പ്രേരണാദായകമായ ഒരു ജീവിതം

Sunday 9 September 2018 2:58 am IST
എണ്‍പത്തിയെട്ടു വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുക. അതും ഒറ്റത്തടിയായിട്ട്, എന്നതുതന്നെ വലിയ നേട്ടമാണല്ലോ. അങ്ങനത്തെ നടത്തത്തിനിടയില്‍ തളര്‍ന്നുവീണ് ജീവന്മുക്തി നേടുകയായിരുന്നു ബാലുശ്ശേരിയിലെ ശങ്കരന്‍ മാസ്റ്റര്‍.അദ്ദേഹം പ്രചാരകനായി പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെ ഒട്ടേറെ പഴയ പ്രവര്‍ത്തകര്‍ ബാലുശ്ശേരിയിലെത്തി ആദരാഞ്ജലിയും പൂര്‍ണാഹുതിയും അര്‍പ്പിച്ചു. അക്കൂട്ടത്തില്‍ ചിലരും എന്നെ വിളിച്ച് അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി.

രണ്ടുദിവസം മുന്‍പ് രാത്രി പത്തുമണിയാകാറായപ്പോള്‍ അത്തോളിയില്‍നിന്ന് മുന്‍പ്രചാരകന്‍ ശിവദാസിന്റെ ഫോണ്‍കോള്‍ വന്നു. വിചാരിച്ചിരിക്കാത്ത നേരത്ത് ഇങ്ങനെ വിളിക്കുന്നത് ശിവദാസിന്റെ കാര്യത്തില്‍ അസാധാരണമല്ല. ശിവദാസിന്റെ അടിയന്തരാവസ്ഥക്കാലം പലര്‍ക്കും ഓര്‍മയുണ്ടാകും. അക്കാലത്ത് ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട്ട് പ്രചാരകനായിരുന്നു. പോലീസിന്റെ പിടിയില്‍പ്പെട്ട് അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ അദ്ദേഹത്തെപ്പറ്റി 'മരണത്തെ വെല്ലുവിളിച്ചവര്‍' എന്ന കുരുക്ഷേത്ര പ്രസിദ്ധീകരണത്തില്‍ വായിക്കാം. 

ശിവദാസ് വിളിച്ചത് മുന്‍കാല പ്രചാരകന്‍ ബാലുശ്ശേരിയിലെ ശങ്കരന്‍ മാസ്റ്റര്‍ അന്തരിച്ച വിവരം അറിയിക്കാനായിരുന്നു. 1960-കളുടെ തുടക്കത്തില്‍ പ്രചാരകനായി വന്ന ശങ്കരന്‍ മാസ്റ്റര്‍ അടിയന്തരാവസ്ഥയ്ക്കുശേഷം 80-കളുടെ ഒടുക്കം വരെ പ്രചാരകനായി വിവിധ ചുമതലകള്‍ വഹിച്ചുപോന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി കഴിയുകയായിരുന്നു. ആരോഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ കൂടാതെ സ്വന്തം കാര്യങ്ങളുമായി കഴിഞ്ഞുവന്ന മാസ്റ്റര്‍ക്ക് പറയത്തക്ക അസുഖവുമുണ്ടായിരുന്നില്ല. ആദ്യകാല പ്രചാരകന്മാരെയും സംഘകാര്യകര്‍ത്താക്കളെയും പോലെ പദയാത്രയായിട്ടാണ് അദ്ദേഹം സുഹൃത്തുക്കളുമായി സമ്പര്‍ക്കം നിലനിര്‍ത്തി വന്നതത്രെ. 

എണ്‍പത്തിയെട്ടു വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുക. അതും ഒറ്റത്തടിയായിട്ട്, എന്നതുതന്നെ വലിയ നേട്ടമാണല്ലോ. അങ്ങനത്തെ നടത്തത്തിനിടയില്‍ തളര്‍ന്നുവീണ് ജീവന്മുക്തി നേടുകയായിരുന്നുവെന്ന് വിവരം വിളിച്ചറിയിച്ച ശിവദാസ് പറഞ്ഞു. അദ്ദേഹം പ്രചാരകനായി പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെ ഒട്ടേറെ പഴയ പ്രവര്‍ത്തകര്‍ ബാലുശ്ശേരിയിലെത്തി ആദരാഞ്ജലിയും പൂര്‍ണാഹുതിയും അര്‍പ്പിച്ചു. അക്കൂട്ടത്തില്‍ ചിലരും എന്നെ വിളിച്ച് അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി.

എണ്‍പത്തെട്ട് വയസ്സുവരെ സമാജസേവനം ചെയ്തു കഴിയുകയെന്നത് നിസ്സാര കാര്യമല്ല. ശങ്കരന്‍മാസ്റ്ററെപ്പറ്റി ചിന്തിക്കുമ്പോള്‍ പല സംഗതികളും മനസ്സില്‍ തെളിഞ്ഞുവരുന്നു. അദ്ദേഹം ബാലുശ്ശേരിക്കാരനാണ്. സംഘത്തെ സംബന്ധിച്ച് ബാലുശ്ശേരിയും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളാണ്. അവിടങ്ങളില്‍നിന്ന് സംഘചുമതല കൈയേറ്റ് വളര്‍ന്നുവന്ന് സമുന്നതസ്ഥാനത്തെത്തിയവര്‍ എത്രയെങ്കിലുമുണ്ട്. ബാലുശ്ശേരി നന്മണ്ട, ഉള്ള്യേരി, വട്ടോളി മുതലായ സ്ഥലങ്ങളിലും അവയുടെ ഉള്‍പ്രദേശങ്ങളിലും പ്രാന്തകാര്യവാഹായി പ്രവര്‍ത്തിക്കുന്ന ഗോപാലന്‍കുട്ടിമാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ 'തപസ്യ'യുടെ പ്രമുഖനായിരുന്ന രാജന്‍ നമ്പി എന്നിവരെ അറിയാത്തവര്‍ ആരുമുണ്ടാവില്ല.

ഞാന്‍ 1958 അവസാനത്തില്‍ തലശ്ശേരിയില്‍ താമസിച്ചുകൊണ്ട് അവിടം മുതല്‍ പയ്യോളി പേരാമ്പ്രവരെയുള്ള സ്ഥലങ്ങളിലെ സംഘചുമതല നോക്കിവന്ന കാലത്താണ് ശങ്കരന്‍ മാസ്റ്ററെ പരിചയപ്പെട്ടത്. 59-60 കാലമായപ്പോഴേക്ക് കൊയിലാണ്ടി താലൂക്കിന്റെ പ്രചാരകനായി പി. രാമചന്ദ്രനുമെത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ശാഖയില്‍ സഹപ്രവര്‍ത്തകരായിരുന്നതിനാല്‍ പരസ്പരം കാണണമെന്ന മോഹമുണ്ടായി.

കടുകു പൊട്ടിത്തെറിക്കുന്നതുപോലത്തെ ഒരു കുട്ടി പ്രചാരകന്‍ കൊയിലാണ്ടിയില്‍ വന്നിട്ടുണ്ടെന്നും, അവിടേയും ഉള്ള്യേരിയിലും മറ്റും ശാഖകള്‍ വന്‍തോതില്‍ തുടങ്ങിവരികയാണെന്നും പേരാമ്പ്രയിലേയും മറ്റും സ്വയംസേവകര്‍ പറഞ്ഞറിഞ്ഞു. പ്രാന്തപ്രചാരകനായിരുന്ന ദത്താജിയാകട്ടെ പ്രചാരകന്‍ സ്വന്തം കര്‍മക്ഷേത്രം  വിട്ടുപുറത്തുപോകുന്നതിനെ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് പേരാമ്പ്രയില്‍നിന്ന് ഉള്ള്യേരിക്ക് പോകേണ്ടിവന്നപ്പോള്‍ അവിടെവരെ അനുഗമിക്കാന്‍ എനിക്ക് അനുമതി ലഭിച്ചു. അന്ന് രാമചന്ദ്രനുമായി കാണാന്‍ അവസരമുണ്ടായി. പിന്നീട് അദ്ദേഹം കേന്ദ്രം ബാലുശ്ശേരിയിലെക്കു മാറ്റി.

ബാലുശ്ശേരിയിലെ സംഘപ്രവര്‍ത്തനത്തിന്  അതോടെ കുതിച്ചുകയറ്റമുണ്ടായി. അവിടത്തെ നെയ്ത്തു സമുദായത്തിന്റെ വിശാലമായ തെരുവില്‍ സംഘശാഖ ശക്തമായത് അക്കാലത്തായിരുന്നു. നെയ്ത്തുകാരുടെ സഹകരണസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ശങ്കരന്‍ മാസ്റ്ററെ സംഘത്തിലേക്കാകര്‍ഷിച്ചത് രാമചന്ദ്രന്റെ കാന്തിക സ്വഭാവമായിരുന്നു. സഹകരണ സംഘം സെക്രട്ടറിയെന്ന നിലയ്ക്ക് കൈത്തറി നെയ്ത്തു സമ്പ്രദായത്തിന്റെ നവീകരണ സംബന്ധമായ പരിശീലനം നേടി അതു സംഘാംഗങ്ങള്‍ക്ക് പഠിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം കൂടി വഹിച്ചതിനാല്‍, സെക്രട്ടറി ശങ്കരന്‍ മാസ്റ്ററായി.

തന്നേക്കാള്‍ വളരെ മുതിര്‍ന്ന പ്രായക്കാരനായ മാസ്റ്റര്‍ക്ക് സംഘത്തിന്റെ പ്രചാരകനായിത്തീരാന്‍ പ്രേരണയായതും രാമചന്ദ്രന്റെ ജീവിതം തന്നെയായിരുന്നു. സ്വന്തം സമൂഹത്തില്‍ ആദരണീയസ്ഥാനവും സഹകരണ സംഘത്തില്‍ പദവിയും ഉണ്ടായിരുന്നത് പരിത്യജിച്ച് 'സ്വദേശോ ഭുവനത്രയ'മെന്ന മട്ടില്‍ പ്രചാരകനായി ഇറങ്ങിത്തിരിച്ച ചേതോവികാരം സംഘത്തില്‍ അസാധാരണമല്ലതാനും.

ആയിടെ വിഭാഗ് പ്രചാരകന്‍(പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ റവന്യൂ ജില്ലകള്‍ ഉള്‍പ്പെട്ടത്)ആയിരുന്ന മാധവജിയും കേരള സംഭാഗ് പ്രചാരകനായിരുന്ന ഭാസ്‌കര്‍ റാവുജിയും തമ്മില്‍ പുതിയതായി വന്ന പ്രചാരകന്മാരെക്കുറിച്ചു നടന്ന സംഭാഷണത്തിന് ഞാന്‍ സാക്ഷിയായിരുന്നു. വിഷയം ശങ്കരന്‍ മാസ്റ്ററെക്കുറിച്ചായി. അദ്ദേഹത്തിന്റെ പാകതയും ജനങ്ങളെ സമീപിക്കുന്നതിലെ ഔചിത്യവുമൊക്കെ അവര്‍ പരാമര്‍ശിച്ചു. കൂടെ ഒരഭിനന്ദനവും. ''രാമചന്ദ്രന്‍ കുഡ് സ്‌പോട്ട് ഹിം ഔട്ട്'' എന്നതാണ് ശ്രദ്ധേയം എന്ന് മാധവജി പറഞ്ഞതിനെ ഭാസ്‌കര്‍ റാവുജി തികച്ചും ശരിവച്ചു.

സംഘശിക്ഷാവര്‍ഗുകളില്‍ ശാരീരിക കാര്യക്രമങ്ങള്‍ അഭ്യസിക്കുമ്പോള്‍, പ്രായസഹജമായ വഴക്കമില്ലായ്മ പ്രശ്‌നമായിരുന്നെങ്കിലും, അതിനെ അതിക്രമിക്കാന്‍ മാസ്റ്റര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. 1967-ല്‍ എനിക്ക് ജനസംഘ ചുമതല നല്‍കപ്പെട്ടശേഷം പലപ്പോഴും അദ്ദേഹത്തോടൊപ്പം പയ്യന്നൂര്‍ കാര്യാലയത്തില്‍ താമസിക്കാനവസരമുണ്ടായി. പിന്നീടദ്ദേഹം വയനാട്ടില്‍ പ്രചാരകനായി, സംഘചുമതലയും കുറെക്കഴിഞ്ഞ് വനവാസി വികാസ കേന്ദ്രം പ്രവര്‍ത്തനവും നടത്തിയിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് 'കുരുക്ഷേത്ര'യും മറ്റു പ്രസിദ്ധീകരണങ്ങളും നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ആളായിട്ടാണ് പലരും മാസ്റ്ററെ ഓര്‍ക്കുന്നത്. നടന്നായിരുന്നുവത്രേ മാസ്റ്ററുടെ യാത്രകള്‍ മിക്കവയും. അത്യാവശ്യ ഘട്ടത്തില്‍ മാത്രം വാഹനമുപയോഗിക്കും. വയനാട്ടുകാരുടെ ഹൃദയാംഗത്വം പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ നിര്‍വാണ വിവരം അറിഞ്ഞ് എത്രയോപേര്‍ അന്തിമോപചാരം നല്‍കാന്‍ എത്തിയിരുന്നുവത്രെ. ആ ജീവിതം പുതുതലമുറ സ്വയംസേവകര്‍ക്ക് പ്രേരണയാകുമെന്നു വിചാരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.