിയക്കാരനു പിന്നില്‍ വെള്ളിയിലൊതുങ്ങി. ഈ വിധിതന്നെയാണ് 400 മീറ്ററില്‍ മുഹമ്മദ് അനസിനും നേരിടേണ്ടിവന്നത്. സ്വര്‍ണം ഉറപ്പിച്ച് ട്രാക്കിലിറങ്ങിയ അനസ് ഖത്തറിന്റെ ആഫ്രിക്കന്‍ റിക്രൂട്ട് അബ്ദുള്ള ഹനലിന് പിന്നിലായി. സമയം 45.69.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പുരുഷ വനിത 4 ഃ 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ അനസ്, ഹിമ, പൂവമ്മ, ആരോക്യരാജീവ് ടീമിനും 3000 മീറ്റര്‍ വനിതാ സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച സുധാസിങ്ങിനും സ്വര്‍ണം നിഷേധിച്ച് ആഫ്രിക്കന്‍ മതിലുയര്‍ന്നു. ബഹറിന്റെ ലേബലില്‍ അവര്‍ ഏഷ്യയില്‍ നിന്ന് സ്വര്‍ണം കടത്തി. ഈ ആഫ്രിക്കന്‍ അധിനിവേശം ഏറ്റവും വേദനാജനകമായി ഭവിച്ചത് ഭാരതത്തിന്റെ സ്പ്രിന്റ് രാജ്ഞിയായ ദ്യുതിചന്ദിനാണ്.

തന്റെ ഉയരക്കുറവിനെ അസാമാന്യമായ പ്രതിഭാവിലാസംകൊണ്ട് മറികടന്ന് ഏഷ്യന്‍ വന്‍കരയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് 100, 200 മീറ്റര്‍ ഹീറ്റ്‌സുകളില്‍ കൊടുങ്കാറ്റായി ഓടിത്തെളിയിച്ച ദ്യുതിക്ക് ഫൈനലില്‍ നേരിടേണ്ടിവന്നത് ഭൂഖണ്ഡം കടന്നെത്തിയ എഡിയോങ് ഒഡിയോങ് എന്ന നൈജീരിയക്കാരിയെയാണ്. അവസാനദൂരംവരെ ബഹറിന്റെ ആഫ്രിക്കന്‍ കരുത്തിനോട് ഒപ്പംനിന്ന ദ്യുതിക്ക് നൂറ് സെക്കന്റിന്റെ അംശത്തിന്റെ (0.2 സെക്കന്റ്) വ്യത്യാസത്തില്‍ ഇരുവിഭാഗത്തിലും വെള്ളിത്തിളക്കത്തിലേക്ക് താഴേണ്ടിവന്നു.

സമ്മോഹന നിമിഷങ്ങള്‍

പക്ഷേ അങ്ങനെ എല്ലാം കീഴടക്കിപ്പോകാന്‍ ഭാരതത്തിന്റെ അത്‌ലറ്റുകള്‍ ബഹറിനെയും ഖത്തറിനെയും അനുവദിച്ചില്ല. 800 മീറ്ററില്‍ മഞ്ജിത്‌സിങ്ങും 1500 മീറ്ററില്‍ ജിന്‍സണ്‍ എബ്രഹാമും വനിതാവിഭാഗം  4 ഃ 400 മീറ്റര്‍ റിലേയില്‍ ഹിമാദാസ്, സരിതബെന്‍, വിസ്മയ, പൂവമ്മ സഖ്യവും സ്വര്‍ണത്തില്‍ മുത്തമിട്ടു. ജക്കാര്‍ത്തയില്‍ ഭാരത അത്‌ലറ്റിക്‌സിന്റെ സമ്മോഹന നിമിഷങ്ങളായിരുന്നു അത്. പുകള്‍പെറ്റ ആഫ്രിക്കന്‍ സിംഹങ്ങള്‍ ഭാരതത്തിന്റെ ചുണക്കുട്ടികള്‍ക്ക് പിന്നില്‍ കിതച്ചുനില്‍ക്കുന്നതും ലോകം കണ്ടു. അങ്ങനെ പരസ്പരം നേരിട്ട അന്തിമ പോരാട്ടങ്ങളില്‍ പത്തില്‍ ഏഴിലും 'കടംകൊണ്ട അധിനിവേശശക്തി'കള്‍ക്ക് പിന്നിലായെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് ഭാരതീയ അത്‌ലറ്റുകള്‍ ജക്കാര്‍ത്ത വിട്ടത്. ഏഷ്യന്‍ വന്‍കരയില്‍ തങ്ങള്‍ക്കു മുന്നില്‍ മറ്റാരുമില്ലെന്ന തെളിവിന്റെ കരുത്തോടെ. 

വന്‍കരയ്ക്കുള്ളില്‍ നടക്കുന്ന കായികപോരാട്ടങ്ങള്‍ മേഖലയ്ക്കുള്ളിലുള്ളവര്‍ തമ്മിലാകണമെന്നാണ് നിലവിലുള്ള അലിഖിത ധാരണ. ഒളിമ്പിക്‌സും ബന്ധപ്പെട്ട ലോക ചാമ്പ്യന്‍ഷിപ്പുകളും മാത്രമാണ് ഈ ധാരണയ്ക്ക് അപവാദം. ഇങ്ങനെയിരിക്കെ പെട്രോഡോളറിന്റെ ബലത്തില്‍ സ്വതവേ തങ്ങള്‍ക്കില്ലാത്ത മിടുക്കിനെ താല്‍ക്കാലികമായി അന്യഭൂഖണ്ഡത്തില്‍നിന്ന് കടംകൊള്ളുന്ന അറബ് അതിക്രമം നീതീകരിക്കാനാകുന്നതല്ല. കായികലോകത്ത് നിലനിന്നുപോരുന്ന സഹവര്‍ത്തിത്വത്തില്‍ വിള്ളലുണ്ടാക്കുവാനേ അത്തരം അതിബുദ്ധികള്‍ ഉപകരിക്കൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.