വാജ്പേയി വന്നപ്പോൾ

Sunday 9 September 2018 2:31 am IST
"അടല്‍ ബിഹാരി വാജ്‌പേയി തൃശൂരില്‍ വന്നപ്പോള്‍. കെ.വി.ശ്രീധരന്‍മാസ്റ്റര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പ്രൊഫ.ടി.പി സുധാകരന്‍ എന്നിവര്‍ സമീപം"

1982-84 കാലം. അടല്‍ബിഹാരി വാജ്‌പേയി അന്ന് മദ്ധ്യപ്രദേശില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം മാത്രം. ഭാരതീയ ജനസംഘം ജനതാപാര്‍ട്ടിയുടെ ഭാഗമാകുമ്പോഴും, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച് കേന്ദ്രത്തില്‍ ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴും നേതൃത്വം നല്‍കിയത് യഥാര്‍ത്ഥത്തില്‍ വാജ്‌പേയിയുടെ വ്യക്തിപ്രഭാവമായിരുന്നു. സോഷ്യലിസ്റ്റുകള്‍ മുതല്‍ കമ്മ്യൂണിസ്റ്റുകള്‍ വരെയുള്ള ആശയക്കാരെ ഒരു മേശയ്ക്കു ചുറ്റും കൊണ്ടുവരിക മാത്രമാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി ജനതാപാര്‍ട്ടി രൂപീകരണത്തിന് വഴിതെളിച്ച ജെപി എന്ന ജയപ്രകാശ് നാരായണന്‍ ചെയ്തത്.

ജനതാ പരീക്ഷണം ശിഥിലമായി ബിജെപി രൂപംകൊണ്ടത് 1980-കളിലാണ്. 1999-2004 കാലത്ത് ബിജെപിയുടെ നേതാവായ വാജ്‌പേയി കാലാവധി പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസ്സുകാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയുമാണ്. കേരള പര്യടനത്തിന്റെ ഭാഗമായാണ് വാജ്‌പേയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയത്. കൂടെ ഒരു സഹായി മാത്രം. അക്കാലത്ത് ട്രെയിനില്‍ എസിയില്ല. സ്വീകരിക്കാന്‍ ഉണ്ടായിരുന്നത് തൃശൂരിലെ ഏതാനും പാര്‍ട്ടി ഭാരവാഹികള്‍. വാജ്‌പേയി സഞ്ചരിച്ചത് ഒരു മാരുതി 800 കാറില്‍. അക്കാലത്ത് മാരുതി അപൂര്‍വ്വ കാറായിരുന്നു. തൃശൂരിലെ ഒരു സ്വകാര്യ വ്യക്തി നേരത്തെ ബുക്ക് ചെയ്ത് വാങ്ങിയ വണ്ടി കൊണ്ടുവന്നിരുന്നു. എന്നാല്‍ വേറൊരാള്‍ ഡ്രൈവ് ചെയ്യുന്നത് അയാള്‍ ഇഷ്ടപ്പെട്ടില്ല. കഷ്ടി 40 കിലോമീറ്റര്‍ വേഗതയില്‍ ഈ കാറിന് കോഴിക്കോട് വരെ പോകണം. പിന്നില്‍ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ജി. മാരാര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍. 

അക്കാലത്ത് യുവജനവിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനായ ഈ ലേഖകനും ഒരു പഴയ അംബാസഡര്‍ കാറില്‍. വാജ്‌പേയിക്ക്  അന്ന് പോലീസ് എസ്‌കോര്‍ട്ട് ഇല്ല. തൃശൂരില്‍ തന്നെ പല സ്വീകരണങ്ങളില്‍ പങ്കെടുത്ത് ജില്ലാ അതിര്‍ത്തി പിന്നിട്ടപ്പോള്‍ സന്ധ്യയായി. പട്ടാമ്പി എത്തുമ്പോഴേക്കും കോഴിക്കോട്ടു നിന്ന് പി.എസ്. ശ്രീധരന്‍പിള്ളയും കുറച്ച് പാര്‍ട്ടി നേതാക്കളും ഏതാനും അംബാസഡര്‍ കാറുകളില്‍ വന്നത് രക്ഷയായി. മാരുതിക്കാരനേയും ഞങ്ങളേയും ഒഴിവാക്കി. അതൊരു ആശ്വാസമായി അന്ന് തോന്നി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.