വേണം നമുക്ക് നമ്മുടെ മാതൃക

Sunday 9 September 2018 2:30 am IST
മാറിനിന്ന് സ്വന്തം വഴികള്‍ കണ്ടെത്താനുള്ള തന്റേടം നമുക്കുണ്ടാകണം. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍, വാദവിവാദങ്ങൡ ബുദ്ധിതെൡയുകയും പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്യുമെന്നുമുള്ള ഭാരതീയ സങ്കല്‍പം ശ്രദ്ധേയമാണ്. 'ഗുരോസ്തു മൗനം വ്യാഖ്യാനം, ശിഷ്യസ്തുച്ഛിന്ന സംശയഃ' എന്നതും ഭാരതീയ സങ്കല്‍പമാണ്. പ്രശ്‌നങ്ങളെ നേരിടാന്‍ നാം തയ്യാറാകണം. സാധനയും മനനവുംകൊണ്ട് സംശയം തീര്‍ന്നവരുടെ ഉത്തമമാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയണം. 'മേക്ക് ഇന്‍ ഇന്ത്യ' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ നമുക്ക് നമ്മുടേതായ മാതൃക സൃഷ്ടിക്കാന്‍ കഴിയണം.

എം.എ. സാറിന്റെ 'നവതി'ആഘോഷമാക്കാന്‍ ബന്ധപ്പെട്ടവര്‍ ഒത്തുകൂടിയിരിക്കുന്നു. 10 വര്‍ഷംകൂടി കഴിയുമ്പോള്‍ ശതാബ്ദിയാകും. അന്ന് എം.എ. സാര്‍' ഉണ്ടായില്ലെന്നുവരാം. അപ്പോള്‍ ബാലഗോകുലത്തിന്റെ മികച്ച നേതൃത്വം, കേരളീയ സമൂഹത്തെ നയിക്കാനുണ്ടാകും.

ഒരുകാലത്ത് ലോകമെങ്ങും കമ്യൂണിസം വളര്‍ത്താന്‍, റഷ്യയില്‍ നിന്ന് സ്റ്റാലിനും ലെനിനും ആഹ്വാനം ചെയ്തപ്പോള്‍, അവരുടെ പ്രത്യയശാസ്ത്രം കേട്ടുപഠിച്ചവരാണ് ഇന്ന് കേരളരാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. അവരാണ് ഇന്ന്, ശ്രീകൃഷ്ണജയന്തിയും രാമായണമാസവും നടപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്നത്. വഴിതെറ്റിപ്പോയതിന്റെ പ്രായശ്ചിത്തം എന്നേ പറയേണ്ടൂ. അവരെ നമുക്ക് സസ്‌നേഹം സ്വീകരിക്കാം. അനുമോദിക്കേണ്ടത് രാമായണ മാസം നടപ്പാക്കിയ പരമേശ്വര്‍ജിയെയാണ്.

ഇക്കാലത്തെ ചാനല്‍ ചര്‍ച്ച നമ്മെ എവിടെയും എത്തിക്കുകയില്ല. കേരളത്തിലെ യുവതലമുറയെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്‌സിയന്‍ തന്ത്രമാണത്. മാറിനിന്ന് സ്വന്തം വഴികള്‍ കണ്ടെത്താനുള്ള തന്റേടം നമുക്കുണ്ടാകണം. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍, വാദവിവാദങ്ങൡ ബുദ്ധിതെൡയുകയും പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്യുമെന്നുമുള്ള ഭാരതീയ സങ്കല്‍പം ശ്രദ്ധേയമാണ്. 'ഗുരോസ്തു മൗനം വ്യാഖ്യാനം, ശിഷ്യസ്തുച്ഛിന്ന സംശയഃ' എന്നതും ഭാരതീയ സങ്കല്‍പമാണ്. പ്രശ്‌നങ്ങളെ നേരിടാന്‍ നാം തയ്യാറാകണം. സാധനയും മനനവുംകൊണ്ട് സംശയം തീര്‍ന്നവരുടെ ഉത്തമമാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയണം. 'മേക്ക് ഇന്‍ ഇന്ത്യ' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ നമുക്ക് നമ്മുടേതായ മാതൃക സൃഷ്ടിക്കാന്‍ കഴിയണം. ബാലഗോകുലത്തിന്റെ സംസ്ഥാന നേതാക്കള്‍ വാര്‍ഷിക വിചാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ അവര്‍ ചിന്തിക്കട്ടെ. പ്രസക്തി നഷ്ടപ്പെട്ട ഇന്നലത്തെ പ്രത്യയശാസ്ത്രങ്ങള്‍ പൊക്കിയെടുത്തു കൊണ്ടുവരുമ്പോള്‍ അവ തിരസ്‌ക്കരിക്കാനും പുതിയ മാതൃകകള്‍ ഉയര്‍ത്തിക്കാണിക്കാനും കഴിയണം.

നാല്‍പ്പത്തിമൂന്ന് വര്‍ഷം മുമ്പു ബാലഗോകുലം തുടങ്ങിയത് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം നമ്മുടെ കുട്ടികളെ വഴിതെറ്റിക്കുമെന്നു ഭയന്നതുകൊണ്ടാണ്. നമ്മുടേതായ വഴികണ്ടെത്തുമെന്നു പറഞ്ഞ് ബാലഗോകുലം മുന്നിട്ടിറങ്ങിയപ്പോള്‍, സഹായിക്കാന്‍ കുഞ്ഞുണ്ണിമാസ്റ്ററും മാലിയും സുഗതകുമാരിയുമെല്ലാം തയ്യാറായിവന്നു. ആ ബാലഗോകുലം സൃഷ്ടിച്ച മാതൃകകള്‍ എന്തൊക്കെയെന്ന് ഈ സമ്മേളനം ചിന്തിക്കട്ടെ. കേന്ദ്രത്തില്‍ മോദിഭരണം വന്നു. അവര്‍ വിദ്യാഭ്യാസനയം മാറ്റിയെഴുതാന്‍ പോകുന്നു, പരീക്ഷാസമ്പ്രദായം മാറ്റാന്‍ പോകുന്നു. മോദി വരുമെന്നു പറഞ്ഞ് ഭയപ്പെടുത്തുന്ന കൂട്ടര്‍ കേരളത്തിലുണ്ട്. 

നാടും വീടും മറന്ന വിദ്യാഭ്യാസത്തിനെതിരെ ബാലഗോകുലം കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടവസാനിച്ചില്ല, പുതിയ വിചാരസഭകള്‍ വിളിച്ചുചേര്‍ക്കേണ്ടതുണ്ട്. പുതിയത് കണ്ടെത്തേണ്ടതുണ്ട്. പുതിയതൊന്നുമില്ലാതെ പണ്ടത്തേത് മാത്രമേയുള്ളൂവെന്ന് പറയുന്നവരല്ല ബാലഗോകുലക്കാര്‍. രാമായണവും ഭാരതവും വായിക്കുന്നതും പഠിക്കുന്നതും അതില്‍നിന്ന് പാഠം പഠിച്ചു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ്. ഇന്ന് മാര്‍ക്‌സിസ്റ്റുകള്‍ പുരാണങ്ങളിലേക്കുവരുന്നത്, കുരുക്ഷേത്രയുദ്ധത്തില്‍നിന്ന് വല്ലതും കണ്ടെത്താനാണ്. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് ഗാന്ധാരി യുദ്ധക്കളത്തില്‍ കരഞ്ഞുകൊണ്ട്, അലഞ്ഞുനടന്ന്, നീ 'എന്റെ കുട്ടികളെ കൊല്ലിച്ചു'വെന്നു പറഞ്ഞു ശ്രീകൃഷ്ണനുനേരെ അടുത്തപ്പോള്‍ ചിരിച്ചുകൊണ്ടുനിന്ന കൃഷ്ണനെ ഓര്‍ക്കുക. വാളെടുത്തവന്‍ വാളാല്‍ മരിക്കും. എന്നിട്ടു വിലപിച്ചിട്ടുകാര്യമില്ല എന്ന് കൃഷ്ണനറിയാം. 

വെറും കുടുംബകലഹമാണ് കുരുക്ഷേത്രയുദ്ധത്തിലവസാനിച്ചത്. ചാടിപ്പുറപ്പെടുമ്പോള്‍, വാളുമെടുത്ത് യുദ്ധത്തിനെത്തിയില്ലെങ്കില്‍ അപമാനമാണെന്നു ധരിച്ചവര്‍ക്കു തെറ്റുപറ്റി. എന്റേത് സംഹാരമല്ല, സൃഷ്ടിയാണെന്ന് ഉറക്കെപ്പറയാന്‍ തയ്യാറാകണം. ഇന്ന് ലോകകമ്യൂണിസത്തിന് പ്രസക്തിയില്ല, ഇന്നലെ റഷ്യയില്‍ നിന്നുകേട്ടത് പഠിച്ച് പടയ്ക്കിറങ്ങിയവരാണ്, കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. ഇന്നലത്തെ റഷ്യയല്ല, ഇന്നത്തെ റഷ്യ. യുവലോകം റഷ്യന്‍ ഫുട്‌ബോള്‍ കോര്‍ട്ടില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നു. ലോകയുവശക്തി അവിടെ കാഹളം മുഴക്കുന്നു. ഇവിടെ വിദ്യാലയങ്ങളില്‍ കാലംചെന്ന മാര്‍ക്‌സിസം പഠിച്ച് പടയ്ക്കിറങ്ങുന്ന എസ്എഫ്‌ഐ യുവാക്കള്‍ക്ക് എന്തുണ്ട് മാതൃകകാണിക്കാന്‍. പാവം അഭിമന്യൂ. ആ കുട്ടിയുടെ ചിരിച്ചുനില്‍ക്കുന്ന മുഖം കാണുമ്പോള്‍ നമുക്ക് ദുഃഖവും സഹതാപവും തോന്നുന്നില്ലേ. 

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നുപറഞ്ഞ് ഒരുകാലത്ത് രംഗത്തിറങ്ങിയ ദുഷ്ടശക്തികള്‍ വീണ്ടും തലപൊക്കുന്നു എന്ന് കേരളം മനസ്സിലാക്കണം. മാര്‍ക്‌സിസ്റ്റുകള്‍ മനസ്സിലാക്കണം, ആര്‍എസ്എസ് വിരോധംകൊണ്ട് ഒന്നും നേടാനാവില്ലെന്ന്. ഇന്നലത്തെ മാര്‍ക്‌സും മൗസൂദിയും അല്ല നമ്മുടെ മാതൃക. ഇന്നലത്തെ മഹര്‍ഷിയാണ് നമ്മളുടെ പ്രചോദനം. യുദ്ധരംഗത്ത് ചിരിച്ചുകൊണ്ടുനിന്ന കൃഷ്ണന്‍ ജനഹൃദയങ്ങള്‍ കവര്‍ന്നെടുത്തു. ബാലഗോകുലവും അതുതന്നെ പറയുന്നു. സംഘര്‍ഷമല്ല, സൗഹൃദമാണ് നമുക്കുവേണ്ടത്. പുതുതലമുറയെ നമുക്കുവേണം, പുതിയ മാര്‍ഗങ്ങള്‍ നമുക്കുവേണം. യുവനേതൃത്വം ബാലഗോകുലത്തിനുണ്ടാകണം. പുതിയ തലമുറയ്ക്ക് പുതിയ നേതൃത്വം കൊടുക്കാന്‍ പുതിയൊരു കര്‍മമമാര്‍ഗ്ഗം നമുക്കും തുറക്കാം. കേരളീയ യുവത്വത്തിന് പുതിയ നേതൃത്വം കൊടുക്കാന്‍ ബാലഗോകുലത്തിനു കഴിയണം.

എന്താണ് ബാലഗോകുലത്തിന്റെ മുന്നേറ്റം എന്നു ചോദിച്ചേക്കാം. കേരളത്തില്‍ കൊച്ചുകുട്ടികള്‍ക്കുവേണ്ടി ഗോകുലം യൂണിറ്റ് തുടങ്ങിയപ്പോള്‍ കുട്ടികള്‍ക്കു പ്രചോദനമേകാന്‍, ഒരു ഉണ്ണിക്കണ്ണന്റെ ചിത്രംവച്ചു മാലചാര്‍ത്തി പ്രാര്‍ത്ഥനയോടെ ഗോകുലം ക്ലാസ്സുകള്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ നാട്ടിലുടനീളം ഗോകുലം ക്ലാസ്സുകള്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകൃഷ്ണജയന്തി വന്നു. ഗോകുലബാലന്മാര്‍ വര്‍ണ്ണാഭമായ ശോഭായാത്രയുമായി തെരുവിലിറങ്ങി. നമ്മുടെ രക്ഷകര്‍ത്താക്കള്‍ക്ക് അത് പ്രചോദനമായി. ബാലഗോകുലത്തിന് പിന്തുണയുമായി അവരും ശോഭായാത്രയിലണിനിരന്നു. ആബാലവൃദ്ധം ജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിച്ചു. അതുകൊണ്ടാണ് വൈവിധ്യമാര്‍ന്ന പരിപാടികളുമായി ബാലഗോകുലം മുന്നേറിയത്. 

ശോഭായാത്രയ്ക്കുപുറമെ കലായാത്രകളും വിചാരസഭകളും നവഭാരതസംരംഭങ്ങളും എല്ലാമായി ബാലഗോകുലം മുന്നേറിക്കൊണ്ടിരിക്കുന്നു. 43 വര്‍ഷം പിന്നിട്ടിരിക്കുന്നു. അര്‍ദ്ധശതാബ്ദിക്ക് ഇനി ഏഴുവര്‍ഷം മാത്രം. അപ്പോഴേയ്ക്ക് 5000 ഗോകുലം യൂണിറ്റുമായി അഖിലഭാരതീയമായി നമുക്കു മുന്നേറണം. കേരളീയനവപ്രഭയ്ക്ക് ഒരു നവകേരളം പണിയാന്‍ കഴിയണം. മദ്യപാനംകൊണ്ട് പണമുണ്ടാക്കി ഭരണം നിലനിര്‍ത്തുന്ന നയം ശരിയല്ല. മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് കേരളത്തിലാണ്. വിദേശത്തുപോയി പണിയെടുത്ത് പണമുണ്ടാക്കുന്ന കേരളീയന്‍ മദ്യത്തിനും മയക്കുമരുന്നിനും ആര്‍ഭാടത്തിനുമായി ധൂര്‍ത്തടിക്കുമ്പോള്‍ അവനു നേട്ടമെന്താണ്, സമ്പാദ്യമെന്താണ് എന്നു ചോദിച്ചാല്‍ മറുപടിയില്ല. മലയാളി കുടുംബാസൂത്രണം മുറുകെപ്പിടിച്ചതെന്തിനാണ്? കൂടുതല്‍ സുഖിക്കാന്‍. ഉള്ള പണംകൊണ്ട് ഓണം ആഘോഷിക്കാന്‍, അപ്പോള്‍ അവനു കുടുംബബലം കുറഞ്ഞു, ബന്ധുബലമില്ലാതായി.

ഹിന്ദുവിന്റെ ജനസംഖ്യ കുറഞ്ഞു. ആരാണ് ഈ സാമൂഹ്യവിപത്തിനെക്കുറിച്ച് ഉറക്കെപ്പറയുന്നത്. ഹിന്ദുവിന്റെ ജനസംഖ്യ കുറഞ്ഞെങ്കില്‍ ജനസ്വാധീനവും കുറഞ്ഞുവെന്നു ധരിക്കാം. ആളുകള്‍ കൂടുതലുണ്ടെങ്കില്‍ ചെലവുവര്‍ദ്ധിക്കുമെന്ന ചിന്താഗതി തെറ്റാണ്. ആളുകള്‍ കൂടിയാല്‍ പണിയും കൂടും; പണവും കൂടും. മലയാളി എത്തിച്ചേരാത്ത പ്രദേശമില്ല. ഇന്ന് ബാലഗോകുലം കേരളത്തില്‍ മാത്രമേ ഉള്ളൂവെന്നു നമ്മള്‍ വിശ്വസിക്കുമ്പോള്‍, ബാലഗോകുലം എത്തിച്ചേരാത്ത രാഷ്ട്രമില്ല. ആഫ്രിക്കന്‍ നാടുകളിലും അമേരിക്കയിലുമെല്ലാം മലയാളി എത്തിയിട്ടുണ്ടെങ്കില്‍ അവിടെ ബാലഗോകുലവുമുണ്ട്. കേരളത്തില്‍ ബാലഗോകുലം വളര്‍ന്നത് സംഘടനാബലംകൊണ്ടു മാത്രമല്ല, ജനസ്വാധീനം കൊണ്ടുകൂടിയാണ്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തകരായി ഇന്നറിയപ്പെടുന്നവര്‍ നാളെ മറ്റെവിടെയെങ്കിലുമായിരിക്കും. അവിടെ ബാലഗോകുലമില്ലെങ്കില്‍, അവന്റെ കഴിവിനനുസരിച്ച് ഒരു ചെറിയ ബാലഗോകുലമുണ്ടാക്കും. ആഴ്ചതോറും കുട്ടികളും കുടുംബവും ഒരുമിച്ചു കൂടണം. ആഴ്ചയിലൊരവധിയുണ്ടെങ്കില്‍, ആഴ്ചയില്‍ ഒരു ബാലഗോകുലവുമുണ്ടാകണം. അതെവിടെയാണെങ്കിലും. ഇല്ലെങ്കില്‍ ഉണ്ടാക്കും. ഇത് മലയാളിയുടെ ഒരു ലഹരിയാണ്. 

ഈ ലഹരികൊണ്ട് ബാലഗോകുലം വളര്‍ന്നപ്പോഴാണ് കേരളത്തില്‍ ഒരു അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. ചെറിയ ഒരു സ്ഥാപനമാണെങ്കില്‍ അതിന് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രമെന്നു പേരിടണമോ? ബാലഗോകുലം ഒരു അന്താരാഷ്ട്ര ബാലപ്രസ്ഥാനമാണെന്ന വിശ്വാസത്തിന്റെ ബലത്തിലാണ് അങ്ങനെ ഒന്നു നിശ്ചയിച്ചത്. ഒരു നൂറേക്കര്‍ വരുന്ന ഗ്രാമം തന്നെ അതിനുവേണം. അതൊരു മാതൃകാഗോകുലഗ്രാമമായിരിക്കണം. ലോകത്തെങ്ങുമുള്ള ബാലികാബാലന്മാര്‍ക്ക് അവരുടെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം, അവിടെവന്ന് ശ്രീകൃഷ്ണകേന്ദ്രം സന്ദര്‍ശിക്കാനും പഠിക്കാനും രസിക്കാനുമുള്ളതെല്ലാം അവിടെയുണ്ടാകും. അതിനുവേണ്ടിയുള്ള ധനശേഖരണവും ജനശക്തിസഹകരണവും നടന്നുവരുന്നു. ലോകത്തെങ്ങുമുള്ള കൃഷ്ണഭക്തന്മാരുടെയും ബാലന്മാരോടു സ്‌നേഹമുള്ളവരുടെയും പങ്കാളിത്തം വേണം. അവരുടെ സമ്പാദ്യവും വേണം. അങ്ങനെ ലോകമെങ്ങുമുള്ള സംസ്‌കാര പ്രതിപത്തിയുള്ളവരുടെ മെമ്പര്‍ഷിപ്പുള്ള ഒരു മഹാപ്രസ്ഥാനമാണ് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം. ഇതെല്ലാം എം.എ. കൃഷ്ണന്റെ നവതി ചിന്തകളാണ്. നവപ്രഭയും നവോന്മേഷവും നമുക്കു ലഭിക്കുമ്പോള്‍ നവതിയാഘോഷം സഫലമാകും.

(കോഴിക്കോട്ട് നവതിയാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയ്ത മറുപടി പ്രസംഗം)

എം.എ. കൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.