സിമെയുടെ നേടുവീര്‍പ്പുകള്‍

Sunday 9 September 2018 3:03 am IST

ബെറിക് എന്ന യുവാവിന് മുഖമില്ല. മുഖത്തിന്റെ സ്ഥാനത്തുള്ളത് വികൃതമായ ഒരു മാംസപിണ്ഡം. രണ്ടു വയസ്സുകാരനായ ആദിലിന് കണ്ണ് കാണില്ല. കൂട്ടിന് സെറിബ്രല്‍ തളര്‍വാതവും. ഷസൂറിന്റെ പ്രശ്‌നം വളഞ്ഞ് തിരിഞ്ഞുപോയ നട്ടെല്ലാണ്. പരസഹായമില്ലാതെ ഒരിഞ്ച് സഞ്ചരിക്കാനാവില്ല. മുഖം നഷ്ടപ്പെട്ട ബെറിക്കിനും കണ്ണുകള്‍ നഷ്ടമായ ആദിലിനും നട്ടെല്ല് തകര്‍ന്ന ഷസൂറിനുമൊക്കെ പൊതുവായുള്ള കാര്യം ഇതാണ്-അവരെല്ലാം കസാക്കിസ്ഥാനിലെ സെമി പാലസ്റ്റിന്‍കില്‍ ജനിച്ചവരാണ്. അവരുടെ അച്ഛനപ്പൂപ്പന്മാര്‍ സെമി പാലസ്റ്റിന്‍കിലെ ആണവ പരീക്ഷണങ്ങള്‍ക്ക് സാക്ഷിയായവരാണ്.

ഈ നാട്ടുകാരുടെ ദുരിതജീവിതം തുടങ്ങിയത് മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ലോകം ചേരിയായി തിരിഞ്ഞ് ശീതസമരവും ആണവപരീക്ഷണങ്ങളും കൊണ്ടുപിടിച്ച് നടത്തിയ കാലത്ത്. അമേരിക്കയെ നിലയ്ക്കുനിര്‍ത്താന്‍ സോവിയറ്റ് യൂണിയന് ആറ്റം ബോംബുകള്‍ വേണം. അതുണ്ടാക്കി പരീക്ഷിച്ചറിയാന്‍ പറ്റിയ സ്ഥലം വേണം. ആ അന്വേഷണമാണ് പ്രാചീനബുദ്ധമതത്തിന്റെ അവശിഷ്ടങ്ങള്‍ പേറുന്ന സെമി പാലസ്റ്റിന്‍കില്‍ സോവിയറ്റ് സൈന്യത്തെ എത്തിച്ചത്. ജനസംഖ്യ കുറഞ്ഞ ഭാഗങ്ങള്‍ വളച്ചെടുത്ത് കിലോമീറ്ററുകള്‍ വിസ്താരമുള്ള ആണവപരീക്ഷണ മേഖല അവര്‍ സൃഷ്ടിച്ചു.

അവിടെ ആദ്യ അണുബോംബ് പൊട്ടിയത് 1949 ആഗസ്റ്റ് 19 ന്. കൃത്യമായി പറഞ്ഞാല്‍ 22 കിലോ ടണ്‍ വരുന്ന ഒരു ബോംബ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നഗരമാകെ നടുങ്ങി. കാരണം തിരക്കിയിറങ്ങിയ ജനങ്ങള്‍ക്ക് കാണാനായത് അങ്ങകലെ കൂറ്റന്‍ കൂണിന്റെ ആകൃതിയില്‍ ആകാശത്തേക്കുയരുന്ന പുകച്ചുരുള്‍ മാത്രം. പിന്നെ അരനൂറ്റാണ്ടോളം അവിടെ സ്‌ഫോടനത്തിന്റെ വസന്തകാലമായിരുന്നു. സെമിപാലറ്റിന്‍സ്‌കില്‍ 1989 വരെ പൊട്ടിയത് 456 അണുബോംബുകള്‍. അതില്‍ 340 എണ്ണം പൊട്ടിയത് ഭൂമിക്കടിയിലെ തുരങ്കത്തില്‍ വച്ച്. ഹിരോഷിമയില്‍ അമേരിക്ക പൊട്ടിച്ച അണുബോംബിന്റെ 2500 ഇരട്ടി പ്രഹരശേഷിയായിരുന്നു ഇവയ്‌ക്കെല്ലാം കൂടി ഉണ്ടായിരുന്നതത്രെ.

നാളുകള്‍ കടന്നുപോയതോടെ നഗരവാസികള്‍ രോഗപീഡകള്‍കൊണ്ട് വല്ലാതെ വലഞ്ഞു. തൈറോയിഡ് ക്യാന്‍സര്‍ നഗരത്തില്‍ വ്യാപകമായി. ജനിതക തകരാര്‍ ബാധിച്ച കുട്ടികളുടെ ജനനം നിത്യസംഭവമായി. നഗരത്തിലെ വായുവും വെള്ളവും മാത്രമല്ല, മണ്ണും മലിനമായി. തുടര്‍ച്ചയായി ബോംബ് പൊട്ടിയ ഭാഗത്ത് മണ്ണ് കുഴിഞ്ഞ് അവിടെ ഒരു വന്‍ തടാകം തന്നെ രൂപമെടുത്തു. നഗരത്തിലെ ജനസംഖ്യയില്‍ പകുതിയും അറുപത് വയസ്സ് കടക്കുന്നില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. കസാക്കിസ്ഥാനിലെ ദേശീയ ശരാശരി ആയുസ്സ് 67 ആണെങ്കില്‍  സെമിപാലറ്റിന്‍സ്‌കില്‍ അത്  60 മാത്രം. ദേശീയ ശരാശരിയെക്കാള്‍ ഏഴ് വര്‍ഷം കുറവ്.

മാരകരോഗങ്ങളാല്‍ പൊറുതിമുട്ടുമ്പോഴും ആളുകള്‍ക്ക് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം  സോവിയറ്റ് യൂണിയന്‍ നല്‍കിയിരുന്നില്ല. ആ പാവങ്ങളുടെ കഷ്ടതകള്‍ ലോകം അറിഞ്ഞതുമില്ല. ഒടുവില്‍ ഏകാധിപത്യത്തിന്റെ ഭാരത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് തരിപ്പണമായി. കസാക്കിസ്ഥാന്‍ എന്നൊരു രാജ്യം രൂപമെടുത്തു. സ്വാതന്ത്ര്യം നേടിയ ആ രാജ്യത്തെ സര്‍ക്കാര്‍ ആദ്യമായി ചെയ്ത മഹാകാര്യം ഇതായിരുന്നു. സെമി പാലസ്റ്റിന്‍കിലെ ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടി. 1991 ആഗസ്റ്റ് 29 ന് ആയിരുന്നു ആ ചരിത്ര സംഭവം. തുടര്‍ന്ന് ശുദ്ധികലശം തുടങ്ങി. ആണവപരീക്ഷണ തുരങ്കങ്ങളെല്ലാം സ്‌ഫോടന വസ്തുക്കള്‍കൊണ്ട് തകര്‍ത്തു. ജനിതക രോഗം വന്ന പുതുതലമുറകള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നു. നഗരത്തിന്റെ പേരുതന്നെ മാറ്റി 'സീമെ' എന്നാക്കി. തൊട്ടടുത്ത പൊള്‍ക്കോവിച്ചി ദ്വീപില്‍ ആണവപരീക്ഷണ ഇരകള്‍ക്കായി ഒരു സ്മാരകം തന്നെ കെട്ടി ഉയര്‍ത്തി. 'മരണത്തെക്കാളും കരുത്ത്' എന്നതിന് പേരും നല്‍കി.

ആണവപരീക്ഷണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ കസാക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുത്തു. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. 2009 ഡിസംബര്‍ രണ്ടിന് 64/35-ാം നമ്പറായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഒരു പ്രമേയം കൊണ്ടുവന്നു പാസ്സാക്കാനും അവര്‍ മുന്‍കയ്യെടുത്തു. 'സീമെ' നഗരത്തിലെ ആണവപരീക്ഷണ കേന്ദ്രം അടച്ചുപൂട്ടിയ ആഗസ്റ്റ് 29 ഇനി ആണവപരീക്ഷണങ്ങള്‍ക്കെതിരായുള്ള അന്തര്‍ദ്ദേശീയ ദിനമായി ആചരിക്കാന്‍ അന്ന് ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തു. ആണവപരീക്ഷണങ്ങള്‍ക്കെതിരായുള്ള ഈ അന്തര്‍ദ്ദേശീയ ദിനം 'സീമെ' നഗരത്തിലെ പഴയ പരീക്ഷണകേന്ദ്രത്തിലും ഇന്ന് ആചരിക്കുന്നു.

ലോകത്ത് ഇന്ന് 16400 ആണവ പോര്‍മുനകള്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ മുന്‍കയ്യെടുത്ത് കൊണ്ടുവന്ന സമഗ്ര ആണവ നിര്‍വ്യാപന കരാര്‍ (സിടിബിടി) ഇതുവരെയും നടപ്പായിട്ടില്ല. ആണവപരീക്ഷണങ്ങളുടെ ദോഷഫലങ്ങള്‍ മൂലം നരകതുല്യമായ ജീവിതം നയിക്കുന്ന ആയിരങ്ങള്‍, ഇന്നും നമ്മെ ആണവ അപകടങ്ങളെ ഓര്‍മിപ്പിക്കുന്നു- ബെറിക്കും ആദിലും ഷസൂറുമൊക്കെ. ഈ ദിനം അവരെ ഓര്‍മിക്കാനുള്ളതാണ്.

വാല്‍ക്കഷണം: ഇക്കഴിഞ്ഞ ആഗസ്റ്റ് 29-ന് ലോകം  ആ ദിവസം ആചരിച്ചു, നിങ്ങളോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.